'പ്രണയം പറഞ്ഞപ്പോൾ അച്ഛൻ മിണ്ടാതെയായി, ആദ്യം കിട്ടിയ പ്രതിഫലവുമായി വെട്രിമാരൻ എന്റെ അടുത്തേക്കാണ് വന്നത്'
കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലുകൾ തന്നെയാണ് വെട്രിമാരൻ സിനിമകൾ. വെട്രിമാരനോളം മനോഹരമായി സിനിമയിലൂടെ രാഷ്ട്രീയം പറയുന്ന സംവിധായകർ വിരളമാണ്. സിനിമ എന്നത് വെറും സിനിമ മാത്രമാണെന്ന കാഴ്ചപ്പാടുകൾ തകർക്കാൻ കെൽപ്പുള്ളവ തന്നെയാണ് വെട്രിമാരൻ സിനിമകൾ. അതുകൊണ്ട് തന്നെ വെട്രിമാരൻ ചിത്രങ്ങൾക്ക് പകരം വെയ്ക്കാനാവാത്ത സ്ഥാനം എന്നും തമിഴ് സിനിമാലോകത്തുണ്ട്. നാൽപ്പത്തിയെട്ടുകാരനായ വെട്രിമാരൻ ഇന്ത്യൻ സിനിമയിൽ ഒരു സ്ഥാനമുണ്ടാക്കിയെടുത്തത് ചുരങ്ങിയ കാലയളവിലാണ്.
സംവിധായകൻ സംസാരിക്കേണ്ടതില്ല തന്റെ സിനിമകൾ സംസാരിക്കണമെന്ന കാഴ്ചപ്പാടുള്ള സംവിധായകരിൽ ഒരാൾ കൂടിയാണ് വെട്രിമാരൻ. ഗൂഢല്ലൂരിൽ ജനിച്ച് വളർന്ന വെട്രിമാരൻ ചെറുപ്പം മുതൽ സിനിമയ്ക്ക് പിന്നാലെയാണ്. തന്റെ സ്വപ്നങ്ങളെയെല്ലാം പിന്തുണയ്ക്കുന്ന ഒരു പെൺകുട്ടിയെയാണ് ജീവിത പങ്കാളിയായി വെട്രിമാരന് ലഭിച്ചതും. ആരതിയാണ് വെട്രിമാരന്റെ ഭാര്യ.

വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇപ്പോൾ ഇരുവർക്കും ഒരു പെൺകുഞ്ഞുണ്ട്. കുടുംബത്തിന്റെ എതിർപ്പിനെ മറികടന്നാണ് ആരതി വെട്രിമാരനെ ജീവിത പങ്കാളിയാക്കിയത്. അടുത്തിടെ ഒരു അഭിമുഖത്തിൽ വെട്രിമാരന്റെ ഭാര്യ ആരതി തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തുറന്ന് പറഞ്ഞിരുന്നു.
സൗഹൃദം തുടങ്ങി കുറച്ച് നാളുകൾക്കുള്ളിൽ തന്നെ വെട്രിമാരനും ആരതിയും പ്രണയത്തിലായിരുന്നു. ആരതി വെട്രിമാരനോട് പ്രണയം വെളിപ്പെടുത്തിയപ്പോൾ കുറഞ്ഞത് പത്ത് വർഷമെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നാണ് വെട്രിമാരൻ മറുപടി പറഞ്ഞത്. പക്ഷെ ആരതി പിന്മാറാൻ തയ്യാറായിരുന്നില്ല. കാത്തിരുന്നു...
ആരതി കാത്തിരിക്കാൻ സമ്മതമാണെന്ന് അറിയിച്ചതിന് ശേഷവും എപ്പോഴെങ്കിലും മനസ് മാറിയാൽ മറ്റൊരാളെ വിവാഹം കഴിക്കാനുള്ള അനുവാദവും വെട്രിമാരൻ ആരതിക്ക് നൽകിയിരുന്നു. '1997ലാണ് സിനിമ എടുക്കാൻ പോവുകയാണെന്നും കാത്തിരിക്കേണ്ടി വരുമെന്നും വെട്രിമാരൻ പറഞ്ഞത്. അന്ന് ഒരു സിനിമ ചെയ്യാൻ ഇത്ര ബുദ്ധിമുട്ടുമെന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് സിനിമ എന്നാൽ രജിനിയുടെയും കമലിന്റെയും സിനിമകൾ മാത്രമെ അറിയൂ.'
'എനിക്ക് കമലിനെ വളരെ ഇഷ്ടമാണ്. സംവിധായകരെ പരിചയപ്പെടാനും അടുത്തറിയാനും തുടങ്ങിയ ശേഷമാണ് ഞാൻ സിനിമകൾ കാണാൻ തുടങ്ങിയത്. പക്ഷെ വെട്രിമാരനെയേ വിവാഹം കഴിക്കുവെന്ന കാര്യത്തിൽ ഞാൻ ഉറച്ചുനിന്നു. ഒരാൾക്ക് വേണ്ടി എട്ട് വർഷവും 10 വർഷവും കാത്തിരിക്കുന്നത് വലിയ കാര്യമല്ല.'

'പ്രണയത്തിലായിരുന്നപ്പോൾ ഇടയ്ക്ക് ഞങ്ങൾ കണ്ടുമുട്ടും. അതിനുശേഷം വെട്രിമാരൻ വീട്ടിലേക്ക് പോകും. എന്നെ സംബന്ധിച്ചിടത്തോളം ഒരാളുമായി ലിവിങ് റിലേഷനിൽ ആയിരിക്കുന്നതിനേക്കാൾ എളുപ്പമാണ് ഒരാൾക്കായി ദീർഘനാളുകൾ കാത്തിരിക്കുന്നത്. ഞങ്ങൾ ഒരുമിച്ചായിരിക്കുമ്പോൾ ഞങ്ങൾക്ക് ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. ഒരുമിച്ചിരിക്കുമ്പോൾ മാത്രമാണ് ഒരുപാട് പ്രശ്‌നങ്ങളും വഴക്കുകളും മറ്റും വരുന്നത്.'
'ജീവിതം നമ്മൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് എല്ലാം. അദ്ദേഹത്തിന് വേണ്ടി ഞാൻ കാത്തിരിക്കുന്ന സമയത്ത് എന്റെ വീട്ടിൽ കല്യാണ ആലോചനയുടെ ബഹളമായിരുന്നു. അന്ന് വീട്ടിൽ പ്രണയം പറയാനുള്ള ധൈര്യം ഇല്ലായിരുന്നു. എന്നാൽ ഞാൻ വെട്രിമാരനുമായി പ്രണയത്തിലാണെന്നും വിവാഹം കഴിച്ചാൽ അവനെ മാത്രമെ വിവാഹം കഴിക്കൂവെന്നും കത്ത് എഴുതി വീട്ടിൽ കൊടുത്തു.'
'അതിനുശേഷം ഏകദേശം ഒന്നര വർഷം അച്ഛൻ എന്നോട് മിണ്ടിയില്ല. എന്നിട്ടും ഞാൻ വെട്രിമാരനെ മാത്രമെ വിവാഹം കഴിക്കൂവെന്ന കാര്യത്തിൽ ഉറച്ചുനിന്നു. ഇതിന് ശേഷമാണ് വെട്രിമാരന് സിനിമ ചെയ്യാൻ അവസരം ലഭിച്ചത്. അവർ 10000 രൂപ അദ്ദേഹത്തിന് മുൻകൂറായി നൽകിയിരുന്നു. ആദ്യം കിട്ടിയ പ്രതിഫലവുമായി വെട്രിമാരൻ എന്റെ അടുത്തേക്കാണ് വന്നത്. ഇതേ തുടർന്ന് ഞാൻ വീട്ടിൽ വീണ്ടും വെട്രിമാരന്റെ കാര്യം സംസാരിച്ചു.'
'കല്യാണത്തിന്റെ ഒരുക്കങ്ങൾ അതോടെ ആരംഭിച്ചു. എന്നാൽ അദ്ദേഹം സംവിധാനം ചെയ്യാനിരുന്ന ചിത്രം ഉപേക്ഷിക്കുന്നതായി പ്രഖ്യാപനം വന്നു. അതോടെ വിവാഹം നിർത്തിവെക്കാമെന്ന് വെട്രിമാരൻ പറഞ്ഞു. ഞാനും സമ്മതിച്ചു. പിന്നെയാണ് വിവാഹം നടന്നത്', എന്നാണ് ആരതി പ്രണയ കഥ വെളിപ്പെടുത്തി പറഞ്ഞത്.


Click it and Unblock the Notifications











