കല്യാണം കഴിഞ്ഞ് ഉടനെ കുട്ടിയെ വേണമെന്ന് ചിന്തിച്ചു; ബാക്കി കാര്യങ്ങളെ പറ്റി ചിന്തിച്ചിരുന്നില്ലെന്ന് അശ്വതി
മലയാളത്തിലെ അവതാരകമാരില്‍ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് അശ്വതി ശ്രീകാന്ത്. നിരവധി ടെലിവിഷന്‍ ഷോ കളിലും സ്‌റ്റേജ് പരിപാടികളിലുമൊക്കെ അശ്വതി സജീവ സാന്നിധ്യമായിരുന്നു. ഇപ്പോള്‍ അഭിനയവും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോവുകയാണ്.
എന്നാല്‍ കരിയറിന്റെ തുടക്കകാലത്ത് താനനുഭവിച്ച ദുരിതങ്ങള്‍ പറഞ്ഞാലും തീരില്ലെന്നാണ് നടി പറയുന്നത്. ആദ്യമായി ഗര്‍ഭിണിയായതിന് ശേഷം ജീവിതത്തിലുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചും പ്രസവത്തിന് ശേഷം പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനുണ്ടായതിനെ പറ്റിയുമാണ് അശ്വതി സംസാരിച്ചത്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.
വിവാഹം കഴിഞ്ഞ് തുടക്കത്തില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ആ സമയത്ത് എനിക്കാണ് ജോലി ഉണ്ടായത്. ശ്രീ ബിസിനസ് കാര്യങ്ങളുമായി ബന്ധപ്പെട്ട് ജോലി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. പത്മയെ ഗര്‍ഭിണിയായ കാലത്ത് സാമ്പത്തികമായി നല്ലോണം ബുദ്ധിമുട്ടേണ്ടി വന്നിരുന്നു. ഇക്കാര്യം അടുത്ത സുഹൃത്തുക്കളോട് പോലും ഞങ്ങളത് പറഞ്ഞിട്ടില്ല.

കല്യാണം കഴിഞ്ഞ് പിറ്റേദിവസം ആളുകള്‍ ഗര്‍ഭിണിയായോന്ന് ചോദിക്കും. പക്ഷേ സാമ്പത്തികമായി അതിന് ഒരുങ്ങിയോ എന്ന് ആരും ചോദിക്കാറില്ല. ആരുമത് പറഞ്ഞ് തരുകയുമില്ല. കല്യാണം കഴിഞ്ഞ് ഉടനെ കുട്ടിയെന്ന് ഞങ്ങളും ചിന്തിച്ചു. കുട്ടി വരാനായപ്പോഴാണ് എന്തൊക്കെ ഒരുക്കങ്ങള്‍ നമ്മള്‍ ചെയ്യണമെന്ന് മനസിലാക്കിയത്. പക്ഷേ അവള്‍ വന്നതിന് ശേഷമാണ് ഞങ്ങളുടെ ജീവിതം വളര്‍ന്നത്.
ഞാന്‍ പ്രസവമുറിയിലേക്ക് കയറിയപ്പോള്‍ ശ്രീ അനുഭവിച്ച ടെന്‍ഷന്‍ എനിക്കറിയാം. നോര്‍മല്‍ ഡെലിവറിയ്ക്കുള്ള പൈസയേ എടുത്ത് വെച്ചിട്ടുള്ളു. എങ്ങാനും സിസേറിയന്‍ ആയാല്‍ അതിന് ഇരട്ടിയാവും.
ദുബായിലായിരുന്നു ആദ്യത്തെ പ്രസവം. അന്ന് റേഡിയോ ജോക്കി ആയിട്ട് ജോലി നോക്കുന്നുണ്ട്. പ്രസവം കഴിഞ്ഞ് അധികം ലീവ് ഒന്നുമില്ലാതെ തിരികെ ജോലിയില്‍ പ്രവേശിക്കേണ്ടി വന്നു. പത്മയാണെങ്കില്‍ രാത്രിയില്‍ കരയുന്നൊരു കുട്ടിയാണ്. കൊച്ചിന്റെ അച്ഛന്‍ വലിയ സപ്പോര്‍ട്ടാണെങ്കിലും അവള്‍ പുള്ളിയുടെ കൂടെ പോവില്ല. അമ്മയായ ഞാനെടുത്താല്‍ മാത്രമേ അവള്‍ അടങ്ങുകയുള്ളു എന്ന സ്ഥിതിയായിരുന്നു.

മൂന്നാല് മാസത്തോളം കൊച്ചിനെയും എടുത്താണ് ഞാന്‍ സ്റ്റുഡിയോയിലേക്ക് പോയിട്ടുള്ളത്. ഓണ്‍ എയറില്‍ കുഞ്ഞിനെയും വെച്ച് ഇരുന്നപ്പോള്‍ അവള്‍ കരഞ്ഞത് വരെ എയറില്‍ പോയിട്ടുണ്ട്. ചില ദിവസങ്ങളില്‍ പുറത്ത് കിടത്തിയിട്ട് അകത്തേക്ക് പോയി പെട്ടെന്ന് പറയാനുള്ളതൊക്കെ പറഞ്ഞിട്ട് തിരികെ വന്ന് ഇവളെ എടുക്കം. ഞാനൊന്ന് മാറിയാല്‍ അപ്പോള്‍ ഇവള്‍ ഉച്ചത്തില്‍ കരയും.
രണ്ടാമത്തെ മകളെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോ പങ്കുവെച്ചു. അതിന്റെ താഴെ എന്റെ ശരീരത്തെ കുറിച്ച് പറഞ്ഞ് ഒരാള്‍ വന്നൊരു കമന്റിട്ടു. പൊതുസമൂഹത്തിന് മുന്നിലേക്ക് വന്ന് കഴിഞ്ഞാല്‍ നമ്മളൊരു പബ്ലിക് പ്രൊപ്പര്‍ട്ടിയാണെന്ന് ആളുകള്‍ക്ക് വിചാരമുണ്ട്. നമ്മളെ കുറിച്ചോ നമ്മുടെ ശരീരത്തിനെ കുറിച്ചോ എന്തും പറയാമെന്ന ചിന്തയാണ് അവര്‍ക്കുള്ളത്.

ഇത് എപ്പോഴും കാണാറുള്ളതാണെങ്കിലും ചില സമയത്ത് നോര്‍മലായി എടുക്കാന്‍ സാധിക്കില്ല. അങ്ങനെ അയാള്‍ക്ക് മറുപടി കൊടുത്തു. അതിന് ഒത്തിരിയാളുകള്‍ പിന്തുണയുമായി വന്നു. ഞാന്‍ പറഞ്ഞത് നന്നായെന്ന് പറഞ്ഞ് സുരേഷ് ഗോപി പോലും വിളിച്ചതായി അശ്വതി ശ്രീകാന്ത് പറയുന്നു.
നിലവില്‍ ചക്കപ്പഴം സീരിയലിലാണ് അശ്വതി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. മകളെ ഗര്‍ഭിണിയായ സമയത്ത് അഭിനയത്തില്‍ നിന്നും മാറി നിന്ന നടി തിരിച്ച് വന്നിട്ട് വീണ്ടും സജീവമാവുകയായിരുന്നു. ഇതിന് പുറമേ മൂന്നാല് സിനിമകളിലും അശ്വതി അഭിനയിച്ചു. ഈ ചിത്രങ്ങള്‍ വൈകാതെ റിലീസിനെത്തുമെന്നാണ് നടി പറയുന്നത്.


Click it and Unblock the Notifications











