പിറന്നാള്‍ സര്‍പ്രൈസില്‍ ഞെട്ടിത്തരിച്ച് അശ്വതി ശ്രീകാന്ത്! പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള മനോഹരനിമിഷം
പതിവില്‍ നിന്നും വ്യത്യസ്തമായ അവതരണ ശൈലിയുമായാണ് അശ്വതി ശ്രീകാന്ത് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. റേഡിയോ ജോക്കിയായി ജോലി ചെയ്തതിന് പിന്നാലെയായാണ് അശ്വതി ചാനലിലേക്ക് എത്തിയത്. തുടക്കം മുതല്‍ തന്നെ മികച്ച പിന്തുണയായിരുന്നു പ്രേക്ഷകര്‍ അശ്വതിക്ക് നല്‍കിയത്. അവതരണം മാത്രമല്ല അഭിനയവും എഴുത്തിലുമൊക്കെ കഴിവ് തെളിയിച്ച് മുന്നേറുകയാണ് അശ്വതി. കഴിഞ്ഞ ദിവസമായിരുന്നു അശ്വതിയുടെ പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ തനിക്ക് ലഭിച്ച മനോഹരമായ സര്‍പ്രൈസിനെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഈ വിശേഷം പങ്കുവെച്ചത്. കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.
പിറന്നാൾ ദിവസം ഷൂട്ട് ഉണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ സങ്കടത്തിലായിരുന്നു. എട്ടു മണിക്ക് തീരും എന്ന് വിചാരിച്ച ഷൂട്ട് നീണ്ട് നീണ്ട് പത്തു മണിയും കടന്നപ്പോൾ ഒരുമിച്ച് ഡിന്നർ കഴിക്കാൻ കെട്ടിയോനും കൊച്ചും നോക്കിയിരിക്കുന്നതോർത്ത് ആകെപ്പാടെ വെപ്രാളം. പത്തരയ്ക്ക് ഷൂട്ട് തീർത്ത് മേക്കപ്പ് പോലും തുടക്കാൻ നിൽക്കാതെ മണീട് നിന്ന് കാക്കനാട് എത്തിയപ്പോൾ സമയം 11.05 .
ഫ്രണ്ടിന്റെ ഫ്ലാറ്റിലാണ്, അവിടെ കയറിയിട്ട് പോകാംന്ന് കെട്ടിയോൻ.

ഒരു കേക്ക് കട്ടിങ് ഉറപ്പിച്ച് ചെന്ന് കയറിയത് ജീവിതത്തിൽ കിട്ടിയ ഏറ്റവും നല്ല സർപ്രൈസിലേയ്ക്ക്. പാതി രാത്രി ദാ കാത്തു നിൽക്കുന്നു ഏറ്റവും പ്രിയപ്പെട്ടവർ. അതും പാലായിലെ വീട്ടിലാണെന്ന് അഞ്ചു മിനിറ്റ് മുൻപ് പറഞ്ഞ് ഫോൺ വച്ച അമ്മ,അച്ഛൻ, അനിയൻ, നാത്തൂൻ, എന്റെ കുഞ്ഞാമി. പക്ഷേ ആ നേരത്ത് എൻട്രി കൊണ്ട് ഏറ്റവും ഞെട്ടിച്ചത് മാത്തുവും ആനന്ദും ആയിരുന്നു. (സമയം വല്ലാതെ വൈകിയത് കൊണ്ട് എത്താൻ പറ്റാതെ പോയ ദാമു ഉൾപ്പെടെ ഉള്ളവരുടെ ലിസ്റ്റ് വേറെ. പ്രിയപ്പെട്ടവർ ഇങ്ങനെ ചേർന്ന് നിൽക്കുമ്പോൾ ജീവിതത്തിന് എന്ത് ഭംഗിയാണ്. 'കൂട്ട്' എന്നതും 'കുടുംബം' എന്നതും എത്ര സുന്ദരമായ വാക്കുകളാണെന്ന് നിങ്ങളെന്നെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നതിന് ഞാൻ എന്ത് പകരം തന്നാലാണ് മതിയാവുക, ഇതായിരുന്നു അശ്വതി ശ്രീകാന്തിന്‍രെ കുറിപ്പ്.


Click it and Unblock the Notifications