ഇപ്പോഴും ഞങ്ങള്‍ പ്രണയിക്കുന്നു എന്ന ക്ലീഷേ അല്ല പറയുന്നത്; പ്രണയദിനത്തില്‍ അശ്വതി ശ്രീകാന്തിന്റെ കുറിപ്പ്
പ്രണയദിനത്തിന്റെ സന്ദേശങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുകയാണ്. പ്രിയപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്തിയുള്ള ചിത്രങ്ങള്‍ക്കൊപ്പം പ്രണയകാലം എങ്ങനെയായിരുന്നുവെന്ന് പലരും വെളിപ്പെടുത്തി. എക്കാലവും ഒരുമിച്ച് ചേര്‍ത്ത് നിര്‍ത്തുന്ന പങ്കാളിയെ കണ്ടെത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് പറയുകയാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. ലോക്ഡൗണ്‍ നാളുകളില്‍ ഭര്‍ത്താവിനൊപ്പമുണ്ടായിരുന്ന നിമിഷങ്ങള്‍ എത്ര പ്രിയപ്പെട്ടതാണെന്നാണ് അശ്വതി പറയുന്നത്.
ലോക്ക്ഡൗണ്‍ കാലത്ത് ആറു മാസം ഫ്‌ലാറ്റില്‍ അടച്ചിരുന്നപ്പോഴാണ് മിണ്ടിയും പറഞ്ഞും ഇരിക്കാന്‍ പറ്റുന്ന ഒരാളെ കൂടെ കൂടിയതിന്റെ ഗുണം ശരിക്ക് മനസ്സിലായത്. പ്രേമത്തിന്റെ മഴവില്‍ കുമിള ഒക്കെ പൊട്ടി കഴിഞ്ഞാലും അന്നത്തെ കൂട്ട് അത് പോലെ ഉണ്ടാവുക എന്നതാണ് പ്രധാനം എന്ന് വീണ്ടും അടിവരയിട്ടത്.
അല്ലെങ്കില്‍ പ്രണയം തൊട്ടു തീണ്ടാന്‍ ഇടയില്ലാത്ത അതി സാധാരണ ദിവസങ്ങളില്‍ വല്ലാത്ത മടുപ്പ് തോന്നും, മിണ്ടാന്‍ വിഷയമില്ലാതെ, ഒരാള്‍ ടി വി മുറിയിലോ മറ്റൊരാള്‍ അടുക്കളയിലോ ഒറ്റയാകും.

അത് കൊണ്ട് ഇനിയും തെരഞ്ഞെടുപ്പ് നടത്താത്തവര്‍ ശ്രദ്ധിക്കൂ, പ്രണയത്തോടെ നോക്കിയാലും പ്രണയം ഇല്ലാതെ നോക്കിയാലും ഇഷ്ടം തോന്നുന്ന ഒരാളെ കണ്ടെത്തു, നമ്മളെ അവര്‍ക്കായി മാറ്റിയെടുക്കാതെ, നമ്മളെ നമ്മളായി നിലനിര്‍ത്താന്‍ സ്‌പേസ് തരുന്ന ഒരാളെ, നമ്മളെ കേള്‍ക്കാന്‍ ഇഷ്ടമുള്ള, നമുക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ള ഒരാളെ കൂടെ കൂട്ടൂ... ബന്ധങ്ങള്‍ ടോക്‌സിക്ക് ആവുന്നുണ്ടെന്ന്, ശ്വാസം മുട്ടുന്നുണ്ടെന്ന് അറിഞ്ഞിട്ടും പ്രണയം കൊണ്ട് മാത്രം കണ്ണടച്ച് മുന്നോട്ട് പോയവരൊക്കെ പിന്നീട് തോറ്റ് പോയതാണ് ചരിത്രം.
തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം
അപ്പൊ പറഞ്ഞു വന്നത് എന്താന്ന് വച്ചാല്‍ ഞങ്ങള്‍ ഇപ്പോഴും പ്രണയിച്ചു കൊണ്ടേ ഇരിക്കുന്നു എന്ന വന്‍ ക്‌ളീഷേ ഇവിടെ ഇറക്കുന്നില്ല എന്നാണ്. പകരം നാളെയൊരു കാലത്ത് ഓള്‍ഡ് ഏജ് ഹോമില്‍ ഇരുന്നും ഞങ്ങള് വര്‍ത്താനം പറഞ്ഞ് പറഞ്ഞ് കൂട്ട് കൂടും എന്നാണ്. എല്ലാ ഓര്‍മകളും മാഞ്ഞു പോകുന്ന കാലത്തും ഈയൊരാളെ മറക്കരുതെന്നു മാത്രമാണ് പ്രാര്‍ത്ഥനകള്‍ എന്നാണ്. ഹാപ്പി വാലന്റൈന്‍സ് ഡേ...


Click it and Unblock the Notifications