അതിന് പണം മുടക്കി സിനിമ നിർമ്മിക്കണോ? അറ്റ്ലസ് രാമചന്ദ്രന് വൈശാലി സിനിമയിൽ നടക്കാതെ പോയ സ്വപ്നം
ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകത്തിലൂടെ ജനകോടികൾക്ക് പ്രിയങ്കരനായ അറ്റ്ലസ് രാമചന്ദ്രന്റെ മരണ വാർത്തയാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. സമ്പത്തിന്റെ നെറുകയിൽ നിന്നും കൂപ്പു കുത്തിയ അറ്റ്ലസ് രാമചന്ദ്രന്റെ ജീവിതത്തിലെ ദുരന്തങ്ങൾ മിക്ക മലയാളികൾക്കും അറിയാം.
കോടികളുടെ വായ്പകൾ മുടങ്ങിയതോടെയാണ് അറ്റ്ലസ് രാമചന്ദ്രൻ നിയമക്കുരുക്കിലായത്. 2015 ഓഗസ്റ്റ് 25 ന് അദ്ദേഹം ജയിലിലായി. മകളും മരുമകനും കൂടി ജയിലിൽ ആയതോടെ നിയമപരമായ കാര്യങ്ങൾ അറ്റ്ലസ് രാമചന്ദ്രന്റെ ഭാര്യയുടെ ചുമതലയിലായി. ഏറെ ബുദ്ധിമുട്ടിയെങ്കിലും ജീവിതത്തിലെ പഴയ സൗഭാഗ്യങ്ങൾ തിരിച്ചു പിടിക്കുമെന്ന് ഏവരും കരുതിയിരിക്കെ ആണ് ഇദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണ വാർത്ത പുറത്തു വരുന്നത്. മൂന്ന് വർഷത്തോളമാണ് അറ്റ്ലസ് രാമചന്ദ്രൻ ജയിലിൽ കിടന്നത്.

ബിസിനസ്കാരൻ എന്നതിനപ്പുറം അറ്റ്ലസ് രാമചന്ദ്രൻ മലയാളത്തിന് ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച നിർമാതാവ് കൂടിയാണെന്ന് പലർക്കും അറിയാത്ത കാര്യമാണ്. വൈശാലി, വാസ്തുഹാര, ധനം, സുകൃതം എന്നീ നാല് ചിത്രങ്ങളാണ് അറ്റ്ലസ് രാമചന്ദ്രൻ നിർമ്മിച്ചത്. എണ്ണം കുറവാണെങ്കിലും ഇവയെല്ലാം ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്.
മലയാളത്തിലെ ക്ലാസിക് ആയ വൈശാലിയിലൂടെ ആണ് അറ്റ്ലസ് രാമചന്ദ്രൻ ആദ്യമായി നിർമാണ രംഗത്തേക്ക് കടക്കുന്നത്. എംടി വാസുദേവൻ ആയിരുന്നു സിനിമയുടെ തിരക്കഥ. എംടിയുടെ തന്നെ സുകൃതം എന്ന തിരക്കഥയും ഇദ്ദേഹം സിനിമയാക്കി.

മുമ്പൊരിക്കൽ വൈശാലി സിനിമയുമായി ബന്ധപ്പെട്ട് എംടി വാസുദേവനുമായുണ്ടായ തർക്കത്തെക്കുറിച്ച് അറ്റ്ലസ് രാമചന്ദ്രൻ സംസാരിച്ചിരുന്നു.
വൈശാലിയുടെ ചിത്രീകരണം ആരംഭിക്കുന്നത് ചിത്രത്തിലെ ഗാനങ്ങൾ റെക്കോഡ് ചെയ്ത് കൊണ്ടായിരുന്നു. 197 ആഗസ്റ്റിൽ ആണ് റെക്കോഡിംഗ് ആരംഭിച്ചത്. നിരവധി ഗായകരുമായി അറ്റ്ലസ് രാമചന്ദ്രന് അടുത്ത സൗഹൃദം ഉണ്ടായിരുന്നു. ആദ്യമായി നിർമ്മിക്കുന്ന ചിത്രമെന്ന നിലയിൽ യേശുദാസ്, ജയചന്ദ്രൻ തുടങ്ങിയവരുടെയൊക്കെ പാട്ട് വേണമെന്ന് അറ്റ്ലസ് രാമചന്ദ്രന് ആഗ്രഹം ഉണ്ടായിരുന്നു.

എന്നാൽ വൈശാലി എന്ന സിനിമയിൽ പുരുഷൻമാർ പാടേണ്ടെന്നും എല്ലാ പാട്ടും സ്ത്രീ ശബ്ദത്തിൽ മതിയെന്നുമായിരുന്നു എംടിയുടെ ആഗ്രഹം. എംടിയുടെ ആഗ്രഹത്തിന് സമ്മതം മൂളാൻ അദ്ദേഹം ആദ്യമാെന്ന് മടിച്ചു. യേശുദാസിനെയും ജയചന്ദ്രനെയും കൊണ്ട് പാടിപ്പിക്കണം എന്ന ആഗ്രഹം അറ്റ്ലസ് രാമചന്ദ്രൻ തുറന്ന് പറഞ്ഞു. അവരെക്കൊണ്ട് പാടിപ്പിക്കണം എന്നുണ്ടെങ്കിൽ പാട്ട് റെക്കോഡ് ചെയ്താൽ പോരെ. പണം മുടക്കി സിനിമ എടുക്കണോ എന്നായിരുന്നു എംടിയുടെ മറുചോദ്യം.

പാടിപ്പിക്കണം എന്ന് നിർബന്ധം ആണെങ്കിൽ സംഘഗാനത്തിലെ നാല് വരി പാടിപ്പിക്കാം എന്നും എംടി പറഞ്ഞു. എന്നാൽ അതിന് അറ്റ്ലസ് രാമചന്ദ്രൻ തയ്യാറായില്ല. കെഎസ് ചിത്രയാണ് വൈശാലിയിലെ പാട്ടുകൾ പാടിയത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദുബായിലെ ആശുപത്രിയിൽ വെച്ചാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചത്.


Click it and Unblock the Notifications











