'നീ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് 8 വർഷം, ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല ശരത്തെ'; സുഹൃത്തിനെ കുറിച്ച് സോണിയ!
2015ലാണ് ശരത്ത് വാഹനാപകടത്തില്‍ മരിച്ചത്. ശരത് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പര്‍ ലോറിയിലിടിക്കുകയായിരുന്നു
മലയാളം മിനിസ്‌ക്രീൻ ആരാധകർക്കായി നിരവധി സൂപ്പർഹിറ്റ് സീരിയലുകൾ സംപ്രേഷണം ചെയ്തിട്ടുള്ള ചാനലാണ് ഏഷ്യാനെറ്റ്. ഇപ്പോഴും റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന ധാരാളം സീരിയലുകൾ ഈ ചാനലിൽ സംപ്രേഷണം ചെയ്യുന്നുണ്ട്.
വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഓട്ടോഗ്രാഫ് എന്ന സീരിയൽ ഇപ്പോഴും മലയാളി പ്രേക്ഷകരുടെ മനസിൽ തന്നെയുണ്ട്. സീരിയിലിലെ ഫൈവ് ഫിംഗേഴ്സിനെ പ്രേക്ഷകർക്ക് മറക്കാനെ ആവില്ല. ഫൈവ് ഫിംഗേഴ്സ് അഞ്ച് അടുത്ത സുഹൃത്തുക്കളാണ്.
സീരിയലിലെ കഥാപാത്രങ്ങളായ മൃദുലയും ജെയിംസും നാൻസിയും സാമും രാഹുലും എല്ലാം പ്രേക്ഷക മനസിൽ ഒറ്റ സീരിയലിലൂടെ ഇടം നേടിയിരുന്നു. ഓട്ടോഗ്രാഫിലെ ടൈറ്റിൽ സോങ്ങും പ്രേക്ഷകർക്ക് ഇഷ്ടമായിരുന്നു.
സീരിയൽ അവസാനിച്ചപ്പോൾ അതിലെ ചില താരങ്ങൾ മറ്റ് സീരിയലുകളിൽ സജീവമായിരുന്നു. ഈ പരമ്പരയിൽ മൃദുല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നടി ശ്രീക്കുട്ടി ആയിരുന്നു. ശ്രീക്കുട്ടിയുടെ ജീവിതം മാറ്റിമറിച്ച സീരിയൽ ആയിരുന്നു ഓട്ടോഗ്രാഫ്.

രഞ്ജിത്ത് രാജായിരുന്നു സീരിയലിൽ ജെയിംസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. സാം എന്ന കഥാപാത്രത്തെ അംബരീഷ് ആയിരുന്നു അവതരിപ്പിച്ചത്. രാഹുൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ശരത്തായിരുന്നു. നാൻസിയായി സോണിയ മോഹൻദാസാണ് അഭിനയിച്ചത്.
ഇന്ന് നടിയായും സംവിധായികയായും തിളങ്ങി നിൽക്കുന്ന ശാലിൻ സോയയും ഓട്ടോഗ്രാഫിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിൽ രാഹുലായി അഭിനയിച്ച നടൻ ശരത്തിന്റെ വേർപാട് വളരെ അപ്രതീക്ഷിതമായിരുന്നു.

2015ലാണ് ശരത്ത് വാഹനാപകടത്തില്‍ മരിച്ചത്. ശരത് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പര്‍ ലോറിയിലിടിക്കുകയായിരുന്നു. കൊട്ടിയം മയിലക്കാട് വെച്ചാണ് അപകടം ഉണ്ടായത്. ടിപ്പര്‍ ഡ്രൈവര്‍ ശരത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.
സീരിയല്‍ ഷൂട്ടിങ്ങിനായി കൊല്ലത്തേക്ക് പോവുകയായിരുന്നു ശരത്ത്. ഓട്ടോഗ്രാഫ് എന്ന സീരിയലാണ് ശരത്തിനെ ശ്രദ്ദേയനാക്കിയത്. രാജസേനന്റെ കൃഷ്ണ കൃപാസാഗരം എന്ന സീരിയലിലൂടെയാണ് സീരിയല്‍ രംഗത്തേക്ക് കടന്നുവരുന്നത്.

ചന്ദനമഴ, സരയൂ തുടങ്ങിയവയാണ് ശരത് അഭിനയിച്ച മറ്റ് പ്രധാന സീരിയലുകള്‍. ഇപ്പോഴിത ശരത്തിന്റെ എട്ടാം ചരമ വാർഷിക ദിനത്തിൽ ശരത്തിന്റെ അടുത്ത സുഹൃത്ത് കൂടിയായ സോണിയ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളുമാണ് വൈറലാകുന്നത്.
'നീ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 8 വർഷം... ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല ശരത്തെ... നീ എന്നും എപ്പോഴും ഫൈവ് ഫിംഗേഴ്സിൽ ഒരാളായിട്ടും എൻ്റെ കുഞ്ഞ് അനുജനയിട്ടും ഞങ്ങളുടെ കൂടെയുണ്ടെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. നിൻ്റെ ഓർമ്മകൾ ഒരിക്കലും മരിക്കുന്നില്ല...' എന്നാണ് ശരത്തിനെ കുറിച്ച് സോണിയ കുറിച്ചത്.

ഒപ്പം ശരത്തിനൊപ്പം നിന്ന് പകർത്തിയ ചില ചിത്രങ്ങളും സോണിയ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. സോണിയയുടെ കുറിപ്പ് വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഓട്ടോഗ്രാഫിലെ രാഹുലിനെ മറക്കില്ല, ഞങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ട ഒരു കൂട്ടുകെട്ട് എന്നെല്ലാമാണ് കമന്റുകൾ വന്നത്.
'ഓട്ടോഗ്രാഫ് ചെയ്യുമ്പോൾ ഞാൻ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. ഫൈവ് ഫിഗേഴ്സ് എന്ന് പറയുമ്പോൾ അതിൽ ഒരാൾ മിസ്സിങാണ് ശരത്ത്. പക്ഷെ ഇപ്പോഴും അവൻ ഞങ്ങൾക്കൊപ്പമുണ്ടെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അടുത്തിടെ അവന്റെ അനിയന്റെ വിവാഹമായിരുന്നു. ഞങ്ങൾ അന്ന് എല്ലാവരും ഒത്തുകൂടി.'

'എനിക്ക് സ്വന്തം അനിയനെപ്പോലെയായിരുന്നു ശരത്ത്. എന്റെ കല്യാണം കഴിഞ്ഞ ശേഷം അവൻ എപ്പോഴും എന്നോട് ചോദിക്കുമായിരുന്നു ചേച്ചി ഞാൻ എപ്പോഴാണ് അമ്മാവൻ ആകുന്നതെന്ന്. പക്ഷെ അവൻ മരിച്ച ശേഷമാണ് ഞാൻ ഗർഭിണിയായത്. മകൻ പിറന്നശേഷം അവനേയും കൊണ്ട് ഞാൻ ശരത്തിന്റെ വീട്ടിൽ പോയിരുന്നു.'
'അവിടെ ശരത്തിന്റെ മുറിയിലൊക്കെ കുഞ്ഞിനെ ഞാൻ കൊണ്ടുപോയി. അതൊരു ഇമോഷണൽ മൊമന്റായിരുന്നു' എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരികക്കവെ ശരത്തിനെ കുറിച്ച് സോണിയ പറഞ്ഞത്.


Click it and Unblock the Notifications