അതൊന്നും രഘുവരന് ഓർമയില്ല, ഡ്രഗ്സായിരുന്നു കാരണം; പണക്കാരികളായ കാമുകിമാർ...: ബബ്ലൂ പൃഥ്വിരാജ്
സിനിമാ പ്രേക്ഷകർക്ക് മറക്കനാകാത്ത നടനാണ് രഘുവരൻ. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത രഘുവരൻ വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തത്. സിനിമാ ലോകത്ത് ആഘോഷിക്കപ്പെട്ടപ്പോഴും രഘുവരന്റെ ജീവിതം ലഹരിയിൽ നശിക്കുകയായിരുന്നു. ലഹരി ഉപയോഗം രഘുവരന്റെ മനസിനെയും ആരോഗ്യത്തെയും ഏറെ ബാധിച്ചു. നടി രോഹിണിയുമായുള്ള വിവാഹബന്ധം തകർന്നതും ഇക്കാരണത്താലാണ്. അഭിനയിക്കുന്ന കഥാപാത്രങ്ങളിൽ നിന്ന് പുറത്ത് വരാൻ രഘുവരന് കഴിഞ്ഞിരുന്നില്ലെന്ന് സഹപ്രവർത്തകരും രോഹിണിയും തുറന്ന് പറഞ്ഞിട്ടുണ്ട്.
രഘുവരനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ബബ്ലൂ പൃഥ്വിരാജ്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. പഴയ ഓർമകളാണ് ഇദ്ദേഹം റെഡ്നൂൽ എന്ന യൂട്യൂബ് ചാനലിൽ പങ്കുവെച്ചത്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എന്റെ സീനിയറായിരുന്നു. ഞങ്ങൾ രണ്ട് പേരും ഒരുപോലെയായിരുന്നു. എന്റെയും രഘുവരന്റെയും ഗേൾഫ്രണ്ട്സ് ബെസ്റ്റ് ഫ്രണ്ട്സായിരുന്നു. അവർ രണ്ട് പേരും വലിയ പണക്കാരികളാണ്. ഞങ്ങൾ രണ്ട് പേരും സീറോ ബാലൻസുള്ളവരും. ഒരുപാട് മനോഹരമായ ഓർമകൾ രഘുവരനോടൊപ്പം തനിക്കുണ്ടെന്നും ബബ്ലൂ പൃഥ്വിരാജ് പറഞ്ഞു. ഹീറോ ആകണമെന്നായിരുന്നു രഘുവരന്റെ ആഗ്രഹം. എനിക്ക് വില്ലനാകാനും.

ഒരിക്കൽ കണ്ടപ്പോൾ പഴയ ഓർമകൾ രഘുവരനോട് പങ്കുവെച്ചു. അതൊക്കെ ഓർമയുണ്ടോ എന്ന് ഞാൻ ചോദിച്ചു. ഒന്നും ഓർമയില്ലായിരുന്നു. ഡ്രഗ്സ് ആണ് കാരണം. തലച്ചോറിനെ ബാധിക്കുന്നതാണിത്. ഒരുപാട് ഓർമകൾ ഡിലീറ്റ് ആയിപ്പോയി. തീരെ ഓർമ്മയില്ലായിരുന്നു. സുഹൃത്തെന്ന നിലയിൽ ലഹരിയിൽ നിന്നും രഘുവരനെ പിന്തിരിപ്പിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്നും ബബ്ലൂ പൃഥ്വിരാജ് പറയുന്നുണ്ട്. ഒരു ഘട്ടത്തിൽ അതേക്കുറിച്ച് സംസാരിച്ചിരുന്നു. നൺ ഓഫ് യുവർ ബിസിനസ് എന്ന് രഘുവരൻ പറഞ്ഞു. അതിനപ്പുറം പോകാൻ തനിക്ക് പറ്റില്ല.
കഥാപാത്രമായി ശരിക്കും ആഴ്ന്നിറങ്ങുന്നതാണ് രഘുവരന്റെ മനസിനെ ബാധിച്ചതെന്ന വാദത്തെ ബബ്ലൂ പൃഥ്വിരാജ് അംഗീകരിക്കുന്നില്ല. അതെല്ലാം എക്സ്ക്യൂസുകളാണ്. തെറ്റ് തെറ്റാണ്. ആരോഗ്യമാണ് സമ്പത്ത്. ഇന്ന് വരെയും ജീവിച്ചിരുന്നേനെ. നല്ല ആക്ടറാണ്. പക്ഷെ സ്വയം നശിച്ചെന്നും ബബ്ലൂ പൃഥ്വിരാജ് പറഞ്ഞു. 2008 ൽ തന്റെ 49ാമത്തെ വയസിലാണ് രഘുവരൻ മരിച്ചത്. അമിതമായ മദ്യപാനം കാരണം ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു.

ലഹരിയിൽ നശിച്ച നിരവധി അഭിനേതാക്കൾ സിനിമാ ലോകത്തുണ്ട്. മദ്യപാനമാണ് പഴയ കാല നടി സാവിത്രിയുടെ ജീവിതത്തെ ബാധിച്ചത്. താരറാണിയായിരുന്ന സാവിത്രിയുടെ അവസാന നാളുകൾ ഇന്നും സിനിമാ ലോകത്ത് ചർച്ചയാകാറുണ്ട്. മലയാള സിനിമാ ലോകത്തെ ലഹരി ഉപയോഗം കഴിഞ്ഞ കുറേ നാളുകളായി ചർച്ചയിലുണ്ട്. ഷെെൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ ലഹരിക്കേസുമായി ബന്ധപ്പെട്ട് അടുത്തിടെ ചോദ്യം ചെയ്തിരുന്നു.
ലഹരി ഉപയോഗം നിർത്തിയെന്നാണ് ഷെെൻ ടോം ചാക്കോ പറയുന്നത്. ജീവിതത്തിൽ പല കാര്യങ്ങളും മനസിലാക്കാൻ വെെകിയെന്നും ഇനി ലഹരി ഉപയോഗിക്കില്ലെന്നാണ് തീരുമാനമെന്നും ഷെെൻ ഈയടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതേസമയം ഷെെൻ ടോമും ശ്രീനാഥ് ഭാസിയും മാത്രമല്ല ലഹരി ഉപയോഗിക്കുന്നവരെന്ന് കഴിഞ്ഞ ദിവസം നിർമാതാവ് സാന്ദ്ര തോമസ് പറയുകയുണ്ടായി.
പൊലീസ് പറയുന്ന പേരുകൾ കേട്ടാൽ ഞെട്ടിപ്പോകും. ഫാമിലി മാൻ, നെക്സ്റ്റ് ഡോർ ബോയ് ഇമേജുള്ളവരാണത്. മൂവിംഗ് ഫാക്ടറി എന്നാണ് അവരെ പറയുന്നതെന്നും സാന്ദ്ര തോമസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിലാണ് സിനിമാ രംഗത്ത് ലഹരി ഉപയോഗം ഇത്രയും കൂടിയതെന്നും സാന്ദ്ര തോമസ് പറഞ്ഞു.


Click it and Unblock the Notifications











