'വൈകിയാലുള്ള പൃഥ്വിയുടെ നോട്ടം കാണുമ്പോൾ സുകുവേട്ടനെ ഓർമ വരും, പൃഥ്വിയുടെ നിലപാടുകൾ കണ്ട് യുവതലമുറ പഠിക്കണം'
മലയാളത്തിന്റെ പ്രിയ താരമാണ് പൃഥ്വിരാജ് സുകുമാരൻ. നടനും നിർമ്മാതാവും സംവിധായകനും ഗായകനുമൊക്കെയായി മലയാളത്തില്‍ മാത്രമല്ല ഇന്ത്യൻ സിനിമയിലാകെ നിറഞ്ഞ് നിൽക്കുകയാണ് താരം. വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ തെന്നിന്ത്യയിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരം തുടക്കകാലത്ത് വലിയ രീതിയിലുള്ള വിമർശനം നേരിട്ടിരുന്നു. വിമർശനങ്ങളിൽ നിന്നും പരിഹാസങ്ങളിൽ നിന്നും ലഭിച്ച ഊർജമാണ് പിന്നീട് സിനിമയിൽ ചുവടുറപ്പിക്കാൻ നടന് കരുത്തേകിയത്. ഇന്ന് മലയാളത്തിൽ എല്ലാവർക്കും പ്രതീക്ഷയുള്ള ഒരു പ്രതിഭ കൂടിയാണ് താരം.
ഇപ്പോഴിതാ പൃഥ്വിരാജിനെ കുറിച്ച് നടന്മാരായ ബൈജു സന്തോഷും ജഗദീഷും പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം നടന്ന ഗുരുവായൂർ അമ്പലനടയിൽ സിനിമയുടെ സക്സസ് സെലിബ്രേഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും. ആദ്യം സംസാരിച്ചത് ബൈജു സന്തോഷാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിൽ അടക്കം പ്രവർത്തിച്ചിട്ടുള്ള നടനാണ് ബൈജു.

ഗുരുവായൂർ അമ്പലനടയിൽ സിനിമയുടെ സംവിധായകൻ വിപിൻ ദാസിനെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് ബൈജു തുടങ്ങിയത്. ഒരു വേറിട്ട അനുഭവം തന്നെയായിരുന്നു ഗുരുവായൂർ അമ്പലനടയിൽ സിനിമയുടെ ഷൂട്ടിങ്. മുപ്പത് ദിവസത്തോളം രണ്ടായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഒപ്പമാണ് അഭിനയിച്ചത്. ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം. പ്രൊഡ്യൂസർ ഊണ് കൊടുത്ത് ഒരു വഴിയായി. വിപിൻ ദാസിന്റെ ആദ്യ സിനിമയായ മുദ്ദുഗൗവിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. പക്ഷെ അധികം ശ്രദ്ധിക്കപ്പെട്ടില്ല.
എന്നാൽ ആ സിനിമ കഴിഞ്ഞപ്പോൾ വിപിൻ ദാസിന്റെ ഹ്യൂമർ സെൻസ് മനസിലാക്കി ഞാൻ പറഞ്ഞു... അടുത്തൊരു പ്രിയദർശനാണ് വേണമെങ്കിൽ കുറിച്ച് വെച്ചോളൂവെന്ന്. പ്രിയൻ ചേട്ടനെപ്പോലെ 103 സിനിമയൊന്നും ചെയ്യാൻ പറ്റിയില്ലെന്ന് വരും. എങ്കിലും മറ്റൊരു പ്രിയദർശൻ തന്നെയാണ് മലയാളത്തിലെ... അതിൽ യാതൊരു സംശയവുമില്ല.
സിനിമയുടെ ഡബ്ബിങ് കഴിഞ്ഞായിരുന്നു എന്റെ മോളുടെ വിവാഹം. ഡബ്ബിങ് കഴിഞ്ഞശേഷം ബാങ്കിൽ കാശ് വന്നപ്പോൾ അതിൽ ഒരു അഞ്ച് ലക്ഷം രൂപ കൂടുതൽ. കിട്ടേണ്ടതിനേക്കാൾ അഞ്ച് ലക്ഷം രൂപ അധികം കിട്ടിയതുകൊണ്ട് എന്തെങ്കിലും തെറ്റ് പറ്റിയതാകുമെന്ന് കരുതി. അങ്ങനെ ഞാൻ അക്കൗണ്ടന്റിനെ വിളിച്ച് ചോദിച്ചു. അവർ പറഞ്ഞു ചെക്ക് ചെയ്തിട്ട് പറയാമെന്ന്. പരിശോധിച്ചപ്പോൾ അവർക്ക് മിസ്റ്റേക്ക് പറ്റിയതാണെന്ന് മനസിലായി.
ഞാൻ സത്യത്തിൽ വിചാരിച്ചത് എന്റെ മോളുടെ കല്യാണത്തിന് രാജു അഞ്ച് ലക്ഷം രൂപ ഗിഫ്റ്റ് തന്നതായിരിക്കുമെന്നാണ്. എന്തായാലും വളരെ രസകരമായ ഷൂട്ടിങായിരുന്നു ഗുരുവായൂർ അമ്പലനടയിൽ സിനിമയിലേത്. ഞാൻ ഒരുപാട് സംവിധായകരുടെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഞാൻ കറക്ടായി ഷൂട്ടിങിന് പോയത് രാജു സംവിധാന ചെയ്ത സിനിമയ്ക്ക് വേണ്ടിയാണ്. ആള് ഭയങ്കര സ്നേഹമൊക്കെയാണ്.

അതുപോലെ ഹൈലി പ്രൊഫഷണലിസ്റ്റാണ്. നമ്മൾ കറക്ട് സമയത്ത് ചെന്നില്ലെങ്കിൽ ഒരു നോട്ടമൊക്കെയുണ്ട്. അത് കാണുമ്പോൾ എനിക്ക് സുകുവേട്ടനെ ഓർമ വരും. അദ്ദേഹത്തിന്റെ അതേ നോട്ടമാണ് എന്നാണ് ബൈജു സന്തോഷ് പറഞ്ഞത്. പിന്നീട് ചിത്രത്തിന്റെ ഭാഗമായപ്പോഴുള്ള സന്തോഷം നടൻ ജഗദീഷ് പങ്കുവെച്ചത്. വിപിനോട് അങ്ങോട്ട് ചോദിച്ചിട്ടാണ് ഗുരുവായൂർ അമ്പലനടയിൽ ഞാൻ അഭിനയിച്ചത്.
ചിത്രം എല്ലാവരും രണ്ട് കയ്യും നീട്ടി സ്വീകരിച്ച് സക്സസായപ്പോൾ എനിക്ക് അതിയായ സന്തോഷമായി. അതുപോലെ പൃഥ്വിരാജിൽ എനിക്ക് ഏറ്റവും സന്തോഷം തോന്നിയിട്ടുള്ള കാര്യം മുതിർന്നവർക്ക് മാക്സിമം ബഹുമാനം കൊടുക്കുമെന്നതാണ്. അതുപോലെ സ്നേഹമുണ്ട്. മാത്രമല്ല നിലപാടിന്റെ കാര്യം വരുമ്പോൾ മനസിൽ ഒന്ന് പുറമെ വേറൊന്ന് എന്ന രീതി പൃഥ്വിരാജിനില്ല. പൃഥ്വിരാജിന്റെ മനസിലുള്ളത് മുഖത്ത് വായിച്ചെടുക്കാൻ കഴിയും.
അതൊരു ഗ്രേറ്റ് ക്വാളിറ്റിയാണ്. അത് നിലനിർത്തുക. നമുക്ക് എല്ലാവർക്കും അഭിമാനമാണ്. പൃഥ്വിരാജിന്റെ നിലപാടുകൾ കണ്ട് യുവതലമുറ പഠിക്കണം. ബൈജുവിനോടായാലും എന്നോടായാലും ഇഷ്ടപ്പെടാത്തത് മുഖത്ത് നോക്കി പറയുന്ന പ്രകൃതമാണ് പൃഥ്വിയുടേതെന്നും ജഗദീഷ് പറഞ്ഞു.


Click it and Unblock the Notifications