'അവശയായെങ്കിലും ചിരിയിൽ ചെറുപ്പം, അമ്മയും മക്കളും ഇരിക്കുന്നതുപോലെ'; പൊന്നമ്മയ്ക്കൊപ്പം ബൈജുവും ജഗദീഷും
ആറ് പതിറ്റാണ്ട് കാലത്തോളം മലയാള സിനിമയില്‍ നിറഞ്ഞ് നിന്നിരുന്ന അമ്മ സാന്നിധ്യമാണ് കവിയൂര്‍ പൊന്നമ്മ. മലയാള സിനിമയിൽ അമ്മ എന്ന ക്യാരക്ടറിന് ഒരു ബ്രാന്റ് അംബാസിഡറുണ്ടെങ്കിൽ അത് കവിയൂർ പൊന്നമ്മയാണ്. ഇതുവരെയുള്ള സിനിമാ ജീവിതത്തിൽ കവിയൂർ പൊന്നമ്മയെ തേടി ഏറെയും അമ്മ വേഷങ്ങളാണ് വന്നിട്ടുള്ളത്. വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാൻ അത്തരം കഥാപാത്രങ്ങൾക്ക് പിന്നാലെ കവിയൂർ പൊന്നമ്മ അലഞ്ഞിട്ടുമില്ല.
മിക്കപ്പോഴും അമ്മ വേഷങ്ങളാണ് കവിയൂർ പൊന്നമ്മ ചെയ്തിട്ടുള്ളതെങ്കിലും എല്ലാ അമ്മ വേഷങ്ങളും മലയാളികൾക്ക് ഇഷ്ടമുള്ളവയാണ്. മോഹൻലാൽ-കവിയൂർ പൊന്നമ്മ കോമ്പോയ്ക്കാണ് ആരാധകർ കൂടുതൽ. മകൻ അല്ലെങ്കിലും മകന്റെ സ്ഥാനം തന്നെയാണ് കവിയൂർ പൊന്നമ്മ മോഹൻലാലിന് നൽകിയിട്ടുള്ളത്. എഴുപത്തിയെട്ടുകാരിയായ കവിയൂർ പൊന്നമ്മ ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്.

വാർധക്യ സഹജമായ അവശതകൾ മൂലം വിശ്രമ ജീവിതം നയിക്കുകയാണ് ഇപ്പോൾ. പതിനാലാമത്തെ വയസിൽ അന്നത്തെ പ്രമുഖ നാടക കമ്പനിയായ പ്രതിഭ ആർട്സിന്റെ നാടകങ്ങളിൽ ഗായികയായാണ് കലാരംഗത്ത് വരുന്നത്. കെപിഎസിയുടെ മൂലധനം എന്ന നാടകത്തിലൂടെ നാടക രംഗത്തെത്തി. തോപ്പിൽ ഭാസിയെയാണ് തന്റെ അഭിനയകലയുടെ ഗുരുവായി കവിയൂർ പൊന്നമ്മ കാണുന്നത്.
സിനിമാ നിർമ്മാതാവായിരുന്ന മണിസ്വാമിയാണ് പൊന്നമ്മയുടെ ഭർത്താവ്. വിവാഹിതയായ ഒരു മകളുണ്ട് പൊന്നമ്മയ്ക്ക്. മകൾ കുടുംബസമേതം അമേരിക്കയിലാണ്. തന്റെ ആദ്യ നായികാ ചിത്രമായ റോസിയുടെ നിർമ്മാതാവായ മണിസ്വാമി സെറ്റിൽ വെച്ചാണ് ജീവിതത്തിലേക്ക് കവിയൂർ പൊന്നമ്മയെ ക്ഷണിക്കുന്നത്.
പക്ഷെ ആ ബന്ധം അത്ര സന്തോഷം നിറഞ്ഞതായിരുന്നില്ല. ഭർത്താവിനെ കുറിച്ച് പലപ്പോഴായി കവിയൂർ പൊന്നമ്മ സംസാരിച്ചിട്ടുണ്ട്. കവിയൂർ പൊന്നമ്മ താമസിച്ചിരുന്നത് ആലുവയ്ക്ക് സമീപം പുഴയോരത്ത് നിർമ്മിച്ചിരിക്കുന്ന ശ്രീപാദം എന്ന ഭവനത്തിലാണ്. എന്നാൽ വാർധക്യ സഹജമായ അസുഖങ്ങളും അവശതകളും വന്നതോടെ താമസം സഹോദരനൊപ്പമാക്കി. വടക്കന്‍ പറവൂറിലെ കരമാനൂരിലെ വീട്ടില്‍ വിശ്രമ ജീവിതത്തിലാണ് ഇപ്പോള്‍ കവിയൂര്‍ പൊന്നമ്മ.
എന്റെ ഇളയ സഹോദരനും കുടുംബവും എത്രയോ കാലമായി എന്റെ കൂടെയുണ്ട്. അവരാണ് എന്നെ നോക്കുന്നതും എന്റെ ആവശ്യങ്ങളെല്ലാം ചെയ്ത് തരുന്നതും. എന്നെ ആരും നോക്കുന്നില്ല എന്നില്ല നടതള്ളി എന്നൊക്കെയുള്ള വാര്‍ത്തകള്‍ പണിയില്ലാത്തവര്‍ ഉണ്ടാക്കുന്നതാണെന്നായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ അടുത്തിടെ വ്യാജ വാർത്തകൾ വന്നപ്പോൾ പ്രതികരിച്ച് പറഞ്ഞത്.

ഇപ്പോഴിത കവിയൂർ പൊന്നമ്മയെ സന്ദർശിച്ചിരിക്കുകയാണ് നടന്മാരായ ബൈജുവും ജഗദീഷും. പൊന്നമ്മ ചേച്ചിയോട് ഒപ്പം എന്ന തലക്കെട്ട് നൽകി ബൈജു സന്തോഷാണ് കവിയൂർ പൊന്നമ്മയെ സന്ദർശിച്ച വിവരം സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. ബൈജു പങ്കിട്ട ചിത്രം അതിവേഗത്തിൽ വൈറലായി. പൊന്നമ്മയുടെ ആരോഗ്യത്തെ കുറിച്ച് അന്വേഷിച്ചായിരുന്നു കമന്റുകൾ ഏറെയും.
അവശതയിലും നിറചിരിയോടെ പൊന്നമ്മയെ കാണാൻ സാധിച്ചതിന്റെ സന്തോഷവും ആരാധകർ പങ്കിട്ടിട്ടുണ്ട്. അമ്മയ്ക്ക് ചുറ്റും രണ്ട് മക്കൾ ഇരിക്കുന്നത് പോലെയാണ് തോന്നുന്നതെന്ന് കമന്റ് ചെയ്തവരും നിരവധിയാണ്. ജഗദീഷും ബൈജുവും മാത്രമല്ല നേരത്തെ ഷാജി കൈലാസ്, ഊർമിള ഉണ്ണി തുടങ്ങിയവരും കവിയൂർ പൊന്നമ്മയെ സന്ദർശിച്ചിരുന്നു.


Click it and Unblock the Notifications