'രാജിവെക്കേണ്ട ആവശ്യമില്ലായിരുന്നു... അതൊരു ഒളിച്ചോട്ടമായിപ്പോയി, എല്ലാ മേഖലയിലും ശുദ്ധി കലശം വരും'
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രമുഖ താരങ്ങൾക്കെതിരെയടക്കം ഉണ്ടായ വെളിപ്പെടുത്തലുകളുടെ കൂടി പശ്ചാത്തലത്തിൽ താര സംഘടനയായ അമ്മയുടെ ഭരണസമിതിയിലെ അംഗങ്ങൾ കൂട്ടത്തോടെ രാജിവെച്ചതിന്‍റെ ഞെട്ടലിലാണ് മലയാള സിനിമ. കഴിഞ്ഞ ദിവസമാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മോഹൻലാലും ഭരണ സമിതി ഒന്നടങ്കവും രാജിവക്കേണ്ടിവന്നത്. എന്നാൽ അമ്മ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളുടെ കൂട്ടരാജിയിലും ഭിന്നതയുണ്ട്. ഭരണസമിതിയിൽ നിന്നും എല്ലാവരും രാജിവച്ചിട്ടില്ലെന്ന് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സരയു മോഹന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
കൂട്ടരാജിയെന്ന തീരുമാനം ഏകകണ്ഠമായിട്ടല്ല എടുത്തതെന്നാണ് നടി സരയു പ്രതികരിച്ചത്. മോഹൻലാലിനൊപ്പം രാജിവെച്ചത് 13 പേരാണ്. ടൊവിനോ തോമസ്, അനന്യ, സരയു, വിനു മോഹൻ തുടങ്ങി നാലുപേർ രാജിവച്ചിട്ടില്ലെന്നാണ് വിവരം. അതേസമയം ഇപ്പോഴിതാ അമ്മയിലെ കൂട്ടരാജി ഒരു ഒളിച്ചോട്ടമായിപ്പോയിയെന്ന് പറയുകയാണ് നടൻ ബൈജു സന്തോഷ്.

ജനാധിപത്യപരമായിട്ടല്ലേ ജനറൽ ബോഡി തെരഞ്ഞെടുത്തതല്ലേ കമ്മിറ്റി. അതുകൊണ്ട് രാജിവെക്കേണ്ടായിരുന്നുവെന്നാണ് തന്റെ അഭിപ്രായമെന്നും താൻ കമ്മിറ്റിയിലുണ്ടായിരുന്നുവെങ്കിൽ രാജിവെക്കില്ലായിരുന്നുവെന്നും ബൈജു സന്തോഷ് മൂവി മാൻ ബ്രോഡ്കാസ്റ്റിങിനോട് സംസാരിക്കവെ പറഞ്ഞു. ആരെങ്കിലുമൊക്കെ അമ്മയുടെ നേതൃത്വത്തിലേക്ക് വരും. ആരും വരാതിരിക്കില്ല... ആരെങ്കിലുമൊക്കെ വരും. സിനിമാ മേഖലയിൽ ഒരു പ്രതിസന്ധിയുമില്ല.
എന്തിനാണ് പ്രതിസന്ധി..?. ഇതൊക്കെ ഒരു ശുദ്ധികലശമായി കണ്ടാൽ മതി. കുറേകാലം കഴിയുമ്പോൾ എല്ലാ മേഖലയിലും ശുദ്ധി കലശം വരും. അതുപോലെ കണ്ടാൽ മതി ഇതിനേയും. പുതുതലമുറ വരട്ടെ. ആരെങ്കിലുമൊക്കെ വരണ്ടേ... പിന്നെ അതുപോലെ നേതൃത്വത്തിലേക്ക് വരാൻ പൃഥ്വിരാജിന് കൂടി താൽപര്യം വേണ്ടേ... സ്ത്രീകൾക്ക് അവർ തന്നെയാണ് സുരക്ഷ ഒരുക്കേണ്ടത്. പ്രശ്നങ്ങൾ എല്ലായിടത്തുമുണ്ട്. പ്രശ്നങ്ങൾ ഇല്ലാത്ത സ്ഥലമുണ്ടോ. പ്രശ്നങ്ങളൊക്കെ ഇങ്ങനെ ഉണ്ടായിക്കൊണ്ടിരിക്കും.
അത് കുറേനാൾ കഴിയുമ്പോൾ അങ്ങ് മാഞ്ഞ് പോകും. കാരവാൻ ഇല്ലാതെയൊക്കെ സിനിമ എടുക്കാൻ പറ്റുമോ. ഈ പൊരിവെയിലത്ത് ഇരിക്കാൻ പറ്റുമോ?. ഇതൊക്കെ കാലത്തിന്റെ മാറ്റമാണ്. കാരവാൻ വന്നത് പോലെ ഇനി വേറെ പലതും വരും. സഹപ്രവർത്തകർക്കെതിരെ വന്ന ആരോപണങ്ങൾ തെളിയിക്കട്ടേ... കരുതി കൂട്ടിയുള്ളതാണോ അല്ലയോ എന്നൊന്നും എനിക്ക് അറിയില്ല. ആരോപണം പറഞ്ഞവർ അത് തെളിയിക്കണം... അത്രേയുള്ളു. ആരെ കുറിച്ചും എന്ത് വേണമെങ്കിലും നമുക്ക് ഉന്നയിക്കാം.
പക്ഷെ അത് തെളിയിക്കേണ്ടത് ആരോപിക്കുന്നവരുടെ ചുമതലയാണ്. ശരിക്കും പറഞ്ഞാൽ രാജിവെക്കേണ്ട ആവശ്യമില്ലായിരുന്നു. അതൊരു ഒളിച്ചോട്ടമായിപ്പോയി. ജനാധിപത്യപരമായിട്ടല്ലേ ജനറൽ ബോഡി തെരഞ്ഞെടുത്തതല്ലേ കമ്മിറ്റിയെന്ന് പറയുന്നത്. അതുകൊണ്ട് രാജിവെക്കേണ്ടായിരുന്നുവെന്നാണ് എന്റെ അഭിപ്രായം. ഞാൻ കമ്മിറ്റിയിലുണ്ടായിരുന്നുവെങ്കിൽ ഞാൻ രാജിവെക്കില്ലായിരുന്നു.

അമ്മയ്ക്ക് നാഥനൊക്കെ വരും. ആരെങ്കിലും വന്നോട്ടെ. പ്രാപ്തിയുള്ളവർ വന്നാൽ മതി. യുവതലമുറ തന്നെ വരണമെന്നൊന്നുമില്ല. പ്രാപ്തിയുള്ളവർ വരട്ടെ. എല്ലാകാലത്തും എല്ലാവർക്കും ഒരു സ്ഥാനത്ത് ഇരിക്കാൻ പറ്റില്ല. അത് മാറി കൊണ്ടിരിക്കും. ലോക തത്വം അങ്ങനെയാണെന്നാണ് ബൈജു സന്തോഷ് പറഞ്ഞത്.
ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്ന് സിനിമ രംഗത്തെ അതിക്രമങ്ങളിൽ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു. ആരോപണവിധേയനായ ജോയിന്‍റ് സെക്രട്ടറി ബാബുരാജ് മാറണമെന്ന് ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും വനിതാ അംഗങ്ങൾ ഉന്നയിച്ചതോടെ കൂട്ട രാജിയിലേക്ക് കാര്യങ്ങൾ നീങ്ങുകയായിരുന്നു.
അമ്മ സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ അമ്മയുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കുമെന്നാണ് മോഹൻലാൽ രാജിക്കത്തിൽ കുറിച്ചത്.


Click it and Unblock the Notifications











