'വീട്ടുകാർക്ക് അത്ര ഇഷ്ടമുണ്ടായിരുന്നില്ല; ബന്ധുക്കൾ വിളിക്കാൻ തുടങ്ങി; വിവാഹം കഴിഞ്ഞ നാളുകൾ'
മലയാളി അല്ലെങ്കിലും കേരളത്തിൽ വലിയ നേടിയ നടനാണ് ബാല. നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്ത ബാല ഓഫ് സ്ക്രീനിലും ഏവർക്കും പ്രിയങ്കരനാണ്. അടുത്തിടെ കരൾ രോഗ ബാധിതനായി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായപ്പോൾ ബാലയ്ക്ക് വേണ്ടി ഏവരും പ്രാർത്ഥിച്ചു. തനിക്കുള്ള ജനപ്രീതി ബാല അന്നാണ് കൂടുതലായും മനസ്സിലാക്കുന്നത്. ബാലയുടെ ജീവിതത്തിലെ ഉയർച്ചകളും താഴ്ചകളും മലയാളികൾ കണ്ടതാണ്.
വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങൾക്കിടെയാണ് ബാലയുടെ കരിയറിലും വീഴ്ചയുണ്ടാവുന്നത്. 2010 ലായിരുന്നു ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാഹം. എന്നാൽ 2019 ഓടെ ഇരുവരും വേർപിരിഞ്ഞു. മകളെ കാണാൻ അനുവദിക്കുന്നില്ലെന്ന് ആരോപണവുമായി ബാല പലവട്ടം രംഗത്ത് വന്ന സാഹചര്യം ഉണ്ടായി. എന്നാൽ ആശുപത്രിയിലായപ്പോൾ മകൾ അവന്തികയും അമൃതയും കാണാനെത്തി.

2021 ലാണ് ബാല രണ്ടാമതൊരു വിവാഹത്തിന് തയ്യാറാകുന്നത്. ഡോക്ടറായ എലിസബത്തിനെയാണ് നടൻ വിവാഹം ചെയ്തത്. വിവാഹജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ബാലയും എലിസബത്തും. ബാലയ്ക്കെതിരെ വന്ന ട്രോളുകൾ ആദ്യം കണ്ടപ്പോൾ വിഷമം തോന്നിയെന്ന് എലിസബത്ത് തുറന്ന് പറഞ്ഞു. പിന്നീട് അദ്ദേഹം ഇത് ആസ്വദിച്ചപ്പോൾ കുഴപ്പമില്ലാതായി.
കല്യാണം കഴിഞ്ഞ സമയമാണത്. ആൾക്കാരൊക്കെ പറയുന്നതിൽ ടെൻഷൻ തോന്നി. വീട്ടിൽ അത്ര ഇഷ്ടം കൊണ്ട് നടന്ന കല്യാണം അല്ല. ബന്ധുക്കൾ വിളിച്ച് ചോദിച്ച് തുടങ്ങി. പിന്നെ എന്തുണ്ടായാലും പ്രശ്നമില്ലെന്ന നിലയിലേക്ക് എത്തിയെന്ന് എലിസബത്ത് വ്യക്തമാക്കി. ബിഹൈന്റ്വുഡ്സുമായുള്ള അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

എലിസബത്തിനെ വിവാഹം ചെയ്തതിനെക്കുറിച്ച് ബാലയും സംസാരിച്ചു. സോഷ്യൽ മീഡിയയിലൂടെ എലിസബത്താണ് പ്രൊപ്പോസ് ചെയ്തത്. ആ സമയത്ത് എന്റെ മകളെ ഞാൻ ഒരുപാട് മിസ് ചെയ്തു. എലിസബത്ത് എന്റെ ജീവിതത്തിലേക്ക് വന്നപ്പോൾ ജീവിതത്തെക്കുറിച്ച് മറ്റൊരു കാഴ്ചപ്പാട് വന്നു.
ഞങ്ങൾ രണ്ട് പേരും രണ്ട് സോണിൽ ആയിരുന്നു. ഞാൻ ആക്ടറും ഇവൾ ഡോക്ടറും. ഭാര്യയെയോ ഭർത്താവിനെയോ വാങ്ങുകയല്ല. നമ്മൾ സ്നേഹം പങ്കുവെക്കുകയാണ്. ആ സ്നേഹമുള്ളിടത്ത് എന്ത് തർക്കമുണ്ടായാലും ഒരു പ്രശ്നവുമില്ലെന്ന് ബാല ചൂണ്ടിക്കാട്ടി. ആദ്യ ഭാര്യ അമൃയുമായുള്ള ബാലയുടെ വിവാഹമോചനം ഇപ്പോഴും ചർച്ചയാകാറുണ്ട്. അടുത്തിടെ അമൃതയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
പങ്കാളി ഗോപി സുന്ദറുമായി അമൃത പിരിഞ്ഞെന്നാണ് സൂചന. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മകളുടെ കാര്യത്തിനപ്പുറം അമൃതയുടെ വ്യക്തി ജീവിതത്തിൽ ഇടപെടാൻ താൽപര്യമില്ലെന്ന് അടുത്തിടെ ബാല വ്യക്തമാക്കി. ആരോഗ്യം വീണ്ടെടുത്ത് പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തിയ ബാല ലൈം ലൈറ്റിൽ വീണ്ടും സജീവമാവുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി നടന്റെ നിരവധി അഭിമുഖങ്ങൾ പുറത്ത് വന്നു. ആരോഗ്യം വീണ്ടെടുത്ത ശേഷം ബാല വീണ്ടും വിവാദങ്ങളിലേക്ക് നീങ്ങുകയാണെന്ന വിമർശനം ആരാധകർക്കുണ്ട്.
യൂട്യൂബർമാരുമായുള്ള ബാലയുടെ വഴക്ക് കഴിഞ്ഞ ദിവസം വലിയ ചർച്ചയായിരുന്നു. ഇതിന് മുമ്പ് നടൻ ഉണ്ണി മുകുന്ദനുമായുള്ള പ്രശ്നമാണ് ബാലയെ വാർത്തകളിൽ നിറച്ചത്. അന്നും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നെന്ന ആക്ഷേപം ബാലയ്ക്ക് കേൾക്കേണ്ടി വന്നു. ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രതിഫല തർക്കമാണ് ബാലയും ഉണ്ണി മുകുന്ദനും തമ്മിൽ ഉണ്ടായത്. എന്നാൽ ബാല ആശുപത്രിയിലായപ്പോൾ ഉണ്ണി മുകുന്ദൻ തർക്കം മാറ്റിവെച്ച് ബാലയെ കാണാനെത്തി.


Click it and Unblock the Notifications