അപേക്ഷിക്കുന്നു, എലിസബത്തിനൊപ്പം ജീവിച്ചയാളാണ് ഞാൻ; മയപ്പെട്ട് ബാല; അവസാന അടവെന്ന് കമന്റ്
എലിസബത്ത് ഉദയന്റെ ആരോപണങ്ങൾ തുടരവെ സമവായ ശ്രമത്തിന് നടൻ ബാല. തന്നെയും കുടുംബത്തെയും വെറുതെ വിടാൻ എലിസബത്തിനോട് ബാല അപേക്ഷിക്കുന്നു. താനും എലിസബത്തും ഒരുമിച്ച് ജീവിച്ചവരാണെന്നും എലിസബത്ത് മാനസിക പ്രശ്നമുണ്ടെന്നും ബാല പുതിയ വീഡിയോയിൽ പറയുന്നുണ്ട്. തന്റെ മുറിയിലേക്ക് ബാല മറ്റൊരാളെ വിളിച്ച് കയറ്റിയെന്ന ആരോപണത്തിന് തെളിവായി കഴിഞ്ഞ ദിവസം ശബ്ദരേഖ എലിസബത്ത് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബാല പ്രതികരണവുമായെത്തിയിരിക്കുന്നത്.
എന്റെ ജീവിതത്തിൽ എലിസബത്ത് എന്റെ കൂടെ ഉണ്ടായിരുന്നു. ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു. കുറച്ച് പ്രശ്നങ്ങളുണ്ടായി. ഞങ്ങൾ തമ്മിലുള്ള കാര്യങ്ങൾ പുറത്ത് ഒരാൾക്കും മനസിലാകില്ല. എലിസബത്ത് ഡോക്ടറാണെന്ന് പറയുന്നു. രണ്ട് ചേട്ടൻമാരും ഡോക്ടേർസ് ആണ്. അച്ഛനും അമ്മയും പഠിച്ചവരാണ്. പ്രൊഫസർമാരാണ്. ഉദയൻ സർ വളരെ നല്ല മനുഷ്യനാണ്. എലിസബത്തിന്റെ അച്ഛനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.

അവരോട് ആരോടും എനിക്ക് യാതൊരു തർക്കവും ഇല്ല. എലിസബത്തിന് വേണ്ടത് മെഡിക്കൽ അറ്റൻഷനാണ്. മീഡിയ അറ്റൻഷൻ അല്ല. ഞാൻ ഒപ്പം ജീവിച്ച മനുഷ്യനാണ്. എനിക്കേ അതിന്റെ കാര്യങ്ങൾ അറിയൂ. ഓരോ വാക്കും ഞാൻ സൂക്ഷിച്ചാണ് പറയുന്നത്. അവൾക്ക് മെഡിക്കൽ സഹായം വേണം. എലിസബത്തിന്റെ കുടുംബത്തിൽ ഞാനും ഒരു ഭാഗമായിരുന്നെങ്കിൽ തീർച്ചയായും അത് ചെയ്തിട്ടുണ്ടാകും.
ഞാൻ അപേക്ഷിക്കുകയാണ്. ഞാനും കോകിലയും നന്നായി ജീവിക്കട്ടെ. നിങ്ങൾക്കെല്ലാ കാര്യവും അറിയാം. ഇതെന്റെ ലാസ്റ്റ് വീഡിയോ ആണ്. എലിസബത്തിനെക്കുറിച്ച് എനിക്കിനി സംസാരിക്കാൻ പറ്റില്ല. എനിക്കുള്ള ആശങ്ക പോലും നിങ്ങൾക്കില്ലേയെന്ന് ബാല പറയുന്നു. യൂട്യൂബിലൂടെ തന്നെ അപമാനിച്ചവർക്കെതിരെ മാനനഷ്ടത്തിന് കേസ് വരുമെന്ന് നൂറ് ശതമാനം ഉറപ്പാണ്. നിയമമെന്താണെന്ന് മുഴുവനും നിങ്ങൾ പഠിച്ചില്ല. എത്ര നിയമം നിങ്ങൾ തെറ്റിച്ചു. എന്നെയും എന്റെ കുടുംബത്തെയും തെറി വിളിച്ച് നിങ്ങൾ കുറേ പെെസയുണ്ടാക്കി. രണ്ട് ലക്ഷവും മൂന്ന് ലക്ഷവും നിങ്ങൾക്ക് വന്നിട്ടുണ്ടെങ്കിൽ മാനനഷ്ടക്കേസിൽ എനിക്ക് തരേണ്ടി വരുന്ന തുകയെത്രയെന്ന് ഒരു നല്ല അഭിഭാഷകനോട് നിങ്ങൾ ചോദിക്കുക.

ഈ ടോപ്പിക്ക് നിർത്തുക. ഞാനും കോകിലയും ഒരു വഴക്കിനും ഇല്ല. ഞാൻ റേപ്പ് ചെയ്തിട്ടില്ല. ഞാനൊരു ലിവർ പേഷ്യന്റ് ആയിരുന്നു. ഇന്ന് തൊട്ട് എലിസബത്തിനെക്കുറിച്ച് ഒരു വീഡിയോയും ഞാനോ കോകിലയോ ഇടില്ല. കാരണം ഒരു സമയത്ത് അവളെന്ന സഹായിച്ചിട്ടുണ്ട്. ഇല്ലെന്ന് ഞാൻ പറയില്ല. ഞാനൊരു പേഷ്യന്റ് ആയിരുന്നപ്പോൾ എന്നെ ചികിത്സിച്ചു. ബാക്കിയുള്ളവരെല്ലാം ഈ സാഹചര്യം വെച്ച് മുതലെടുക്കുകയാണ്.
ഞാനും എന്റെ കുടുംബവും സമാധാനമായി ജീവിക്കട്ടെ. ഞങ്ങൾ കല്യാണം കഴിച്ചിട്ട് അഞ്ച് മാസം ആയതേയുള്ളൂ. ഒരു കുടുംബത്തെ നശിപ്പിച്ചാൽ കർമ്മ തിരിച്ചടിക്കും. നിയമം മാറിയത് യൂട്യൂബേർസിന് അറിയില്ല. നല്ല മനസ് കൊണ്ട് പറയുകയാണ് ഞങ്ങളെ വിട്ടേക്ക്. ഞങ്ങളുടെ കുടംബത്തെ വിട്ടേക്ക്. എന്നെയും കോകിലയെയും ഞങ്ങൾക്ക് ജനിക്കാൻ പോകുന്ന കുട്ടിയെയും വിട്ടേക്ക്.
ഞങ്ങളെ വിട്ട് നിങ്ങളുടെ കുടുംബം നോക്കി അന്തസായി പെെസയുണ്ടാക്കി നോക്കെന്നും ബാല പറയുന്നു. അതേസമയം വീഡിയോക്ക് താഴെ നടനെ പരിഹസിച്ചും വിമർശിച്ചും നിരവധി കമന്റുകൾ വരുന്നുണ്ട്. കുടുങ്ങു എന്നുറപ്പായപ്പോൾ അവസാനത്തെ അടവുമായെത്തിയിരിക്കുകയാണ് ബാലയെന്നും എലിസബത്തിനെ ഭ്രാന്തിയായി ചിത്രീകരിക്കാനാണ് നീക്കമെന്നും കമന്റുകളുണ്ട്.
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുന്നു എന്നാരോപിച്ച് എലിസബത്തിനും യൂട്യൂബർ അജു അലക്സിനുമെതിരെ ബാല പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ബാല ബെഡ്റൂമിൽ താനുള്ളപ്പോൾ മറ്റൊരാളെ വിളിച്ച് കയറ്റിയെന്ന് തെളിയിക്കുന്ന ശബ്ദരേഖ എലിസബത്ത് പുറത്ത് വിട്ടു. ബാല തനിക്ക് മോതിരമണിയിച്ച വീഡിയോയും എലിസബത്ത് പങ്കുവെച്ചു. ഇനി ഭയന്ന് പിന്മാറില്ലെന്നും കേസ് വന്നാലും ബാലയ്ക്കെതിരെ മുന്നോട്ട് നീങ്ങുമെന്നാണ് എലിസബത്ത് പറയുന്നത്. താൻ പീഡിപ്പിക്കപ്പെട്ടെന്ന് തുറന്ന് പറഞ്ഞിട്ട് പോലും മാധ്യമങ്ങൾ ബാലയ്ക്കെതിരെ ചോദ്യങ്ങൾ ചോദിച്ചില്ലെന്ന് എലിസബത്ത് വിമർശിക്കുന്നുണ്ട്. ബാലയ്ക്കെതിരെ നിയമപരമായി നീങ്ങണമെന്ന് എലിസബത്തിനെ ഉപദേശിക്കുന്നവർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ വലിയ പിന്തുണ എലിസബത്തിന് ലഭിക്കുന്നുണ്ട്.
ബാലയ്ക്കെതിരെ യൂട്യൂബർ അജു അലക്സും സംസാരിക്കുന്നുണ്ട്. ബാലയുടേത് കള്ളക്കേസാണെന്നും തന്നെ ബാല തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അജു അലക്സ് പറയുന്നു. താൻ കൊടുത്ത കേസിൽ പൊലീസിന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടായിട്ടില്ലെന്ന് അജു അലക്സ് പറയുന്നുണ്ട്. ബാലയുടെ നീക്കങ്ങൾ കാരണം താൻ കുറ്റവാളിയാകാനുള്ള സാധ്യതയുണ്ടെന്ന് അജു അലക്സ് പറയുന്നുണ്ട്.
ഇതാണ് കളിയെങ്കിൽ ഞാൻ കുറ്റവാളിയായേക്കും. എലിസബത്ത് എനിക്ക് സാക്ഷിയാണ്. അത് എന്റെ ആവശ്യമാണ്. ബാലയിൽ നിന്നും താൻ 50 ലക്ഷം രൂപ ആവശ്യപ്പെട്ടിട്ടില്ല. കേസുമായി എത്രത്തോളം മുന്നോട്ട് പോകാൻ പറ്റുമോ അത്രയും മുന്നോട്ട് പോകും. കള്ളക്കേസ് കൊടുത്താൽ പിന്മാറുമെന്നാണ് അവർ വിചാരിക്കുന്നത്. ഇനി ഇതിന്റെ അങ്ങേയറ്റം പോകും. കള്ളക്കേസ് കൊടുത്തതും തെളിയിക്കുമെന്നും അജു അലക്സ് പറയുന്നു.
കഴിഞ്ഞ ദിവസം പരാതി നൽകിയ ശേഷം വെെകാരികമായാണ് ബാല മാധ്യമങ്ങളോട് പ്രതികരിച്ചത്. എലിസബത്ത് തന്നെക്കുറിച്ച് ഇല്ലാത്ത കഥകൾ പ്രചരിപ്പിക്കുന്നു എന്നായിരുന്നു ബാലയുടെ ആരോപണം. വെബ് സീരീസ് പോലെ എപ്പിസോഡ് ആയിട്ടല്ലേ വരുന്നത്. മനസ് നൊന്ത് ഒരു കാര്യം ചോദിക്കട്ടെ. ഞാൻ റേപ്പ് ചെയ്യുന്ന ആളാണോ. ഒരു സ്ത്രീയെ ഒരാൾ ഒന്നര വർഷം റേപ്പ് ചെയ്ത് കൊണ്ടിരിക്കുമോ. അമ്മയുടെ പ്രായത്തിലുള്ളവരോട് എനിക്ക് ലെെംഗിക താൽപര്യമുണ്ടെന്ന് പറഞ്ഞു. ഇങ്ങനെ ഒരു ഡോക്ടർ സംസാരിക്കുമോ. അല്ലെങ്കിൽ മെന്റൽ പേഷ്യന്റ് സംസാരിക്കുമോയെന്നും ബാല ചോദിച്ചു.
ഭാര്യ കോകിലയെ അധിക്ഷേപിക്കുന്നെന്നും ബാല ആരോപിച്ചു. എന്റെ ഭാര്യയെ എടി വാടീ എന്ന് പറഞ്ഞാൽ ഞാൻ നടൻ ബാലയായിരിക്കില്ല. ചിലപ്പോൾ ഇടിക്കും. വയലൻസ് വേണ്ടെന്ന് പറഞ്ഞ് നിയമപരമായി പോയിരിക്കുകയാണ് ഇപ്പോഴെന്നും ബാല പറഞ്ഞു. എലിസബത്തുമായുള്ള ബാലയുടെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. ഇതിന് പിന്നിൽ ചതിയായിരുന്നെന്നാണ് എലിസബത്ത് പറയുന്നത്. തന്നെ ജോലിക്കാരിയെ പോലെ കണ്ടു. വിവാഹം ചെയ്തത് കരൾ രോഗമുള്ള വിവരം മറച്ച് വെച്ചാണ്.
മദ്യപിച്ച് ബാല തന്നെ ഉപദ്രവിച്ചിരുന്നെന്നും എലിസബത്ത് ആരോപിച്ചു. പല തവണ മർദ്ദിച്ചു, ഭീഷണിപ്പെടുത്തി, പല സ്ത്രീകളുമായി ബന്ധം വെച്ചെന്നും എലിസബത്ത് പറയുന്നുണ്ട്. താനുമായി പ്രണയത്തിലായിരുന്ന സമയത്ത് മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു താമസം. പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു. ഇതിന് തെളിവുകളുണ്ടെന്നും എലിസബത്ത് പറയുന്നുണ്ട്. നേരത്തെ ബാലയുടെ ആദ്യ ഭാര്യ അമൃത സുരേഷും ബാലയ്ക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
ബാലയുടെ മർദ്ദനമേൽക്കേണ്ടി വന്നതിനെക്കുറിച്ച് അമൃത തുറന്ന് സംസാരിക്കുകയുണ്ടായി. പ്രശ്ന കലുഷിതമായാണ് അമൃത-ബാല ബന്ധം അവസാനിച്ചത്. അന്ന് പലരും ബാലയെ പിന്തുണച്ചു. മകളെ കാണാൻ അമൃത അനുവദിക്കുന്നില്ലെന്ന ബാലയുടെ വാദം മിക്കവരും വിശ്വസിച്ചു. എന്നാൽ അമൃതയുടെ തുറന്ന് പറച്ചിലും എലിസബത്തിന്റെ വെളിപ്പെടുത്തലുകളും കൂടി വന്നതോടെ ബാലയ്ക്കെതിരെ വ്യാപക വിമർശനം വരുന്നുണ്ട്.


Click it and Unblock the Notifications