'ബാലയ്ക്ക് ആ കുഞ്ഞിനെ കാണാൻ വേണ്ടിയാണ് ഞാൻ അന്ന് ആ നുണ പറഞ്ഞത്, എല്ലാവരും എന്നോട് ക്ഷമിക്കുക'; സൂരജ്
ബാലയെ അടുത്തറിയാവുന്നവരെല്ലാം സൂരജ് പാലാക്കാരനോട് ബാല ഇനി ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത വളരെ കുറവാണെന്ന് പറഞ്ഞതിൽ വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു
നടൻ ബാല കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണെന്ന വിവരം ഒട്ടുമിക്ക ആളുകളും ആദ്യം അറിഞ്ഞത് സോഷ്യൽമീഡിയ ഇന്റഫ്ല്യൂവൻസറായ സൂരജ് പാലാക്കാരൻ പങ്കുവെച്ച വീഡിയോയിലൂടെയാണ്. ബാല ഇനി ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത വളരെ കുറവാണെന്ന് കൂടി സൂരജ് പറഞ്ഞതോട് ആരാധകരടക്കം എല്ലാവരും പ്രാർഥനയിലായിരുന്നു.
സൂരജിന്റെ വീഡിയോ വൈറലായതോടെ ബാലയ്ക്ക് അസുഖം വളരെ സീരിയസാണെന്നത് തെറ്റാണെന്നും നടൻ സ്റ്റേബിളാണെന്നും സുഹൃത്തുക്കളും ബന്ധുക്കളും അറിയിച്ചു. മറ്റുള്ള വാർത്തകൾ ഫേക്കാണെന്നും നടന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞിരുന്നു.

ശേഷം ബാലയെ അടുത്തറിയാവുന്നവരെല്ലാം സൂരജ് പാലാക്കാരനോട് ബാല ഇനി ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത വളരെ കുറവാണെന്ന് പറഞ്ഞതിൽ വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിത താൻ എന്തിനാണ് അങ്ങനൊരു നുണ പറഞ്ഞതെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് സൂരജ് പാലാക്കാരൻ.
'യുട്യൂബിൽ നിന്നോ ഫേസ്ബുക്കിൽ നിന്നോ പണമുണ്ടാക്കാനായി വീഡിയോ ചെയ്യുന്നയാളല്ല ഞാൻ. മാസത്തിൽ ഒന്നോ, രണ്ടോ വീഡിയോ മാത്രം ചെയ്യുന്നയാളാണ് ഞാൻ. വാർത്തകൾ സൃഷ്ടിക്കാനായി ഞാൻ ഇറങ്ങി തിരിക്കാറില്ല. എനിക്ക് ജെനുവിനായി തോന്നുന്ന കാര്യങ്ങൾ ഞാൻ ചെയ്യുന്നു.'
'അത് ചിലർക്ക് ഇഷ്ടപ്പെടാം മറ്റ് ചിലർക്ക് ഇഷ്ടപ്പെടാതിരിക്കാം. കഴിഞ്ഞ ദിവസം ഞാൻ നടൻ ബാല വളരെ സീരിയസായി അമൃത ഹോസ്പിറ്റലിൽ ചികിത്സയിലാണെന്ന് പറഞ്ഞ് ആദ്യമായി വാർത്ത പ്രേക്ഷകരിലേക്കും മീഡിയയിലേക്കും എത്തിച്ചത് ഞാനാണ്. പക്ഷെ ആ വീഡിയോയിൽ ഞാൻ ഉപയോഗിച്ച ഒരു വാക്ക് ബാലയുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ബാലയെ സ്നേഹിക്കുന്ന ഒരുപാട് പേർക്കും വലിയ വിഷമമുണ്ടായി.'
'ബാല തിരിച്ച് വരാൻ സാധ്യത വളരെ കുറവാണ് എന്നതായിരുന്നു ആ വാക്ക്. ശരിയാണ് ബാല തിരിച്ച് വരാൻ സാധ്യത വളരെ കുറവാണെന്ന് ഞാൻ പറഞ്ഞതാണ്. അങ്ങനെ എന്തിനാണ് ഞാൻ പറഞ്ഞതെന്ന് വെച്ചാൽ എനിക്ക് വ്യക്തമായ ഒരു ഉദ്ദേശമുണ്ടായിരുന്നു.'
'ബാലയുടെ സുഹൃത്തുക്കളിൽ പലരും എന്നോട് എന്തിനാണ് അങ്ങനെയൊരു വാക്ക് ഉപയോഗിച്ചത് എന്നതിൽ വിശദീകരണം ചോദിച്ചിരുന്നു. അങ്ങനെ പറയാനുള്ള കാരണം... കുറെ കാലങ്ങളായി ബാല ആഗ്രഹിക്കുന്ന ഒന്നായിരുന്നു ബാലയുടെ കുട്ടിയെ കാണണം, ബാലയുമായി പിണക്കത്തിലായ ചില സൗഹൃദങ്ങൾ കൂട്ടി യോജിപ്പിക്കണം, പിണങ്ങിയിരിക്കുന്ന ബന്ധുക്കളുമായുള്ള ബന്ധം കൂട്ടി യോജിപ്പിക്കണം എന്നുള്ളത്.'
'ബാലയുടെ ഈ ആഗ്രഹം സാധിക്കുന്നതിന് വേണ്ടിയാണ് ഞാൻ ബാല തിരികെ ജീവിതത്തിലേക്ക് വരാൻ സാധ്യതയില്ലെന്ന് പറഞ്ഞത്. ബാലയ്ക്ക് അസുഖമാണേ.... ആശുപത്രിയിലാണേ എന്നൊക്കെ മാത്രമാണ് അന്ന് ഞാൻ വീഡിയോയിൽ പറഞ്ഞിരുന്നതെങ്കിൽ ബാലയ്ക്ക് ആ കുഞ്ഞിനെ കാണാൻ കഴിയുമായിരുന്നില്ല.'

'കുറെനാളുകളായി ആ കുട്ടിയെ ബാലയ്ക്ക് ഒന്ന് കാണിച്ചുകൊടുക്കാൻ പലരും ശ്രമിച്ചതാണ് പക്ഷെ നടന്നില്ല. ഇനി നടക്കില്ലെന്നും ഉറപ്പായിരുന്നു. പക്ഷെ ബാലയ്ക്ക് ആ കുഞ്ഞിനെ നമ്മുടെ ഭാഗ്യം കൊണ്ട് കാണാൻ പറ്റി. മാത്രമല്ല ബാലയുടെ ജേഷ്ഠൻ കാണാൻ വന്നു. ഉണ്ണി മുകുന്ദൻ കാണാൻ വന്നു. പിന്നെ ഞാൻ കാപ്ഷനിൽ കൊടുത്തത് പോലെ ആ ശാപം ഞാനേൽക്കുകയാണ്.'
'കാരണം ഒരു നല്ല ഉദ്ദേശത്തോട് കൂടി മാത്രമാണ് ഞാൻ അത് പറഞ്ഞത്. ഒരിക്കലും ഒരാൾ വീണ് കിടക്കുമ്പോൾ അയാൾ ഇനി തിരിച്ചുവരില്ലെന്ന് പറയാൻ പാടില്ലാത്തതാണ്. പക്ഷെ എന്റെ ഉദ്ദേശ ശുദ്ധി നടന്നു. അമൃതയുടെ അനിയത്തിയോട് കുഞ്ഞിനെ കാണാൻ ബാല ആഗ്രഹിക്കുന്നുവെന്ന് ആദ്യം പറഞ്ഞത് ഞാനാണ്.'
'പിന്നെ എന്തിനാണ് ഈ നിർമാതാവ് ബാദുഷയൊക്കെ ബാല ആഗ്രഹം പറഞ്ഞുവെന്നൊക്കെ മീഡിയയോട് പറയുന്നത്. ഇത്രയും കാലം ഈ സിനിമക്കാരൊക്കെ എവിടെയായിരുന്നു. അയാൾക്ക് ആരോഗ്യം ഉണ്ടായിരുന്ന സമയത്ത് നിങ്ങൾക്ക് ഇതൊക്കെ ചെയ്യാമായിരുന്നില്ലേ. പക്ഷെ ഞാൻ നുണ പറയേണ്ടി വന്നില്ലേ അത് നടക്കാൻ വേണ്ടി.'
'ബാല തിരിച്ചുവരില്ലെന്ന് എന്റെ നാവ് കൊണ്ട് നിങ്ങൾ പറയിപ്പിച്ചില്ലേ. ആ ഒരു വാക്ക് ഞാൻ ഉപയോഗിച്ചതിൽ ക്ഷമ ചോദിക്കുന്നു. കുഞ്ഞിനെ കൊണ്ട് കാണിക്കാൻ മനസ് കാണിച്ച അമൃതയ്ക്കും കുടുംബത്തിനും നന്ദി പറയുന്നു' സൂരജ് പാലാക്കാരൻ പറഞ്ഞു.


Click it and Unblock the Notifications