'കാണാതിരിക്കുന്നതാണ് നല്ലതെന്ന് പലരും പറഞ്ഞു... പക്ഷെ ഞാൻ പോയി... ദൈവമെന്ന മേക്കപ്പ്മാന്റെ ക്രൂരത കണ്ടു'
ഇന്ത്യന്‍ സിനിമയിലെ അപൂര്‍വ്വ നടിമാരില്‍ ഒരാളായ ശ്രീവിദ്യ മരിച്ചിട്ട് ഒന്നര പതിറ്റാണ്ട് കാലമായി. ഇന്നും മലയാളികൾ വളരെ വേദനയോടെ ഓർക്കുന്ന ഒരു അഭിനേത്രിയാണ് ശ്രീവിദ്യ. തിരശീലയിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ പോലെ വൈകാരികത നിറഞ്ഞതായിരുന്നു ശ്രീവിദ്യയുടെ ജീവിതവും. വ്യക്തി ജീവിതത്തിലുണ്ടായ അനുഭവങ്ങളെ കുറിച്ച് പല അഭിമുഖങ്ങളിലൂടെ വ്യക്തമാക്കിയ ശ്രീവിദ്യയോട് അത് കേൾക്കുമ്പോൾ ആർക്കായാലും സ്നേഹവും ബഹുമാനവും തോന്നിപ്പോകും.
ഒടുവിൽ കാൻസർ ബാധിച്ചിരുന്ന സമയത്ത് പോലും അഭിനയം തുടർന്ന അവസാനം വരെ തന്റെ പ്രിയപ്പെട്ട കലയെ ചേർത്ത് വെച്ച കലാകാരിയായിരുന്നു അവർ. മലയാള സിനിമകണ്ട എക്കാലത്തെയും മികച്ച അഭിനേത്രികളിലൊരാളായ ശ്രീവിദ്യയും അവർ സമ്മാനിച്ച കഥാപാത്രങ്ങളും അരങ്ങൊഴിയാതെ തലമുറകളോളം സഞ്ചരിച്ച് കൊണ്ടേയിരിക്കും. ശ്രീവിദ്യയ്ക്ക് സിനിമയിൽ ഒരുപാട് നല്ല സൗഹൃദങ്ങൾ ഉണ്ടായിട്ടുണ്ട്.

അതിൽ ഒന്ന് നടനും സംവിധായകനും തിരക്കഥാകൃത്തുമെല്ലാമായ ബാലചന്ദ്ര മേനോനുമായാണ്. ഇരുവരും ഒരുമിച്ച് നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. ആ അഭിനയത്തിലൂടെ തന്നെയാണ് സൗഹൃദം വളർന്നതും. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം പലപ്പോഴും തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ താരം സിനിമയിൽ അത്ര സജീവമല്ല. അതുകൊണ്ട് തന്നെ സോഷ്യൽമീഡിയ വഴിയാണ് അദ്ദേഹത്തിന്റെ വിശേഷങ്ങൾ ആരാധകർ അറിയുന്നതും.
ഇപ്പോഴിതാ നടി ശ്രീവിദ്യയെ കുറിച്ച് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ ബാലചന്ദ്ര മേനോൻ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. കാണാൻ പോകരുതെന്ന് പലരും വിലക്കിയിട്ടും മൃതദേഹം കാണാൻ പോയപ്പോഴുണ്ടായ അനുഭവവും ബാലചന്ദ്ര മേനോൻ വിവരിച്ചു. കലാകാരി എന്ന നിലയില്‍ അര്‍ഹിക്കുന്ന അംഗീകാരം ശ്രീവിദ്യയ്ക്ക് ലഭിച്ചില്ലെന്നും ബാലചന്ദ്ര മേനോൻ പറയുന്നു.
എന്റെ സിനിമാജീവിതത്തിലെ ആദ്യത്തെ അമ്മ കവിയൂര്‍ പൊന്നമ്മയല്ല... ശ്രീവിദ്യയാണ്. താരാട്ട് എന്ന ചിത്രത്തില്‍ വിദ്യ എന്റെ അമ്മയായിരുന്നു. എന്റെ അമ്മ ലോകത്തിലെ ഏറ്റവും സുന്ദരിയായിരിക്കണം എന്ന നിര്‍ബന്ധമായിരുന്നു അതിന്റെ പിന്നില്‍. അന്ന് മുതല്‍ നല്ലൊരു ബന്ധം അവരുമായി ഉണ്ടായിരുന്നു. പ്രവൃത്തിയിലും പെരുമാറ്റത്തിലും പ്രൗഢി കാത്തുസൂക്ഷിച്ച ശ്രീവിദ്യ സിനിമയ്ക്ക് അതീതമായ വ്യക്തിത്വം നിലനിര്‍ത്തി.
നല്ല നര്‍മബോധമുണ്ടായിരുന്ന സ്ത്രീയായിരുന്നു ശ്രീവിദ്യ. അവരുടെ അനുകരണ വാസന അപാരമാണ്. സെറ്റില്‍ വരുമ്പോള്‍ എന്റെ മാനറിസങ്ങള്‍ പ്രത്യേകിച്ചും ഞാന്‍ സംവിധാനം ചെയ്യുന്ന രീതി, നിര്‍ദേശങ്ങള്‍ കൊടുക്കുന്ന രീതി, നടപ്പ് തുടങ്ങിയവയൊക്കെ എനിക്കും മറ്റുള്ളവര്‍ക്ക് മുന്നിലും അനുകരിച്ച് കാട്ടാറുണ്ട്.
ഇത് കണ്ട് സെറ്റ് മുഴുവന്‍ ഇളകി ചിരിച്ചിട്ടുണ്ട്. വിദ്യ അത്യാസന്ന നിലയിലാണെന്ന് അറിഞ്ഞ നിമിഷം ഞാനവരെ ഫോണില്‍ വിളിച്ചു. അതൊരു വൈകിയ രാത്രിയായിരുന്നു.

ഒരിക്കലും ഒരു രോഗിണിയോടാണ് സംസാരിക്കുന്നത് എന്ന തോന്നലുണ്ടാക്കരുതെന്ന നിര്‍ബന്ധബുദ്ധിയോടെ ഞാന്‍ പറഞ്ഞു. മഹാന്മാര്‍ മദ്യപിക്കുന്നതുപോലെ, അതിലും ചെറിയ മഹാന്മാര്‍ ചീട്ടുകളിക്കുന്നതുപോലെ, ആശുപത്രിയിലെ ബോറടി മാറ്റാന്‍ മാത്രം ഞാനും ഭാര്യയും അങ്ങോട്ട് വരട്ടേ? എന്റെ ഭാര്യ വരദ ഫോണ്‍ വാങ്ങി.
ബാലുജിക്ക് തന്നോടുള്ള പരിഗണന അറിയാമെന്നും എന്നാല്‍ രോഗം പകര്‍ച്ചവ്യാധിയായതുകൊണ്ട് ഒരു കാരണവശാലും വരരുതെന്നും പറഞ്ഞിട്ട് ഫോണ്‍ എനിക്കുതരാന്‍ വിദ്യ ആവശ്യപ്പെട്ടു. ശേഷം സീരിയല്‍ മാലയോഗത്തിന്റെ ഷൂട്ടിങ് വേളയില്‍ വിദ്യയെ ആശുപത്രിയില്‍ പരിചരിച്ചിരുന്ന അംബുജത്തിന്റെ കരച്ചില്‍ എന്റെ ചെവിയിലെത്തി.
പോയി സര്‍... ചേച്ചി പോയി... ഷൂട്ടിങ് നിര്‍ത്തി മേക്കപ്പഴിച്ച് ഞാന്‍ ഉത്രാടം തിരുനാള്‍ ആസ്പത്രിയിലെത്തി. മരണാനന്തര തയ്യാറെടുപ്പിന് ആശുപത്രി അധികൃതര്‍ കിണഞ്ഞ് പരിശ്രമിക്കയാണ്. വളരെയടുത്ത ആള്‍ക്കാര്‍ക്ക് മാത്രം മൃതദേഹം കാണാം.
എന്നോട് പലരും പറഞ്ഞു. കാണാതിരിക്കുന്നതാണ് നല്ലത്. കണ്ടാല്‍ നിങ്ങള്‍ വിശ്വസിക്കില്ല. പക്ഷെ എന്റെ മനസ് പറഞ്ഞു. ഞാന്‍ കണ്ടില്ല എന്നതുകൊണ്ട് സത്യം സത്യമല്ലാതാകുന്നില്ല. ഇതെന്റെ സിനിമയിലെ ആദ്യത്തെ അമ്മയാണ്. എന്റ ആദ്യത്തെ ഇണപ്പാട്ടുകാരിയാണ്.
എന്റെ കുടുംബസുഹൃത്താണ്. എനിക്ക് അവസാനമായി ഒന്ന് കാണാതെ വയ്യ. ഞാന്‍ കണ്ടു... ദൈവമെന്ന മേക്കപ്പ്മാന്റെ ക്രൂരമായ ചെയ്തി ആ മുഖത്ത്... എന്ന് പറഞ്ഞാണ് ബാലചന്ദ്ര മേനോൻ പ്രിയ സുഹൃത്ത് ശ്രീവിദ്യയുമായുള്ള ഓർമകൾ പറഞ്ഞ് അവസാനിപ്പിച്ചത്.


Click it and Unblock the Notifications











