99 ശതമാനം ചെയ്താലും ആ ഒരു ശതമാനത്തിൽ കുറ്റം പറയും; ബാലചന്ദ്ര മേനോനെക്കുറിച്ച് ഭാര്യ പറഞ്ഞത്
മലയാള സിനിമാ ലോകത്ത് വിവിധ മേഖലകളിൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ച കലാകാരൻ ആണ് ബാലചന്ദ്ര മേനോൻ. സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ എന്നീ നിലകളിൽ എല്ലാം ബാലചന്ദ്ര മേനോൻ മികവ് പുലർത്തി. 1998 ൽ പുറത്തിറങ്ങിയ സമാന്തരങ്ങൾ എന്ന സിനിമയിലെ അഭിനയത്തിന മികച്ച നടനുള്ള ദേശീയ പുരസ്കാരവും ബാലചന്ദ്ര മേനോൻ നേടി. ഇദ്ദേഹം സ്വയം രചനയും സംവിധാനവും നിർവഹിച്ച സിനിമ ആയിരുന്നു ഇത്.

ശോഭന, പാർവതി, മണിയൻ പിള്ള രാജു, ആനി, കാർത്തിക, നന്ദിനി തുടങ്ങിയ പ്രമുഖ താരങ്ങളെ മലയാള സിനിമയിലെത്തിച്ചത് ബാലചന്ദ്ര മേനോൻ ആണ്. വരദ ആണ് ഇദ്ദേഹത്തിന്റെ ഭാര്യ. ഭാര്യയോടൊപ്പം വർഷങ്ങൾക്ക് മുമ്പ് അമൃത ടിവിക്ക് നൽകിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
വിവാഹ ജീവിതത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം ഇരുവരും തുറന്ന് പറഞ്ഞു. ഭർത്താവിന്റെ നല്ല ശീലങ്ങളെ പറ്റിയും മോശം വശത്തെ പറ്റിയും വരദ സംസാരിച്ചു.

'അദ്ദേഹം വളരെ സത്യസന്ധൻ ആണ്. ഉള്ള കാര്യം തുറന്ന് സംസാരിക്കും. കള്ളത്തരമൊന്നും ഇല്ല. പെർഫകഷൻ കൂടിപ്പോയതാണ് അദ്ദേഹത്തിന്റെ ഒരു ദോഷം. പെർഫെക്ഷൻ ചില സമയങ്ങളിൽ ദോഷം ആണ്. കാരണം 99 ശതമാനം ചെയ്തിട്ടും ആ ഒരു ശതമാനം ശരി ആയില്ലെങ്കിൽ എപ്പോഴും ആ ഒരു ശതമാനത്തെക്കുറിച്ച് സംസാരിച്ചിരിക്കും,' വരദ പറഞ്ഞു.

ഇത് കേട്ട് ബാലചന്ദ്ര മേനോനും പ്രതികരിച്ചു. 24 വർഷമായിട്ട് ഈ ഒരു ശതമാനവും മനസ്സിലിട്ട് നടക്കുകയായിരുന്നില്ലേ, ഞാനിപ്പോഴാണ് അറിഞ്ഞതെന്ന് ബാലചന്ദ്രമേനോൻ പറഞ്ഞു. 'കല്യാണം കഴിഞ്ഞ് പിറ്റേ ദിവസം രാവിലെ ഞാൻ ബോധവൽക്കരിച്ചു. നിർബന്ധങ്ങൾ ഒന്നുമില്ല. രാത്രി ഉറങ്ങാൻ നേരത്ത് അൽപ്പം പച്ച വെള്ളം തലയ്ക്ക് വെക്കണം എന്ന്'
'കുപ്പിയിലായാലും ജഗിൽ ആയാലും. ഹോട്ടലിൽ ആയാലും വീട്ടിൽ ആയാലും രാവിലെ ഞാനുണരുമ്പോൾ അത് അവിടെ കാണാൻ പാടില്ല. വെള്ളമായാലും നമ്മൾ ഉപയോഗിച്ചതിന്റെ ബാക്കി ആണല്ലോ'

'അത് എടുത്ത് കൊണ്ട് പോവണം. പക്ഷെ 24 വർഷം ആയിട്ടും ആ കുപ്പി അവിടെ ഇരിക്കുകയാണ്,' ബാലചന്ദ്ര മേനോൻ പറഞ്ഞു.
ഇതിനും തമാശയോടെ ഭാര്യ മറുപടി നൽകി. ഒരുപാട് നിർബന്ധിക്കുമ്പോൾ ഞാൻ മനപ്പൂർവം അവിടെ വെക്കുന്നതാണെന്നാണ് ഭാര്യ വരദ പറഞ്ഞത്. ഞാൻ ഭാര്യയെ വളരെ അധികം ആശ്രയിക്കുന്നെന്ന് ബാലചന്ദ്ര മേനോൻ പറഞ്ഞു. ഒരു കാര്യവും സ്വന്തമായി ചെയ്യാൻ പറ്റില്ല.

'അത് വെച്ച് നിന്നെ എന്തിന് കൊള്ളാം എന്ന പുസ്തകം എഴുതി. അതിന്റെ കവർ പേജിൽ എന്റെ ഫോട്ടോയും വെച്ചു. ഭാര്യ അമിതമായി തന്നെ ശ്രദ്ധിക്കുന്നു. ഞാൻ ഒരു ഫംഗ്ഷന് പോവുമ്പോൾ എന്റെ മൂക്കിന്റെയടുത്ത് രോമം ഉണ്ടെന്ന് വെച്ചോളൂ. നാല് പേർ നോക്കി നിൽക്കുമ്പോൾ അത് പറിച്ച് കളയും. ഞാൻ മന്ദബുദ്ധി ആണെന്ന് കരുതും,' ബാലചന്ദ്ര മേനോൻ ചിരിച്ച് കൊണ്ട് പറഞ്ഞു.


Click it and Unblock the Notifications