'വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചിട്ടുള്ള ഏക താരം മമ്മൂട്ടി, എന്നെ അനുകരിക്കുന്നുവെന്നാണ് പറഞ്ഞത്'; ബാലചന്ദ്രമേനോൻ!
സിനിമയുടെ എല്ലാ മേഖലയിലും തന്റെ കയ്യൊപ്പ് പതിപ്പിച്ച കലാകാരനാണ് ബാലചന്ദ്രമേനോൻ. സൂപ്പർ സ്റ്റാർ പദവി ലഭിക്കണമെങ്കിൽ ബാലചന്ദ്രമേനോന്റെ സിനിമകളിൽ അഭിനയിക്കണം എന്നായിരുന്നു ഒരു കാലത്തെ വിശ്വാസമെന്ന് പല സിനിമാക്കാരും പറഞ്ഞ് കേൾക്കാറുണ്ട്.
സിനിമാ ജേർണലിസ്റ്റായി കരിയർ ആരംഭിച്ചിട്ടാണ് പിന്നീട് സിനിമയുടെ എല്ലാ മേഖലയിലും താരമായി അദ്ദേഹം മാറിയത്. 2018ൽ എന്നാലും ശരത്ത് എന്ന സിനിമ ചെയ്തശേഷം സിനിമാ മേഖലയിൽ നിന്നും അദ്ദേഹം പൂർണ്ണമായും വിട്ടുനിൽക്കുകയാണ്.
സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിൽ കൂടിയും സോഷ്യൽമീഡിയ വഴിയും സ്വന്തം യുട്യൂബ് ചാനൽ വഴിയും സിനിമാപ്രേമികളുമായി സംവദിക്കുകയും തന്റെ സിനിമാ ഓർമകൾ അദ്ദേഹം പങ്കുവെക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ നടൻ മമ്മൂട്ടിക്കൊപ്പമുള്ള ചില ഓർമകളും അദ്ദേഹത്തിന് ക്യാമറയോടും ഫോട്ടോഗ്രഫിയോടുമുള്ള പ്രിയത്തെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് ബാലചന്ദ്രമേനോൻ.

കഴിഞ്ഞ കുറച്ച് നാളുകളായി മകൾക്കും കുടുംബത്തിനും ഒപ്പം അവധി ആഘോഷിക്കുകയാണ് ബാലചന്ദ്രമേനോനും ഭാര്യയും. രണ്ട മക്കളാണ് ബാലചന്ദ്രമേനോനുള്ളത്. അതിൽ ഇളയമകൾ ഭാവനയ്ക്കും കുടുംബത്തിനുമൊപ്പമാണ് ബാലചന്ദ്രമേനോൻ ഇപ്പോൾ താമസിക്കുന്നത്. പത്ത് ദിവസം കൂടി കഴിഞ്ഞാൽ തിരികെ നാട്ടിലേക്ക് വരുമെന്നും പുത്തൻ വീഡിയോയിലൂടെ ബാലചന്ദ്രമേനോൻ പറഞ്ഞു.
നയം വ്യക്തമാക്കുന്നു അടക്കം നിരവധി സിനിമകളിൽ ബാലചന്ദ്രമേനോനും മമ്മൂട്ടിയും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഇരുവരുടെയും കൂട്ടുകെട്ടിന് കുറിച്ച് സംസാരിക്കുമ്പോൾ ഭൂരിഭാഗം സിനിമാ പ്രേമികളുടെയും മനസിലേക്ക് ആദ്യം ഓടി എത്തുക രാപ്പകൽ എന്ന സിനിമയായിരിക്കും.
മുഴുനീള കഥാപാത്രം അല്ലെങ്കിലും മമ്മൂട്ടി ചിത്രം വണ്ണിലും ബാലചന്ദ്രമേനോൻ അടുത്തിടെ അഭിനയിച്ചിരുന്നു. 'നയം വ്യക്തമാക്കുന്നുവെന്ന എന്റെ സിനിമയിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ ഷൂട്ട് കഴിഞ്ഞ പോകാൻ തുടങ്ങിയപ്പോൾ താൻ ഈ സിനിമയിൽ അഭിനയിച്ചിട്ടില്ലെന്നും ബാലചന്ദ്രമേനോനെ അനുകരിക്കുക മാത്രമാണ് ചെയ്തത് എന്നുമാണ് മമ്മൂട്ടി പറഞ്ഞത്.'
'സിനിമയുടെ ഷൂട്ട് തിരുവനന്തപുരത്തായിരുന്നു. ഷൂട്ട് കഴിഞ്ഞപ്പോൾ ഒരു ദിവസം മമ്മൂട്ടിയെ വെറുതെ ശാസ്തമംഗലത്തെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. പൊതുവെ വീട്ടിൽ സിനിമാക്കാർക്കായി പാർട്ടികളൊന്നും നടത്താത്ത ഒരാളാണ് ഞാൻ.'

'മാത്രമല്ല എന്റെ വീട്ടിൽ വന്ന് സന്ദർശിച്ച് ഒരു നേരത്തെ ഭക്ഷണം കഴിച്ചിട്ടുള്ള ഏക സിനിമാ താരം മമ്മൂട്ടി മാത്രമാണ്. അച്ഛനും അമ്മയും ഒക്കെ എനിക്കൊപ്പമായിരുന്നു താമസം. അതുകൊണ്ട് തന്നെ പാർട്ടികൾ നടത്തിയാൽ അവർക്ക് ബുദ്ധിമുട്ടാകും. അത്തരം പാർട്ടികൾ അതുകൊണ്ട് തന്നെ ഞാൻ നടത്തിയിട്ടില്ല. മമ്മൂട്ടി വീട്ടിൽ വന്ന് ഭക്ഷണം കഴിച്ച് കുറച്ച് നേരം ചിലവഴിച്ചു.'
'ഒപ്പം ജഗദീഷുമുണ്ടായിരുന്നു. ഊണ് കഴിഞ്ഞ് ഇരുന്നപ്പോൾ എന്റെ തോളത്ത് മകൾ ഭാവന കിടപ്പുണ്ടായിരുന്നു. അത് കണ്ടതും അദ്ദേഹം സ്വന്തം ക്യാമറയിൽ ഒരു ഫോട്ടോ പകർത്തി. പണ്ടേ ക്യാമറയോട് അദ്ദേഹത്തിന് താൽപര്യമുണ്ട്. മമ്മൂട്ടി അന്ന് പകർത്തിയ ആ ഫോട്ടോ ഇപ്പോഴും എന്റെ കൈയ്യിലുണ്ട്. എന്റെ മകളുടെ വിവാഹത്തിലും പങ്കെടുക്കാൻ മമ്മൂട്ടി വന്നിരുന്നു.'
'ആ ഫോട്ടോ വീണ്ടും കണ്ടപ്പോൾ വീണ്ടും ഇത്രയും കാലത്തിന് ഇടയിൽ നടന്ന പല സംഭവങ്ങളും ഓർമ വന്നു. കാലം ആർക്ക് വേണ്ടിയും കാത്ത് നിൽക്കുന്നില്ലെന്ന ഒരു സത്യവും ആ ഫോട്ടോയിലൂടെ വീണ്ടും ഓർമ വന്നു. ഇന്ന് മകളുടെ മകളാണ് എന്റെ കൂട്ട്.'
'ഓരോ ഫോട്ടോയും വളരെ ഇംപോർട്ടന്റാണ്. ഫോട്ടോയെടുത്ത് സൂക്ഷിക്കുന്ന ശീലം ഉണ്ടാക്കിയാൽ പിന്നീട് പല ഓർമകളിലേക്കും തിരികെ പോകാൻ അത് സഹായിക്കും', എന്നാണ് സുഹൃത്ത് മമ്മൂട്ടിക്കൊപ്പമുള്ള പഴയ ഓർമ പങ്കിട്ട് ബാലചന്ദ്രമേനോൻ പറഞ്ഞത്.


Click it and Unblock the Notifications











