'മൂന്നാമതും കളത്തിലിറങ്ങി സുരേഷ് ആഗ്രഹം പൂർത്തീകരിച്ചു, വിചിത്രമായ ഒരു പൊരുത്തം ഞങ്ങൾക്കിടയിലുണ്ട്'
കളിയാക്കലുകൾ ഇനി അവസാനിപ്പിക്കാം... അങ്ങനെ നീണ്ട പരിശ്രമത്തിലൂടെ സുരേഷ് ഗോപിക്ക് തൃശൂർ ലഭിച്ചു. രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച് തൃശൂരിൽ സുരേഷ് ഗോപിയിലൂടെ താമര വിരിഞ്ഞു. നേമം നിയമസഭാ മണ്ഡലത്തിൽ ഒ. രാജഗോപാൽ വിജയിച്ചതിനുശേഷം ബിജെപിയുടെ ചരിത്രനേട്ടമാണിത്. ബിജെപിയുടെ പ്രമുഖ നേതാക്കൾക്ക് ആർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത വിജയം. കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുന്നത് ഇതാദ്യം.
പ്രിയ താരത്തിന് ആശംസകൾ നേർന്ന് സിനിമാലോകം മുഴുവനും എത്തിയിട്ടുണ്ട്. യുവ താരങ്ങൾ മുതൽ ഒരു കാലത്ത് സുരേഷ് ഗോപിയുടെ സഹപ്രവർത്തകർ ആയിരുന്നവർ വരെ താരത്തിന് ആശംസകൾ നേർന്ന് എത്തി. അക്കൂട്ടത്തിൽ മലയാള സിനിമയിലെ സകലകലാവല്ലഭനായ ബാലചന്ദ്രമേനോൻ പങ്കിട്ട അഭിനന്ദന കുറിപ്പാണ് വൈറലാകുന്നത്.

താനും സുരേഷ് ഗോപിയും തമ്മിലുള്ള വിചിത്രമായ ഒരു പൊരുത്തെ കുറിച്ചും അഭിനന്ദന കുറിപ്പിൽ ബാലചന്ദ്രമേനോൻ വിവരിച്ചിട്ടുണ്ട്. ഇത് ഞാൻ എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ നടൻ സുരേഷ് ഗോപിക്ക് വേണ്ടി തയ്യാറാക്കിയ ഒരു അഭിനന്ദന സന്ദേശമാണ്. കാരണം നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളു. ഇപ്പോൾ കഴിഞ്ഞ ഇലക്ഷനിൽ അദ്ദേഹം കൈവരിച്ച വിജയം തന്നെ. ആ വിജയം എങ്ങിനെയോ അദ്ദേഹത്തിന് കരഗതമായതല്ല.
രണ്ട് തവണ ശ്രമിച്ച് വിജയിക്കാതിരുന്നപ്പോൾ അദ്ദേഹം നിരാശനായി പിന്മാറിയില്ല. കഠിനമായ പരിശ്രമത്തിലൂടെ മൂന്നാമതും കളത്തിലിറങ്ങി സുരേഷ് ആ ആഗ്രഹം പൂർത്തീകരിച്ചു. ബിജെപിയെ പ്രതിനിധീകരിച്ച് കേരള സംസ്ഥാനത്തിന്റെ സാന്നിധ്യം ലോക്സഭയിൽ ആദ്യമായി അറിയിക്കാൻ കഴിഞ്ഞ മലയാളിയായ ജനപ്രതിനിധിയാകാനുള്ള ഭാഗ്യവും സുരേഷിന് സ്വന്തം.
അതിന് തന്നെയാണ് ഈ അഭിനന്ദനവചനങ്ങളും. അധികം പടങ്ങളിൽ ഒന്നും ഞങ്ങൾ സഹകരിച്ചിട്ടില്ല. എന്നാൽ വിചിത്രമായ ഒരു പൊരുത്തം ഞങ്ങൾക്കിടയിലുണ്ട്. ക്ലാസ്മേറ്റ്സ്, റൂംമേറ്റ്സ്, കോളേജ്മേറ്റ്സ് എന്നൊക്കെ പറയുന്നത് പോലെ ഞങ്ങളെ വേണമെങ്കിൽ അവാർഡ് മേറ്റ്സെന്ന് വിളിക്കാം.
നല്ല നടനുള്ള ദേശീയ പുരസ്ക്കാരം സമാന്തരങ്ങൾ എന്ന ചിത്രത്തിന് വേണ്ടി ഞാൻ വാങ്ങിയപ്പോൾ കളിയാട്ടം എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയും ആ അവാർഡ് പങ്കിടാൻ ഉണ്ടായിരുന്നു. അതൊരു അപൂർവ്വമായ പൊരുത്തം തന്നെയാണല്ലോ. എന്തായാലും മെമ്പർ ഓഫ് പാർലിമെന്റ് എന്ന ഈ പുതിയ ഉത്തരവാദിത്തം അങ്ങേയറ്റം കൃത്യതയോടെ നിർവഹിക്കാനുള്ള ശേഷിയും ആരോഗ്യവും സുരേഷിനുണ്ടാകട്ടെയെന്ന് ഞാൻ ആശംസിക്കുന്നു... പ്രാർത്ഥിക്കുന്നു.

കുടുംബാംഗങ്ങളോടും എന്റെ പ്രത്യേകമായ സ്നേഹാന്വേഷണങ്ങൾ... എന്നാണ് ബാലചന്ദ്രമേനോൻ പങ്കിട്ട അഭിനന്ദന കുറിപ്പിൽ എഴുതിയിരിക്കുന്നത്. ബാലചന്ദ്രമേനോന്റെ കുറിപ്പിന് താഴെ സുരേഷ് ഗോപിയെ അഭിനന്ദിച്ചുള്ള ആരാധകരുടെ ആശംകളുടെ പ്രവാഹമാണ്. അതേസമയം സ്വന്തം നാടായ തിരുവനന്തപുരത്താണ് സുരേഷ് ഗോപി ഇപ്പോഴുളളത്.
തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ശേഷം വീടിന് പുറത്തേക്ക് വന്ന സുരേഷ് ഗോപിക്ക് ഭാര്യ രാധിക മധുരം നല്‍കി ആഹ്ലാദം പങ്കിട്ടതിന്റെ വീഡിയോയും വൈറലാണ്. തുടര്‍ന്ന് വീട്ടിലെത്തിയവര്‍ക്കെല്ലാം മധുരം വിതരണം ചെയ്താണ് വിജയം സുരേഷ് ഗോപിയും കുടുംബവും ആഘോഷിച്ചത്.


Click it and Unblock the Notifications