പത്രം വായിക്കാറുണ്ടോ, സ്വന്തം പാർട്ടിയിലെ നേതാക്കളുടെ പേരെങ്കിലും അറിയുമോ; വിജയിനെ വിടാതെ ബാലാജി പ്രഭു
വിജയുടെ രാഷ്ട്രീയ ഭാവിക്ക് വിലങ്ങ് തടിയായിരിക്കുകയാണ് കരൂർ ദുരന്തം. 40 പേരുടെ മരണത്തിനിടയാക്കിയ സംഭവം വിജയ്ക്ക് നേരെ വ്യാപക വിമർശനം വരാൻ കാരണമായി. മരിച്ചവരുടെ കുടുംബത്തെ അങ്ങോട്ട് പോയി കാണുന്നതിന് പകരം ഇവരെ തനിക്കരികിലേക്ക് വിളിപ്പിക്കുകയാണ് വിജയ് ചെയ്തത്. ഇതിനായി പ്രത്യേക വാഹനങ്ങളയച്ചു. വിജയുടെ ഈ പ്രവൃത്തിയിൽ രൂക്ഷ വിമർശനം ഉന്നയിക്കുകയാണ് ബാലാജി പ്രഭു.
മരിച്ചവരുടെ കുടുംബത്തെ വാനിൽ കൊണ്ട് വന്ന് ഒരു ഹോട്ടലിൽ താമസിപ്പിച്ചു. രാവിലെ അവരെല്ലാം വിജയെ കണ്ടു. മരിച്ചവരുടെ വീട്ടിൽ പോയി ദുഖത്തിൽ പങ്കുചേരുന്നതാണ് കാലങ്ങളായി ലോകമെമ്പാടുമുള്ള രീതി. ഒരു രാഷ്ട്രീയ നേതാവും മരിച്ചവരുടെ കുടുംബത്തെ അവരുടെ വീട്ടിലേക്ക് വിളിച്ചിട്ടില്ല. എങ്ങനെ ഇങ്ങനെ ചിന്തിക്കാൻ പറ്റുന്നു എന്നറിയില്ല. ഒരു ടിവി നിങ്ങൾക്ക് റിമോട്ടിൽ ഓപ്പറേറ്റ് ചെയ്യാം. ഫ്രിഡ്ജും എസിയുമെല്ലാം റിമോട്ടിൽ ഓപ്പറേറ്റ് ചെയ്യാം. എന്നാൽ നിങ്ങൾ ഒരു രാഷ്ട്രീയ കക്ഷിയെ തന്നെ റിമോട്ടിൽ ഓപ്പറേറ്റ് ചെയ്യാൻ നോക്കുന്നു. ജനങ്ങളെ റിമോട്ടിൽ ഓപ്പറേറ്റ് ചെയ്യാൻ നോക്കുന്നു. ഇതെങ്ങനെ സാധിക്കും. ഇങ്ങനെ ആരും ചെയ്തിട്ടില്ല. വിജയ് അതും ചെയ്ത് കാണിച്ചു.

മരിച്ചവരുടെ കുടുംബം വിഷമത്തിലാണ്. ഇങ്ങനെയൊരു ദുരന്തം അവർ പ്രതീക്ഷിച്ചിരുന്നില്ല. അവരെ വാനിൽ കൊണ്ട് വരുമ്പോൾ അവരുടെ മാനസികാവസ്ഥ എന്തായിരിക്കും. ആരായിരുന്നാലും മനുഷ്യരുടെ വികാരങ്ങൾ ഒന്നാണ്. രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ടും ഞാൻ ഗോപുരത്തിൽ തന്നെ ഇരിക്കുമെന്ന് പറയുന്ന മനോനില എന്താണെന്ന് അറിയില്ല. വിജയ്ക്കെതിരെ ഇക്കാര്യത്തിൽ വ്യാപക വിമർശനം ഉണ്ടെന്നും ബാലാജി പ്രഭു പറയുന്നു.
കരൂറിൽ പോകാൻ വിജയ്ക്ക് ഭയമാണ്. ഒന്നും ഭയക്കാനില്ല. ബാധിക്കപ്പെട്ട കുടുംബങ്ങളെ കണ്ട് ആശ്വസിപ്പിച്ചാൽ ഒന്നും സംഭവിക്കില്ല. ഇനിയും ജനപ്രീതി കൂടുകയേ ഉള്ളൂയെന്നും ബാലാജി പ്രഭു പറയുന്നു. സ്നേഹത്തോടെയും ആത്മാർത്ഥതയോടെയും രാഷ്ട്രീയ പ്രവർത്തനം നടത്തണം. ഇത് സിനിമയല്ല. നേതാവായിരിക്കണം. വിജയ് എന്നെങ്കിലും പത്രം വായിച്ചിട്ടുണ്ടോ.

പത്ത് മാധ്യമങ്ങൾക്ക് മുന്നിലിരുന്ന് അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ പറ്റുമോ. അതും പറ്റില്ല. ഖുശി ആനന്ദ്, നിർമൽ കുമാർ തുടങ്ങിയവരല്ലാതെ വിജയ്ക്ക് തന്റെ പാർട്ടിയുള്ള ലീഡേഴ്സിന്റെ പേര് അറിയുമോ. ഇതെന്ത് തരം രാഷ്ട്രീയമാണെന്ന് മനസിലാകുന്നില്ലെന്നും ബാലാജി പ്രഭു പറയുന്നു. വിജയുടെ വ്യക്തി ജീവിതത്തിലെ സംഭവങ്ങളും ഇദ്ദേഹം പരാമർശിക്കുന്നുണ്ട്. വിജയ് ഒരു നല്ല കുടുംബ നാഥനല്ലെന്നും ബാലാജി പ്രഭു പറയുന്നു.
ബിഗ് സ്ക്രീനിലെ താര രാജാവാണ് വിജയ്. കോടികൾ പ്രതിഫലം വാങ്ങുന്ന താരം. എന്നാൽ രാഷ്ട്രീയത്തിൽ വിജയ്ക്ക് ശോഭിക്കാനാകുമോ എന്ന ചോദ്യം നിലനിൽക്കുന്നു. കരൂർ ദുരന്തം ഈ ചോദ്യത്തിന് ആക്കം കൂട്ടി. വിജയുടെ പാർട്ടിയുടെ പരിപാടികൾക്ക് വലിയ ജനാവലി വരുന്നുണ്ട്. എന്നാൽ ഇവരെ അണികളായി കണക്കാക്കാൻ പറ്റില്ലെന്ന അഭിപ്രായം ശക്തമാണ്. സിനിമാ രംഗത്ത് വിജയെ വിമർശിക്കാൻ പലരും ഭയന്നിരുന്നു. ആരാധകരുടെ പ്രതികരണം മുന്നിൽ കണ്ടായിരുന്നു ഇത്. എന്നാൽ രാഷ്ട്രീയത്തിലേക്ക് വന്നപ്പോൾ വിജയ് തുടരെ വിമർശനങ്ങൾ നേരിടുന്നുണ്ട്.
ഇതിനിടെ വിജയുടെ സ്വകാര്യ ജീവിതം വലിയ ചർച്ചയാകുന്നു. വിജയും ഭാര്യ സംഗീതയും അകൽച്ചയിലാണെന്നാണ് അഭ്യൂഹങ്ങൾ. അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ വിജയോ സംഗീതയോ ഇതുവരെ തയ്യാറായിട്ടില്ല. ഇക്കഴിഞ്ഞ വിവാഹ വാർഷിക ദിനത്തിലും വിജയും സംഗീതയും ഒരുമിച്ചുള്ള ഫോട്ടോകൾ പുറത്ത് വന്നില്ല.


Click it and Unblock the Notifications