പൂജ്യത്തിൽ നിന്നും തുടങ്ങി, അച്ഛൻ സമ്പന്നനായിട്ടും ദാരിദ്രം അനുഭവിച്ചു, വാടക വീട്ടിൽ താമസം, കുന്നുകൂടി കേസുകൾ!
നടനും സംവിധായകനുമായ ശാന്തിവിള ദിനേശ് സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർക്ക് സുപരിചിതനായ സിനിമാക്കാരനാണ്. ബംഗ്ലാവിൽ ഔത അടക്കമുള്ള സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ദിനേശ് സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ല. എന്നാൽ സിനിമക്കാരുമായി ബന്ധപ്പെട്ട പഴയതും പുതിയതുമായ സംഭവങ്ങളും കഥകളും തന്റെ നിലപാടുകളും ദിനേശ് സ്വന്തം യുട്യൂബ് ചാനൽ വഴി പങ്കുവെക്കാറുണ്ട്. അതുകൊണ്ട് തന്നെ ദിനേശിന്റെ പേരിൽ നിരവധി കേസുകളും വിവാദങ്ങളും ഉണ്ടായിട്ടുണ്ട്.
ഇപ്പോഴിതാ സ്വന്തം ജീവിത കഥ പങ്കുവെച്ചിരിക്കുകയാണ് ദിനേശ്. പറയാൻ ഒരു മേൽവിലാസം ഇല്ലാത്തതുകൊണ്ട് കടം തരാൻ ഇപ്പോൾ പലർക്കും മടിയാണെന്ന് ദിനേശ് പറയുന്നു. പൂജ്യത്തിൽ നിന്നും ജീവിതം തുടങ്ങിയവനാണ് ഞാൻ. സമ്പന്നമായ കുടുംബത്തിലായിരുന്നു ജനനം. അച്ഛൻ ജയിൽ വാർഡനായിരുന്നു.

ബാങ്കർ അപ്പുപിള്ള എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. യഥാർത്ഥ പേര് പരമേശ്വരൻ പിള്ള എന്നാണ്. നല്ല സമ്പന്നനായിരുന്നു. അദ്ദേഹത്തിന്റെ ഫ്ലാഷ് ബാക്ക് പറഞ്ഞാൽ ചിലർക്ക് നോവും. അദ്ദേഹം ഒരു ദിവസം എന്റെ അമ്മയുമായി പിണങ്ങി. ഭയങ്കര കുഴപ്പം പിടിച്ചയാളാണ്. ക്ഷിപ്രകോപിയായിരുന്നു. കാക്കിയിട്ടതിന്റെ എല്ലാ കുഴപ്പങ്ങളും ഉണ്ടായിരുന്നു. എൻഎസ്എസ് രൂപീകരിക്കാൻ മന്നത്ത് പന്മനാഭന് വലിയൊരു തുക സംഭാവന കൊടുത്ത തിരുവനന്തപുരത്തെ ചുരുക്കം ചിലരിൽ ഒരാളാണ്.
ഒരിക്കൽ അയ്യപ്പനെ കാണാൻ അദ്ദേഹം ശബരിമലയ്ക്ക് പോയി. കരിമല വരെയോ മറ്റോ എത്തി. അതിനുശേഷം നടക്കാൻ കഴിയുന്നില്ല. മടുത്തുപോയി. അതിന്റെ പേരിൽ അയ്യപ്പനേയും ചീത്തവിളിച്ച് തിരികെ ഇറങ്ങി വീട്ടിൽ വന്നു. അവന് ഇനി എന്നെ കാണണമെങ്കിൽ വീട്ടിൽ വരട്ടെയെന്നൊരു ഡയലോഗും പറഞ്ഞു.
ഞങ്ങൾ രണ്ട് മക്കളും അച്ഛന്റെ മക്കളായല്ല ജീവിച്ചത്. ഒരു ദിവസം അമ്മയോട് പിണങ്ങി അച്ഛൻ സ്വന്തം കുടുംബവീട്ടിലേക്ക് പോയി. അന്ന് എനിക്ക് മൂന്നര വയസേയുള്ളു. അന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും അദ്ദേഹം ഓരോ പൊതി തന്നു. ഇത് മക്കളുടെ പേരിൽ ബാങ്കിൽ ഇടണമെന്ന് അമ്മയോട് അച്ഛൻ പറഞ്ഞു. അമ്മ അത് കൊണ്ടുപോയി ഇട്ടു. മൈനറായ ഞങ്ങളുടെ പേരിലുള്ള പണം അമ്മയുടെ അച്ഛൻ വ്യാജമായി രേഖകളുണ്ടാക്കി എടുത്ത് ഫുഡ് അടിച്ചു.
അൽപ്പം പൊങ്ങച്ചവും ആർഭാടവുമുള്ള ആളായിരുന്നു അമ്മയുടെ അച്ഛൻ. ഞങ്ങൾ വളർന്ന് സ്കൂളിൽ പോകാൻ തുടങ്ങിയപ്പോഴേക്കും അപ്പൂപ്പൻ മറ്റ് മക്കൾക്കൊപ്പം രക്ഷപ്പെട്ട് പോയി. ഞാനും അമ്മയും അനുജനും അമ്മയുടെ അനിയനും മാത്രമായി. മാമനാണ് ഞങ്ങളെ പട്ടിണിക്ക് ഇടാതെ രക്ഷിച്ചത്. അന്ന് റേഷൻ കട വഴി തുണി വിൽപ്പനയുണ്ടായിരുന്നു. രണ്ടര രൂപയായിരുന്നു വില. അത് വാങ്ങിയാണ് ഞാനും അനിയനും വസ്ത്രം തയിച്ചിട്ടത്.

കാക്കി തുണിയ്ക്ക് നിക്കറും അടിക്കും. ഒറ്റ ജോഡി വസ്ത്രമിട്ടാണ് സ്കൂളിൽ പോയിരുന്നത്. ദിവസവും കഴുകി ഉണക്കി ആവർത്തിച്ച് ധരിക്കും. വലുതായപ്പോൾ മാമന്റെ ഷർട്ടാണ് ധരിച്ചിരുന്നത്. പാകമല്ലാതെ വസ്ത്രമിട്ട് എനിക്ക് ശീലമാണ്. സിനിമ പത്രപ്രവർത്തകനായപ്പോഴും അതിൽ മാറ്റമുണ്ടായില്ല. മുട്ട് വരെ നീളുന്ന ഷർട്ടായിരുന്നു വേഷം.
അത് കണ്ടിട്ട് അന്നത്തെ കോസ്റ്റ്യൂമറായ ഇന്ദ്രൻസ് കുറേ ഷർട്ടുകൾ തയിച്ച് സമ്മാനമായി തന്നു. പിന്നീട് സഹസംവിധായകനും സിനിമ സീരിയൽ സംവിധായകനും ആയതോടെ എന്റെ ജാതകം മാറി ആവശ്യത്തിന് പണമായി. ജീവിത നിലവാരം മാറി. കുട്ടിക്കാലത്ത് ഇടാൻ കഴിയാതെ പോയതിന്റെ വിഷമം മാറ്റാൻ ഷർട്ടുകൾ വാങ്ങിക്കൂട്ടി.
ഇത് പൊങ്ങച്ചമല്ല. വാടകവീട്ടിലാണ് എന്റെ താമസമെങ്കിലും ചിലപ്പോൾ പത്ത് രൂപ പോലും കയ്യിലെടുക്കാൻ ഉണ്ടാവില്ലെങ്കിൽ ഞാൻ ഇപ്പോഴും സമ്പന്നനാണ്. അങ്ങനെ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. കാശിന്റെ പ്രശ്നങ്ങൾ ഭാര്യയോട് പങ്കുവെക്കാറില്ല.
സ്വന്തം വീടും സ്റ്റുഡിയോ നടത്തിപ്പും ഉണ്ടായിരുന്ന കാലത്ത് ചോദിക്കുന്ന പൈസ ആളുകൾ എനിക്ക് മുന്നിൽ കൊണ്ടുവന്ന് തരുമായിരുന്നു. അന്ന് എന്നെ എല്ലാവർക്കും വിശ്വാസമായിരുന്നു. ഈട് പോലും ചോദിക്കാറില്ലായിരുന്നു. വീട് ഒരു കോടി 18 ലക്ഷം രൂപയ്ക്ക് വിറ്റ് കടം തീർത്തവനാണ് ഞാൻ. ഒരാളെയും പറ്റിച്ചിട്ടില്ല. മേൽവിലാസം ഇല്ലാത്തതുകൊണ്ട് ഇപ്പോൾ കടം തരാൻ പലർക്കും മടിയാണ്. കേസ് നടത്തിപ്പിന് വേണ്ടിയാണ് പണം ആവശ്യമായി വന്നതെന്നും ശാന്തിവിള ദിനേശ് പറയുന്നു.


Click it and Unblock the Notifications











