'ബഷിക്ക് സൗന്ദര്യമുള്ളതിനാൽ എന്നോടൊപ്പം നടക്കുമ്പോൾ ആളുകൾ ജഡ്ജ് ചെയ്യുമോയെന്ന് ടെൻഷനായിരുന്നു'; സുഹാന!
ബിഗ് ബോസ് മത്സരാർത്ഥിയായി ശ്രദ്ധ നേടിയ ബഷീർ ബഷിയും കുടുംബവും സോഷ്യൽ മീഡിയയിൽ മുമ്പത്തേക്കാളും നിറഞ്ഞ് നിൽക്കുന്നുണ്ട് ഇപ്പോൾ. ഏറ്റവും ഇളയമകൻ എബ്രാൻ എന്ന എബ്രു പിറന്നതിൽ പിന്നെ കുടുംബത്തിലെ ആഘോഷങ്ങൾ കൂടിയെങ്കിലേയുള്ളൂ.
ഇളയ കുഞ്ഞിന്റെ ജനനത്തിന് പിന്നാലെ ബഷീർ ബഷിയുടെ യുട്യൂബ് ചാനലിന് വൺ മില്യൺ ഫോളോവേഴ്‌സും ആയിട്ടുണ്ട്. രണ്ട് ഭാര്യമാരും മൂന്ന് മക്കളുമുള്ള ബഷീർ ബഷിയുടെ കുടുംബത്തിന്റെ പോസ്റ്റുകൾ വളരെ എളുപ്പം വൈറലായി മാറാറുണ്ട്. ഏറ്റവും ഇളയ മകൻ പിറന്നപ്പോൾ തന്നെ അവന് വേണ്ടി ഇൻസ്റ്റഗ്രാം, യുട്യൂബ് അക്കൗണ്ടുകൾ കുടുംബം ആരംഭിച്ചിരുന്നു.
നല്ല കോണ്ടന്റുകൾ തങ്ങളുടെ ആരാധകർക്ക് ക്വാളിറ്റിയിൽ നൽകണമെന്ന ചിന്തയുടെ ഭാഗമായി പുത്തൻ ക്യാമറയും സ്റ്റുഡിയോ സജീകരണങ്ങളുമെല്ലാം ബഷീറും ഭാര്യമാരും ഒരുക്കിയിട്ടുണ്ട്. ഇതുവരെ ഐഫോണിലും ചെറിയ ക്യാമറയിലുമെല്ലാമായാണ് ബഷീറും കുടുംബവും വീഡിയോകൾ ചിത്രീകരിച്ചിരുന്നത്.

ഇനി മുതൽ ചാറ്റ് ഷോ വിഭാഗത്തിൽപ്പെടുന്ന കോണ്ടന്റുകൾ സൃഷ്ടിക്കാനും ബഷീറിനും ഭാര്യമാരായ സുഹാനയ്ക്കും മഷൂറയ്ക്കും പ്ലാനുണ്ട്. അതിന്റെ തുടക്കമെന്നോണം ബഷീറിന്റെയും സുഹാനയുടെയും പ്രണയ കഥ പറയുന്ന ഒരു വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. പുതിയ സജീകരണങ്ങൾ ഒരുക്കിയ ശേഷം ആദ്യമായി എടുത്ത വീഡിയോ ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറയുടെ യുട്യൂബ് ചാനലിലൂടെയാണ് പുറത്ത് വന്നത്.
ബഷീറിന്റെയും സുഹാനയുടെ പ്രണയകഥ ഒരു അവതാരകയായി ഇരുന്ന് ചോദ്യങ്ങളിലൂടെ ചോദിച്ചറിഞ്ഞത് മഷൂറ തന്നെയാണ്. കഴിഞ്ഞ ദിവസം അർധരാത്രി വരെ ഇരുന്നാണ് ബഷീറിനോടും സുഹാനയോടും ചോദിക്കാനുള്ള ചോദ്യങ്ങൾ തയ്യാറാക്കിയതെന്നും വീഡിയോയിൽ മഷൂറ പറഞ്ഞു.
ബഷീറിന്റെ കഷ്ടപ്പാടിന്റെ കാലം മുതൽ സുഹാന ഒപ്പമുണ്ട്. ബഷീറിനെ വിവാഹം ചെയ്യാൻ വേണ്ടി ക്രിസ്ത്യൻ മതം ഉപേക്ഷിച്ച് സുഹാന മുസ്ലീമായി മാറിയതാണ്. ഇപ്പോൾ പിതാവ് മാത്രമാണ് സുഹാനയ്ക്ക് ഉള്ളത്. എവിടെ വെച്ചാണ് സുഹാനയെ ആദ്യമായി കണ്ടത് എന്നുള്ള ചോദ്യം മുതലാണ് ബഷീറും സുഹാനയും പ്രണയ കഥ വിവരിച്ച് തുടങ്ങിയത്.
താൻ അക്കാലത്ത് ജീവിക്കാൻ വേണ്ടി ഉപ്പയ്ക്കും സഹോദരങ്ങൾക്കും ഒപ്പം ബോട്ട് ജെട്ടിയിൽ കടല വിൽപ്പന നടത്തുകയായിരുന്നുവെന്ന് പറഞ്ഞാണ് ബഷീർ സംസാരിക്കാൻ ആരംഭിച്ചത്. ഒ'രുപാട് കുട്ടികൾ പഠിക്കാനും മറ്റുമായി ബോട്ട് ജെട്ടിയിലൂടെ വന്ന് പോകാറുണ്ട്. അവരുടെ കൂട്ടത്തിലാണ് സോനുവിനെ ഞാൻ ആദ്യം കണ്ടത്.'

'ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊന്നും പറയാനാവില്ല. അന്നന്നത്തെ അന്നത്തിനുള്ള വഴി കണ്ടെത്താൻ വന്ന് നിൽക്കുന്നത് കൊണ്ട് തന്നെ അത്തരം ചിന്തകളൊന്നും വന്നിരുന്നില്ല. കടല വിൽക്കാൻ ബോട്ട് ജെട്ടിയിൽ നിൽക്കുമ്പോൾ ഇടയ്ക്കൊക്കെ സോനുവിനെ കാണും. ചിലപ്പോൾ അവൾ എന്നെ നോക്കി ചിരിക്കും.'
'കടല വിൽക്കുന്ന ചെക്കൻ എന്നുള്ള രീതിയിൽ സുഹാന നോക്കുന്നതായിരിക്കും എന്നാണ് കരുതിയത്. അല്ലെങ്കിൽ തന്നെ കടലയൊക്കെ വിറ്റ് നടക്കുന്നവരോട് അന്ന് വലിയ മതിപ്പൊന്നും ആളുകൾക്ക് ഇല്ലല്ലോ', ബഷീർ പറഞ്ഞു. എന്നാൽ കടല വിൽക്കുന്ന ചെക്കൻ എന്ന രീതിയിൽ തരംതാഴ്ത്തി താൻ ബഷീറിനെ നോക്കിയിട്ടില്ലെന്നാണ് സുഹാന പറഞ്ഞത്.
'ബഷീർ അന്ന് നല്ല വെളുത്ത് ഒരു ഇറാനിയെപ്പോലെയാണ് ഇരുന്നത്. അതുകൊണ്ട് തന്നെ ഏതാണ് കടല വിൽക്കുന്ന ഇറാനി എന്നാണ് ഞാൻ നോക്കിയത്. പിന്നെ ഞങ്ങൾ സുഹൃത്തുക്കളായി. ഒരിക്കൽ ഫോൺ വിളിച്ചാണ് ബഷി പ്രപ്പോസ് ചെയ്തതെന്ന്', സുഹാന പറഞ്ഞു. ആദ്യം സോനുവിനോട് പ്രണയം പറയേണ്ടെന്ന് താൻ കരുതിയിരുന്നുവെന്നാണ് ബഷീർ പറയുന്നത്.
'ഞാൻ ഒരു കപ്പലണ്ടി കച്ചവടക്കാരനല്ലേ. എന്നെ ഒരു പെണ്ണും നോക്കാൻ സാധ്യതയില്ല. ഞാൻ നോക്കിയാൽ എനിക്ക് മുഖത്ത് അടി കിട്ടിയെന്ന് ഇരിക്കും. അവസാനം രണ്ടും കൽപ്പിച്ച് പറഞ്ഞപ്പോൾ സോനു ആദ്യം താൽപര്യം പ്രകടിപ്പിച്ചില്ല. കപ്പലണ്ടി കച്ചവടക്കാരനാണ് ഞാൻ എന്നതുകൊണ്ടായിരിക്കാം സോനു ഒഴിഞ്ഞുമാറുന്നതെന്ന് കരുതി പക്ഷെ കാരണം അതായിരുന്നില്ല. എനിക്ക് നിറമുണ്ട് എന്നതായിരുന്നു അവളുടെ പ്രശ്നമെന്നും', ബഷീർ പറഞ്ഞു.
സുഹൃത്തുക്കൾ നടന്നുപോകുമ്പോൾ ആരും അവരുടെ നിറമോ സൗന്ദര്യമോ ഒന്നും താരതമ്യപ്പെടുത്തി നോക്കില്ല. പക്ഷെ കപ്പിൾ നടന്നുപോകുമ്പോൾ ആളുകൾ ജഡ്ജ് ചെയ്യുമോയെന്ന് ടെൻഷനായിരുന്നു. അതുകൊണ്ടാണ് പിന്മാറാൻ നോക്കിയത്. ഒരു അപകടം ഉണ്ടായാൽ തന്റെ സൗന്ദര്യം പോകുമെന്നും അതിലൊന്നും വലിയ കാര്യമില്ലെന്നുമൊക്കെയുള്ള ഡയലോഗ് ബഷി അടിച്ചതോടെ ഞാൻ വീണു എന്നാണ് സുഹാന പറഞ്ഞത്.


Click it and Unblock the Notifications