'ഒന്നാം പിറന്നാളിനേക്കാൾ ഗംഭീരമായിരിക്കും'; എബ്രുവിന്റെ സുന്നത്തിന് ബഷീർ പൊടിക്കാൻ പോകുന്നത് ലക്ഷങ്ങൾ?
ഒരു വർഷം കണ്ണടച്ച് തുറക്കും മുമ്പ് കടന്നുപോയി എന്നാണ് ബിഗ് ബോസ് താരം ബഷീർ ബഷിയും ഭാര്യ മഷൂറയും മകൻ എബ്രാന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിൽ പറഞ്ഞത്. രണ്ട് ദിവസം മുമ്പായിരുന്നു മുഹമ്മദ് എബ്രാൻ ബഷീറിന്റെ രണ്ടാം പിറന്നാൾ ആഘോഷം നടന്നത്. സുഹാന, മഷൂറ എന്നിങ്ങനെ രണ്ട് ഭാര്യമാരിലായി മൂന്ന് കുട്ടികളാണ് ബഷീറിനുള്ളത്. അതിൽ രണ്ടാം ഭാര്യ മഷൂറയുടെ മൂത്ത മകനാണ് മുഹമ്മദ് എബ്രാൻ ബഷീർ.
അഞ്ച് വർഷത്തെ കാത്തിരിപ്പിനുശേഷമാണ് മഷൂറയ്ക്ക് എബ്രാൻ പിറന്നത്. അതുകൊണ്ട് തന്നെ താഴത്തും തലയിലും വെയ്ക്കാതെയാണ് മകനെ മഷൂറയും ബഷീറും കൊണ്ടുനടക്കുന്നത്. എന്തിനാണ് ഇത്രവേഗം വലുതായതെന്നാണ് മഷൂറ പിറന്നാൾ ദിനത്തിൽ മകനോട് ചോദിച്ചത്. ബഷീറും സുഹാനയും എല്ലാം എബ്രാന് മനോഹരമായ കുറിപ്പിലൂടെ പിറന്നാൾ ആശംസിച്ചിരുന്നു.

മകന്റെ പിറന്നാൾ ആഘോഷം ഒരു റിസോർട്ടിലാണ് ബിബി കുടുംബം ആഘോഷിച്ചത്. ഇത്തവണ ബഷീറിന്റെയും മഷൂറയുടെയും സുഹാനയുടെയും കുടുംബം മുഴുവൻ ആഘോഷത്തിൽ പങ്കെടുക്കാനും അവധി ആഘോഷിക്കാനുമായി റിസോർട്ടിൽ എത്തിയിരുന്നു.
ഹൗസ് വാർമിങ് കഴിഞ്ഞാൽ ഇത്രയും വലിയ ആഘോഷം കുടുംബത്തിൽ വേറെ നടന്നിട്ടില്ലെന്നാണ് ഏറ്റവും ഇളയ മകനായ എബ്രാന്റെ പിറന്നാൾ വിശേഷങ്ങൾ പങ്കിട്ട് ബഷീർ ബഷി പറഞ്ഞത്. ഇനി വരാൻ പോകുന്നത് എബ്രാന്റെ സുന്നത്ത് കല്യാണമാണെന്നും അത് ഇതിനേക്കാൾ ഗ്രാന്റ് ആയിരിക്കുമെന്നും പിറന്നാൾ ആഘോഷത്തിന്റെ വിശേഷങ്ങൾ പങ്കിട്ട് ബഷീറും മഷൂറയും പറഞ്ഞു.
അങ്ങനെ നോക്കുമ്പോൾ എബ്രുവിന്റെ സുന്നത്ത് കല്യാണത്തിന് ബഷീർ പൊടിക്കാൻ പോകുന്നത് ലക്ഷങ്ങളായിരിക്കും. ഗർഭിണിയാണെന്ന് അറിഞ്ഞത് മുതൽ എബ്രുവിനെ കയ്യിൽ കിട്ടുന്നത് വരെ എല്ലാ വിശേഷങ്ങളും മഷൂറ സ്വന്തം യുട്യൂബ് ചാനൽ വഴി പങ്കിട്ടിരുന്നു.
രണ്ട് ദിവസത്തോളം വേദന തിന്ന് ആശുപത്രിയിൽ കിടന്നശേഷമാണ് എബ്രാന് മഷൂറ ജന്മം നൽകിയത്. കുഞ്ഞിനെ ആദ്യമായി സോഷ്യൽമീഡിയ വഴി ആരാധകർക്ക് മുമ്പിൽ കാണിക്കുന്നതിനോടൊപ്പം തന്നെ പേരും ബഷീറും കുടുംബവും വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല സോഷ്യൽമീഡിയ പേജുകളും യുട്യൂബ് ചാനലും വരെ മകനായി ബഷീർ ആരംഭിച്ചിരുന്നു.

കുഞ്ഞ് പിറന്നാൽ ഇൻസ്റ്റഗ്രാം, യുട്യൂബ് എന്നിവ ആരംഭിക്കണമെന്നത് തങ്ങൾ നേരത്തെ തീരുമാനിച്ചിരുന്നുവെന്നാണ് ബഷീർ പറഞ്ഞത്. എബ്രുവിന് ഇൻസ്റ്റഗ്രം, യുട്യൂബ് അക്കൗണ്ടുകൾ തുറന്നപ്പോൾ തന്നെ പേജിലേക്ക് ഫോളോവേഴ്സിന്റെ ഒഴുക്കായിരുന്നു. അതുകൊണ്ട് വെറും 22 ദിവസത്തിനുള്ളിൽ യുട്യൂബിന്റെ അംഗീകാരമായ സിൽവർ പ്ലെ ബട്ടൺ സ്വന്തമാക്കാൻ എബ്രുവിന് സാധിച്ചു.
അതോടെ ഒരു പക്ഷെ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ യുട്യൂബറായി എബ്രാൻ മാറിയെന്നും ബഷീറും കുടുംബവും പറഞ്ഞിരുന്നു. എബ്രുവിന്റെ സോഷ്യൽമീഡിയ പേജിലും ഇൻസ്റ്റഗ്രാം അക്കൗണ്ടിലും പ്രത്യക്ഷപ്പെടുന്ന വീഡിയോകളും ഫോട്ടോകളും അതിവേഗത്തിൽ വൈറലാകാറുണ്ട്. മകന്റെ പിറന്നാൾ ഗംഭീരമാക്കുന്നതിന് വേണ്ടി പിറന്നാൾ സ്പെഷ്യൽ ഷോപ്പിങും കുടുംബം നടത്തിയിരുന്നു.
മോഡലായിരുന്ന ബഷീർ ബഷിയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയത് ബിഗ് ബോസ് മലയാളം ഒന്നാം സീസണിൽ താരം മത്സരാർത്ഥിയായി വന്നപ്പോൾ മുതലാണ്. എഴുപത് ദിവസത്തോളം ഹൗസിൽ ചിലവഴിച്ച ശേഷം ബഷീർ പുറത്തായി. രണ്ടാം വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾ മാത്രം പിന്നിട്ടപ്പോഴാണ് ബഷീർ മത്സരിക്കാൻ ബിഗ് ബോസിൽ എത്തിയത്.
മത്സരം കഴിഞ്ഞ് പുറത്ത് വന്നശേഷമാണ് ബഷീർ യുട്യൂബ് ചാനൽ ആരംഭിച്ചത്. ബഷീറിനും ഭാര്യമാർക്കുമെല്ലാം പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സ് യുട്യൂബ് ചാനലിലുണ്ട്. ഇപ്പോൾ വസ്ത്രം, ഫെയർനെസ് ക്രീമുകൾ തുടങ്ങിയവയുടെ ബിസിനസും ബഷീറിനുണ്ട്.


Click it and Unblock the Notifications