'ഇതിലിപ്പോ ആരാ കുട്ടി..?, പ്രതീക്ഷ നിറഞ്ഞ ഒരു വർഷം'; ഹോപ്പിന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ച് ബേസിലും എലിസബത്തും
മിനിമം ഗ്യാരന്റിയുള്ള ചിത്രങ്ങൾ മലയാളത്തിൽ ചെയ്യുന്ന ചുരുക്കം ചിലരിൽ ഒരാളാണ് നടനും സംവിധായകനുമെല്ലാമായ ബേസിൽ ജോസഫ്. പോസ്റ്ററിൽ ബേസിലിനെ കണ്ടാൽ വിശ്വസിച്ച് പടത്തിന് കയറാം എന്നൊരു ഫീൽ ആളുകളിലേക്ക് എത്തിക്കാൻ ബേസിലിന് ഇക്കഴിഞ്ഞ കാലയളവിൽ സാധിച്ചു. അതിന്റെ അവസാനത്തെ ഉദാഹരണമായി തിയേറ്ററുകളിൽ നിറഞ്ഞോടിയ ഫാലിമിയെ പറയാം.
മിന്നൽ മുരളിക്കുശേഷം ബേസിലിന്റെ സംവിധാനത്തിൽ സിനിമകൾ ഒന്നും ഇറങ്ങിയിട്ടില്ല. സംവിധാനത്തിൽ നിന്നും ബ്രേക്കെടുത്ത് അഭിനയത്തിലാണ് ഇപ്പോൾ ബേസിലിന്റെ ശ്രദ്ധ. സോഷ്യൽമീഡിയയിൽ സജീവമായ ബേസിൽ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മകൾ ഹോപ്പിന്റെ ഒന്നാം പിറന്നാൾ കുടുംബം ആഘോഷമാക്കിയതിന്റെ വീഡിയോയാണ് താരം പങ്കുവെച്ചത്.

പ്രതീക്ഷകൾ നിറഞ്ഞ ഒരു വർഷം. ഫെബ്രുവരി 15ന് ഞങ്ങളുടെ കൊച്ച് ഹോപ്പിൻ്റെ ഒന്നാം ജന്മദിനം സന്തോഷത്തോടെ ആഘോഷിച്ചു എന്ന ക്യാപ്ഷനോടെയാണ് ബേസിൽ വീഡിയോ പങ്കിട്ടിരിക്കുന്നത്. സെലിബ്രിറ്റികളടക്കം നിരവധിപേരാണ് ഹോപ്പിന് ആശംസകൾ നേർന്ന് എത്തിയത്. മകൾക്കൊപ്പം കുസൃതികാട്ടി ബേസിലും ഭാര്യ എലിസബത്തും വീഡിയോയിൽ ഉടനീളം നിറഞ്ഞ് നിൽക്കുന്നുണ്ട്. ഹോപ്പ് ഇതുവരെ ഒരു കാമായിട്ടുള്ള ബേബിയാണെന്നും പ്രശ്നങ്ങൾ ഒന്നും തന്നിട്ടില്ലെന്നുമാണ് വീഡിയോയിൽ എലിസബത്ത് പറഞ്ഞത്.
അപ്പാ, അമ്മയെന്ന് വിളിക്കാൻ ഇരുവരും കുഞ്ഞിനെ പരിശീലിപ്പിക്കുന്നതും അതിന്റെ പേരിൽ എലിസബത്തും ബേസിലും മത്സരിക്കുന്നതും വീഡിയോയിൽ കാണാം. കേക്ക് ഹോപ്പിന്റെ മുഖത്ത് തേച്ച ബേസിലിന്റെ ചെവിക്ക് പിടിച്ച് എലിസബത്ത് കിഴുക്കുന്നതടക്കം രസകരമായ നിരവധി രംഗങ്ങൾ പിറന്നാൾ സ്പെഷ്യൽ വീഡിയോയിലുണ്ട്.
ഇതിലിപ്പോ ആരാ കുട്ടി..? എന്നാണ് വീഡിയോ കണ്ടവർ ഒന്നടങ്കം ചോദിക്കുന്നത്. മൂന്നുപേരെയും ഒരുമിച്ച് കാണുമ്പോൾ മൂന്ന് കുട്ടികൾ ഒരുമിച്ച് നിൽക്കുന്നത് പോലെയാണ് തോന്നിയിട്ടുള്ളതെന്നും കമന്റുകളുണ്ട്. കുഞ്ഞ് പിറക്കുന്നത് വരെ എലിസബത്ത് ഗർഭിണിയാണെന്ന വിവരമൊന്നും ബേസിൽ പുറത്തുവിട്ടിരുന്നില്ല. അതുകൊണ്ട് തന്നെ ഇരുവർക്കും കുഞ്ഞ് പിറന്നുവെന്ന വിവരം പുറത്ത് വന്നപ്പോൾ ആരാധകർക്കും അതൊരു വലിയ സർപ്രൈസായിരുന്നു.
എലിസബത്താണ് മകൾക്ക് ഹോപ്പ് എന്ന പേര് കണ്ടെത്തിയത്. കുഞ്ഞുണ്ടായതോടെ ജീവിതം പാടെ മാറിയെന്നും അമ്മയെന്ന നിലയിൽ എലിസബത്തിന് പെട്ടെന്നുണ്ടായ മാറ്റം അത്ഭുതത്തോടെയാണ് താൻ കണ്ടുനിൽക്കാറുള്ളതെന്നും ബേസിൽ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഏറെ സന്തോഷത്തോടെ അടുത്തിടെ പറഞ്ഞിരുന്നു. എങ്ങോട്ട് യാത്രപോകണമെന്നത് പോലും കുഞ്ഞിന്റെ സൗകര്യങ്ങൾ അനുസരിച്ചാണ് തങ്ങൾ ചിട്ടപ്പെടുത്താറുള്ളതെന്നും ബേസിൽ പറഞ്ഞിരുന്നു.

2017 ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. തന്റെയും എലിസബത്തിന്റെയും പ്രണയകഥ ബേസിൽ പലപ്പോഴായി പങ്കുവെച്ചിട്ടുണ്ട്. ഗുരുവായൂർ അമ്പലനടയിൽ അടക്കം നിരവധി സിനിമകളാണ് ബേസിലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
ഫാലിമിയുടെ സക്സിനുശേഷം ബേസിലിന്റെ ആരാധകരുടെ എണ്ണം വർധിച്ചിട്ടേയുള്ളു. ബേസിൽ ജോസഫിനെ കൂടാതെ ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ്, മീന രാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


Click it and Unblock the Notifications











