തലേന്ന് വരെ കളിച്ച് ചിരിച്ചിരുന്നവളാണ്; പാരന്റ്ഹുഡ് നമ്മൾ പോലുമറിയാതെ നമ്മളെ മാറ്റും; ബേസിൽ ജോസഫ്
മലയാള സിനിമയിൽ ഇന്ന് ഏറെ വിലപിടിപ്പുള്ള സംവിധായകനാണ് ബേസിൽ ജോസഫ്. വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റായി കടന്ന് വന്ന് പിന്നീട് സ്വതന്ത്ര സംവിധായകനായി മാറിയ ബേസിൽ സംവിധാനം ചെയ്ത സിനിമകൾ ജനശ്രദ്ധ നേടി. മിന്നൽ മുരളി എന്ന സിനിമയുടെ വിജയമാണ് ബോസിലിനെ സംവിധായകനെന്ന നിലയിൽ വൻ ജനപ്രീതി നേടിക്കൊടുത്തത്.
പിന്നീട് നടനായും ബേസിൽ പ്രശംസ നേടി. ജയ ജയ ഹേ ഉൾപ്പെടെയുള്ള സിനിമകളുടെ വിജയം ബേസിലിനെ തുണച്ചു. കരിയറിന് പുറമെ വ്യക്തി ജീവിതത്തിലും ബേസിലിന് സന്തോഷങ്ങളുടെ കാലമാണ്. കുറച്ച് മാസം മുമ്പാണ് ബേസിലിനും ഭാര്യ എലിസബത്തിനും കുഞ്ഞ് പിറന്നത്. ഹോപ് എലിസബത്ത് ബേസിൽ എന്നാണ് കുഞ്ഞിനിട്ടിരിക്കുന്ന പേര്.
അച്ഛനായ ശേഷമുള്ള ജീവിതത്തെക്കുറിച്ച് മിർച്ചി മലയാളത്തോട് സംസാരിച്ചിരിക്കുകയാണ് ബേസിൽ ജോസഫ്.
ജീവിതത്തിലെ എല്ലാ കാര്യങ്ങളും കുഞ്ഞിനെ ചുറ്റിപ്പറ്റിയായെന്ന് ബേസിൽ ജോസഫ് പറയുന്നു. മുമ്പ് ഡ്രസും കോമഡി റീലുകളുമായിരുന്നു ഇൻസ്റ്റഗ്രാമിൽ സജഷനായി വന്നിരുന്നത്.
ഇപ്പോൾ എല്ലാം പിള്ളേരെ കളിപ്പിക്കുന്നതാണ്. പരസ്യങ്ങളും അങ്ങനെ തന്നെ. എനിക്ക് കൊച്ചുണ്ടായി എന്ന് ഇവർക്ക് മനസ്സിലായി. അതിനാൽ എവിടെ നോക്കിയാലും കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഓൺലൈനിലാണ് എനിക്കിതിന്റെ വ്യത്യാസം ഏറ്റവും കൂടുതൽ ഫീൽ ചെയ്തത്.

'പാരന്റ്ഹുഡ് അങ്ങനെയാണ്, ഇങ്ങനെയാണ് എന്ന് പറയുമ്പോളും നമ്മളത്രയും പ്രതീക്ഷിക്കുന്നില്ല. പക്ഷെ അവർ പറയുന്നതിനേക്കാളും വലിയ ഫീലിംഗാണ്. നമ്മൾ തന്നെ മാറുന്നത് നമുക്ക് ഫീൽ ചെയ്യും. ഭാര്യ തലേദിവസം വരെ കളിച്ച് ചിരിച്ച് നടന്ന് പെട്ടെന്ന് ഒരു സാധനവും കെെയിൽ പിടിച്ചിരുന്ന് അതിനെയിരുന്ന് കളിപ്പിക്കുമ്പോൾ നമ്മളിരുന്ന് കാണുകയാണ്'
'പെട്ടെന്നാണല്ലോ, ഇവൾ ഇന്നലെ വരെ ഇങ്ങനെയായിരുന്നില്ലല്ലോ എന്ന്. ഉറക്കത്തിലൊക്കെ കൊച്ച് ഒരൊച്ച ഉണ്ടാക്കുമ്പോഴേക്കും കണ്ണ് തുറക്കുക പോലുമല്ല ചെയ്യുന്നത് ചാടി എണീറ്റ്, യെസ് എന്താണ് വേണ്ടതെന്ന രീതിയിലാണ് നിൽക്കുന്നത്. നമ്മൾ പെട്ടെന്ന് മാറും'
'ഇതിന് വേറെ ട്രെയ്നിംഗൊന്നും ചെയ്യേണ്ട കാര്യമില്ല. നമ്മൽ പോലുമറിയാതെ പ്രയോരിറ്റികൾ മാറും. നേരത്തെ എവിടെയെങ്കിലും പോവണമെങ്കിൽ വലിയ പ്ലാനിഗൊന്നും വേണ്ട. അങ്ങ് പോയാൽ മതി. ഇപ്പോൾ കൊച്ചുങ്ങൾക്ക് പോവാൻ പറ്റുന്ന സ്ഥലങ്ങളായിരിക്കണം. നമ്മളൊന്നും പ്രയോരിറ്റിയേ അല്ല. കൊച്ചിനെ ചുറ്റിപ്പറ്റിയാണ് എല്ലാ കാര്യങ്ങളും. ഇത് വേറൊരു ലൈഫ് സ്റ്റെെലാണ്'

മറ്റേതും എൻജോയ് ചെയ്തു. ഇപ്പോൾ അത് നടക്കില്ല. നമുക്ക് വേണ്ടിയെന്ന് ചിന്തിക്കാൻ കുറച്ച് കഴിയണം. കുഞ്ഞ് ചിരിക്കാറായിട്ടില്ല. രണ്ട് മാസമായതേയുള്ളൂ. ബ്ലാക്ക് ആന്റ് വൈറ്റ് മാത്രമേ മനസ്സിലാവൂ. കളറുകൾ മനസ്സിലാവാറായിട്ടില്ലെന്നും ബേസിൽ ജോസഫ് പറഞ്ഞു.
മുമ്പേ വീട്ടിലേക്ക് പോവാനിഷ്ടമുള്ളയാളാണ്. ഹോം സിക്ക്നെസുണ്ട്. ഇപ്പോൾ കുഞ്ഞ് കൂടിയായപ്പോൾ വീടെന്നൊക്കെ പറഞ്ഞാൽ അലിഞ്ഞില്ലാതാലുമമെന്ന് ബേസിൽ ജോസഫ് പറഞ്ഞു. ഭാര്യ വീട്ടിലാണ് കുഞ്ഞുള്ളത്. ജോലിക്കൊന്നും പോവാൻ വയ്യ എന്ന് പറഞ്ഞാണ് ഇറങ്ങിയതെന്നും ബേസിൽ ജോസഫ് വ്യക്തമാക്കി. എലിസബത്ത് തന്നെയാണ് കുഞ്ഞിന് ഹോപ്പ് എന്ന പേരിട്ടത്.
എനിക്കും ഇഷ്ടമായി. ഒരു സീരീസ് കണ്ടു കൊണ്ടിരുന്നപ്പോൾ അങ്ങനെയൊരു ക്യാരക്ടർ ഉണ്ടായിരുന്നു. പ്രശ്നങ്ങൾക്കിടയിൽ ജനിച്ച പട്ടിക്കുഞ്ഞിന് ഹോപ്പ് എന്നാണ് സീരിസിലിട്ട പേര്. അത് എലിസബത്തിന് സ്ട്രെെക്ക് ചെയ്തെന്നും ബേസിൽ പറഞ്ഞു. സംവിധായകനെന്നതിനപ്പുറം നടനെന്ന രീതിയിൽ കരിയറിൽ തിരക്കുകളിലാണ് ബേസിലിപ്പോൾ. കഠിന കഠോരമീ അണ്ഡകടാഹമാണ് ബേസിലിന്റെ പുതിയ സിനിമ. പെരുന്നാൾ റിലീസായി സിനിമ തിയറ്ററുകളിലെത്തും.


Click it and Unblock the Notifications