ബെസ്റ്റ്ഫ്രണ്ട് പോലും അവന്റെ ആ വശം എന്നിൽ നിന്നും മറച്ച് പിടിച്ചു, തീരുമാനം തെറ്റായിപ്പോയോയെന്ന് തോന്നി; ബേസിൽ
എഞ്ചിനീയർ ബിരുദവും നല്ലൊരു ജോലിയും കയ്യിലുണ്ടായിരുന്ന സമയത്ത് സിനിമയോടുള്ള ഇഷ്ടം കൊണ്ട് അവയെല്ലാം വേണ്ടെന്ന് വെച്ച് വയനാട് ചുരം ഇറങ്ങി വന്ന് മലയാള സിനിമയുടെ ഭാഗമായ താരമാണ് ബേസിൽ ജോസഫ്. ഇന്ന് ബേസിൽ കൈവെയ്ക്കാത്ത മേഖലകൾ സിനിമയിലില്ല. ബോളിവുഡ് താരങ്ങൾ പോലും ബേസിലിന്റെ ഫാനായി മാറി കഴിഞ്ഞു. വൈദീകന്റെ മകനായ താൻ സിനിമയിൽ പ്രവർത്തിക്കുന്നതിനെ നാട്ടുകാർ പോലും തുടക്കത്തിൽ അവജ്ഞയോടെയാണ് നോക്കിയിരുന്നതെന്ന് പറയുകയാണ് താരമിപ്പോൾ.
വൈദീകന്റെ മകനായതുകൊണ്ട് സ്കൂൾ കാലത്ത് കിട്ടിയിരുന്ന പ്രിവിലേജുകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബേസിൽ. പള്ളീലച്ചന്റെ മകനായതുകൊണ്ട് തന്നെ വേറെ അലമ്പൊന്നും ഉണ്ടാവില്ല. എല്ലായിടത്തും ഗുഡ് ബോയ്. പള്ളി ക്വയറിൽ ഞാൻ ഉണ്ടായിരുന്നു. പാട്ട് പാടുക, കീ ബോർഡ് വായിക്കുക, എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസിലൊക്കെ മുൻപന്തിയിൽ ആയിരുന്നു.

എല്ലാ കോംപറ്റീഷനിലും മുന്നിലുണ്ടാകും. പള്ളീലച്ചൻ മാത്രമല്ല എന്റെ മാതാപിതാക്കൾ അധ്യാപകർ കൂടിയായിരുന്നു. ടീച്ചർമാരുടെ മക്കൾക്കുള്ള പ്രിവിലേജും കിട്ടിയിരുന്നു. പദ്യ പാരായണം അടക്കം എല്ലാ പരിപാടിയിലും പങ്കെടുക്കുമായിരുന്നു. ഞാൻ വൈദീകന്റെ മകനായതുകൊണ്ട് എന്റെ ബെസ്റ്റ് ഫ്രണ്ട് പോലും അവന്റെ മറ്റൊരു സൈഡ് എന്നെ കാണിച്ചിട്ടില്ലായിരുന്നു. പിന്നീടാണ് ഞാൻ പലതും മനസിലാക്കിയിട്ടുള്ളത്. ഒരിക്കൽ ക്ലാസിൽ ആരോ ഡബിൾ മീനിങ് കോമഡി പറഞ്ഞു.
ബാക്കി എല്ലാവരും ചിരിച്ചു. എനിക്ക് മാത്രം മനസിലായില്ല. അത് കേട്ട് കൊണ്ട് വന്ന ടീച്ചർ എന്റെ ഭാവം കണ്ട് അതൊന്നും നീ മനസിലാക്കണ്ട എന്നാണ് പറഞ്ഞത്. അങ്ങനെ പല കാര്യങ്ങളും പിന്നീടാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. കോളേജിൽ എത്തിയപ്പോൾ എല്ലാം മാറി. തിരുവനന്തപുരത്തായിരുന്നു പഠിച്ചത്. ഹോസ്റ്റൽ ലൈഫായിരുന്നു.
അവിടെ നിന്ന് കിട്ടിയ ഫ്രീഡവും എക്സ്പോഷറും വേറെയായിരുന്നു. അതുവരെ ഗുഡ് ബോയ് ആയിരുന്ന ഞാൻ കോളേജിൽ എത്തിയതോടെ സ്ട്രീറ്റ് സ്മാർട്ടായി. മുമ്പ് പഠിക്കാൻ മിടുക്കനും സ്കൂളിലെ ലിസ്റ്റിൽ ടോപ്പിൽ വന്നിരുന്ന ആളുമെല്ലാമായിരുന്നു. എൻട്രൻസിനും നല്ല റാങ്കുണ്ടായിരുന്നു. പത്തിലും പ്ലസ് ടുവിലും നല്ല മാർക്കുണ്ടായിരുന്നത് കൊണ്ട് തന്നെ ടീച്ചേഴ്സിന്റെ പെറ്റായിരുന്നു. ഗവൺമെന്റ് കോളേജിൽ എത്തിയശേഷം കാര്യങ്ങൾ ആകെ മാറി.
നേരെ ബാക്ക് ബെഞ്ചിലേക്ക് ഇരുപ്പ് മാറ്റി. ക്ലാസിൽ കയറിയാൽ കയറി. കോളേജ് ഫെസ്റ്റ് ധ്വനിയുടെ കൺവീനറായിരുന്നു ഞാൻ. ആർട്സ് ക്ലബ്ബ് സെക്രട്ടറിയുമായിരുന്നു. കോളേജ് ലൈഫ് അടിപൊളിയായിരുന്നു. സ്കൂൾ കാലത്ത് പള്ളീലച്ചന്റെ മകൻ, മതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പഠനം തുടങ്ങിയവയെല്ലാം അന്നത്തെ എന്റെ ലൈഫിനെ ഭയങ്കരമായി ഇൻഫ്ലൂവൻസ് ചെയ്തിരുന്നു.

വിനീതേട്ടന്റെ അസിസ്റ്റന്റ് ഡയറക്ടറായി ജോയിൻ ചെയ്യുന്ന സമയത്ത് സിനിമയെ കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു. കഥ പറയുക എന്ന സഹജാവബോധം മാത്രമെ ഉണ്ടായിരുന്നുള്ളു. കൂടെയുള്ള മറ്റ് അസിസ്റ്റന്റ് ഡയറക്ടേഴ്സ് ക്രിസ്റ്റഫർ നോളൻ, ഐമാക്സ് എന്നൊക്കെ പറയുമ്പോൾ ഇവന്മാർ എന്താണ് ഈ പറയുന്നത് എന്നാണ് ഞാൻ ചിന്തിച്ചുകൊണ്ടിരുന്നത്. എന്റെ തീരുമാനം തെറ്റായിപ്പോയോ എന്ന് പോലും ചിന്തിച്ചു.
ജോലി രാജിവെച്ച് നല്ല ശമ്പളവും ഒഴിവാക്കിയാണ് അസിസ്റ്റന്റ് ഡയറക്ടറാവാൻ കയറിയത്. ഓടിപ്പോയാലോയെന്ന് പോലും തോന്നി. ജോലിയില്ലാതെ ഒരു വഴിയും തെളിയാതെ വയനാട്ടിലേക്ക് തിരിച്ച് പോയിട്ടും കാര്യമില്ല. എന്ത് വന്നാലും വേണ്ടില്ല ഇനി ഇവിടെ തന്നെ തുടരാം സിനിമ പഠിക്കാമെന്ന് അങ്ങനെയാണ് തീരുമാനിച്ചത്. നാട്ടിൽ ചെന്ന് പള്ളിയിൽ പോയി കഴിയുമ്പോൾ ഇപ്പോൾ മറ്റേ പരിപാടിക്ക് പോകാറുണ്ടോയെന്നാണ് നാട്ടുകാർ ചോദിച്ചിരുന്നത്.
പള്ളീലച്ചന്റെ മകൻ സിനിമയിൽ എന്നത‍് അവർക്കൊന്നും അത്ര സ്വീകാര്യമായിരുന്നില്ല. ഇതിനെ ജോലിയായൊന്നും അവർ കണക്കാക്കില്ല. എന്റെ മാതാപിതാക്കളും ഞാൻ കാരണം ഇത്തരം ചോദ്യങ്ങൾ നേരിട്ടിട്ടുണ്ടെന്നും ബേസിൽ ജോസഫ് പറയുന്നു.


Click it and Unblock the Notifications


