'ഭൂകമ്പമുണ്ടായാലും എലിസബത്ത് അറിയില്ലായിരുന്നു ഇപ്പോൾ എന്തിനും സജ്ജമായാണ് നിൽക്കുന്നത്'; ബേസിൽ ജോസഫ്!
ബേസിൽ ജോസഫ് എന്ന പേര് കേട്ടാൽ മലയാളികളുടെ മനസിൽ ആദ്യം വരിക ഒരു പുഞ്ചിരിയാണ്. ഇതുവരെ ബേസിൽ അഭിനയിച്ചതും സംവിധാനം ചെയ്തതുമായ സിനിമകളാണ് അതിനൊരു കാരണം. അടുത്ത വീട്ടിലെ പയ്യനെന്ന് വിളിക്കാവുന്ന വളരെ സ്വാഭാവിക അഭിനയ രീതിയുള്ള ഒരിക്കൽ പോലും വെറുപ്പിക്കാത്ത നടനാണ് ബേസിൽ. അദ്ദേഹത്തിന്റെ സംവിധാന മികവാണ് താരത്തിന്റെ ജനപ്രീതിക്ക് മറ്റൊരു കാരണം.
ബേസിൽ ജോസഫ് ഇന്നൊരു ബ്രാന്റാണ്. ഒട്ടും നിരാശപ്പെടുത്താത്ത ബ്രാന്റ്. ജയറാം സിനിമകൾ ഒരു കാലത്ത് നൽകിയിരുന്ന തൃപ്തി ഇന്ന് ബേസിൽ സിനിമകൾ കാണുമ്പോൾ ലഭിക്കാറുണ്ടെന്നാണ് സിനിമാ പ്രേമികൾ പറയാറുള്ളത്. ഈ വർഷം ബേസിലിന്റെ ജീവിതത്തിലെ ഏറ്റവും മികച്ച വർഷങ്ങളിൽ ഒന്നായിരുന്നു. അതിന് കാരണം ബേസിലിന് ഒരു കുഞ്ഞ് പിറന്നുവെന്നാണ്.

ഫെബ്രുവരി ആദ്യമാണ് തനിക്കും എലിസബത്തിനും ഒരു മകൾ പിറന്നുവെന്ന സന്തോഷം താരം ആരാധകരെ അറിയിച്ചത്. ഹോപ്പ് എലിസബത്ത് ബേസില്‍ എന്നാണ് കുഞ്ഞിന്റെ പേര്. അവൾ ഞങ്ങളുടെ ഹൃദയം കവർന്നു. അവളുടെ വളർച്ച കാണാനും അവളിൽ നിന്ന് ഓരോ ദിവസവും പഠിക്കാനും അക്ഷമയോടെ കാത്തിരിക്കുകയാണെന്നാണ് മകൾ പിറന്ന സന്തോഷം പങ്കിട്ട് ബേസിൽ കുറിച്ചത്.
ഇപ്പോൾ സിനിമകൾ റിലീസാകുമ്പോൾ കുഞ്ഞിനേയും കൊണ്ടാണ് ബേസിലും ഭാര്യയും തിയേറ്ററിലേക്ക് എത്തുന്നത്. താരത്തിന്റെ ഭാര്യ എലിസബത്താണ് കുഞ്ഞിനായി ഹോപ്പ് എന്ന പേര് കണ്ടെത്തിയത്. ഒരു സീരീസ് കാണുന്നതിനിടയിലാണ് എലിസബത്തിന് ഹോപ്പ് എന്ന പേര് സ്ട്രൈക്ക് ചെയ്യുന്നത്. ആ സീരീസിൽ ഒരു പട്ടിക്കുട്ടി ജനിക്കുന്നുണ്ട്. അതിന് നൽകുന്ന പേരാണ് ഹോപ്പ് എന്നത്.
വളരെ പ്രശ്നങ്ങൾക്കിടയിൽ അവർക്ക് പ്രതീക്ഷകൾ നൽകി ജനിക്കുന്ന കുഞ്ഞിനെ അവർ ഹോപ്പ് എന്ന് വിളിച്ചു എന്നാണ് പേര് ഉണ്ടായതിനെ കുറിച്ച് സംസാരിച്ച് മുമ്പൊരിക്കൽ ബേസിൽ പറഞ്ഞത്. ഇപ്പോഴിതാ മകൾ വന്നശേഷം ഭാര്യയ്ക്കുണ്ടായ മാറ്റത്തെ കുറിച്ച് ബേസിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. കുഞ്ഞ് പിറക്കും മുമ്പ് പടക്കം പൊട്ടിയാലും ഉറക്കത്തിൽ നിന്നും ഉണരാത്ത എലിസബത്ത് ഇപ്പോൾ കുഞ്ഞൊന്ന് ഞരങ്ങിയാൽ പോലും അറിയുമെന്നാണ് ബേസിൽ പറയുന്നത്.
'രാത്രി ഉറങ്ങുമ്പോൾ പടക്കം പൊട്ടിയാലും ഭൂകമ്പം ഉണ്ടായാലും എലിസബത്ത് എഴുന്നേൽക്കില്ല. എന്നാൽ കുഞ്ഞ് പിറന്നശേഷം കുഞ്ഞൊന്ന് ഞരങ്ങിയാൽ പോലും ചാടി എഴുന്നേറ്റ് സർവ സന്നാഹങ്ങളുമായി കുഞ്ഞിനെ ശുശ്രൂഷിക്കാൻ നിൽക്കും. കുഞ്ഞ് കരയുമ്പോഴേക്കും പ്രയോറിറ്റിയും നമ്മളുമൊക്കെ മാറിപ്പോകും.'

'നമ്മുടെ പ്ലാനിങ്ങുകൾ പോലും കുഞ്ഞിനെ ബേസ് ചെയ്താണ് ഇപ്പോൾ. പണ്ടൊക്കെ യാത്ര പോകുമ്പോൾ രണ്ട് ബാഗ് പാക്ക് ചെയ്യും പോകും അതായിരുന്നു രീതി. എന്നാൽ ഇപ്പോൾ അതൊക്കെ മാറി കുഞ്ഞിന് പറ്റിയ കാലവസ്ഥയുള്ള സ്ഥലമാണോ എന്നാണ് ആദ്യം നോക്കുന്നത്', എന്നാണ് മകളെയും ഭാര്യയേയും കുറിച്ച് സംസാരിച്ച് ബേസിൽ പറഞ്ഞത്.
2017 ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.


Click it and Unblock the Notifications