'ഒരുപാട് വള വള വളാന്ന് മിണ്ടാൻ നിൽക്കേണ്ടെന്ന് നസ്രിയയോട് പറഞ്ഞിരുന്നു, ഞങ്ങൾ തമ്മിൽ ശരിക്കും സ്നേഹമാണ്'
തുടരെ തുടരെ സിനിമകൾ ചെയ്യുന്ന കൂട്ടത്തിലല്ല നടി നസ്രിയ നസീം. കൃത്യമായ ഇടവേളകൾ എടുത്ത് നല്ല സ്ക്രിപ്റ്റിനും കഥാപാത്രത്തിനും ഒപ്പമാണ് നസ്രിയ പ്രേക്ഷകരിലേക്ക് എത്താറുള്ളത്. അതുകൊണ്ട് തന്നെ മിനിമം ഗ്യാരന്റിയുടെ നായികമാരുടെ ലിസ്റ്റിലാണ് നസ്രിയയുടേയും സ്ഥാനം. രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷം നസ്രിയ നായികാ വേഷം ചെയ്ത ഏറ്റവും പുതിയ സിനിമ സൂക്ഷ്മദർശിനി വിജയകരമായി പ്രദർശനം തുടരുകയാണ്.
ത്രില്ലർ സിനിമയിൽ നസ്രിയയും നായകൻ ബേസിലും തന്നെയാണ് ഏറ്റവും കൂടുതൽ പ്രകടനം കൊണ്ട് മികച്ച് നിന്നതും. ആദ്യമായാണ് നസ്രിയയ്ക്കൊപ്പം ബേസിലും ഒരുമിച്ച് ഒരു സിനിമ വരുന്നത്. അതുകൊണ്ട് തന്നെ ട്രെയിലർ റിലീസിനുശേഷം സിനിമ കാണാനുള്ള പ്ലാനിലായിരുന്നു മലയാളികൾ. പ്രതീക്ഷിച്ചതുപോലെ തന്നെ ടിക്കറ്റ് കാശ് വസൂലാകുന്ന തരത്തിലുള്ള സീറ്റ് എഡ്ജ് ത്രില്ലർ തന്നെയായിരുന്നു സൂക്ഷ്മദർശിനി.

നാല് വർഷത്തെ ഇടവേളയ്ക്കുശേഷം നസ്രിയ ചെയ്ത മലയാള സിനിമ കൂടിയാണ് സൂക്ഷ്മദർശിനി. അതിന് മുമ്പ് മണിയറയിലെ അശോകൻ എന്ന സിനിമയിൽ ഗസ്റ്റ് റോളാണ് നസ്രിയ ചെയ്തത്. ശേഷം തെലുങ്ക് സിനിമയായ അണ്ടേ സുന്ദരാനികിയിലും നടി അഭിനയിച്ചു. നാനി നായകനായ സിനിമ മൊഴി മാറ്റി മലയാളത്തിലും റിലീസ് ചെയ്തിരുന്നു.
എങ്കിലും മലയാള സിനിമകളിൽ നസ്രിയയെ നായിക റോളുകളിൽ കാണാത്തതിന്റെ പരിഭവം ആരാധകർക്കുണ്ടായിരുന്നു. അഭിനയിച്ചില്ലെങ്കിലും നിർമാതാവിന്റെ റോളിൽ കഴിഞ്ഞ നാല് വർഷവും നസ്രിയ സിനിമയിൽ സജീവമായിരുന്നു. സൂക്ഷ്മദർശിനി വിജയകരമായി തിയേറ്ററിൽ പ്രദർശനം തുടരുമ്പോൾ കഴിഞ്ഞ ദിവസം കൊച്ചി ലുലു മാളിൽ നസ്രിയയും ബേസിലും അടങ്ങുന്ന സൂക്ഷ്മദർശിനി ടീം സിനിമയുടെ പ്രമോഷനായി എത്തിയിരുന്നു.
പരിപാടിക്കിടെ തടിച്ച് കൂടിയ ജനസാഗരത്തോട് സംസാരിക്കവെ ബേസിൽ നസ്രിയയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആരാധകരിൽ ചിരി നിറച്ചു. സിനിമയുടെ പ്രമോഷൻ സമയത്ത് വിവിധ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വളരെ വൈബ്രന്റായി നിന്ന് കൗണ്ടറുകൾ പറഞ്ഞ് ആരാധകരെ ചിരിപ്പിക്കുന്ന നസ്രിയയെയാണ് പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞത്. പതിവായി അഭിമുഖങ്ങളിൽ തിളങ്ങാറുള്ള ബേസിൽ പോലും നസ്രിയയ്ക്കൊപ്പം അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ മറുപടികൾ ഇല്ലാതെ ഒതുങ്ങിപ്പോയിരുന്നു.
എന്നാൽ ലുലു മാളിലെ ചടങ്ങിനെത്തിയ നസ്രിയ മിതഭാഷിണിയായിരുന്നു. വളരെ പക്വതയുള്ള വ്യക്തിയായാണ് പെരുമാറിയത്. ഒരുപാട് അവിടെ പോയി സംസാരിക്കാൻ നിൽക്കേണ്ടെന്ന് നേരത്തെ പറഞ്ഞ് കൊടുത്തശേഷമാണ് നസ്രിയയുമായി വന്നതെന്നാണ് ബേസിൽ പറഞ്ഞത്.

അവിടെപ്പോയി ഒരുപാട് വള വള വളാന്ന് മിണ്ടാൻ നിൽക്കേണ്ടെന്ന് നസ്രിയയോട് ഞങ്ങൾ പറഞ്ഞിരുന്നു. കുറച്ച് മയത്തിലൊക്കെ സംസാരിച്ചാൽ മതിയെന്നും പറഞ്ഞിരുന്നു. അതുകൊണ്ടാണ് തങ്ങൾ വളരെ സീരിയസായി നിന്ന് സംസാരിക്കുന്നതെന്നുമാണ് ബേസിൽ പറഞ്ഞത്. ഇരുവരുടെയും അഭിമുഖം കണ്ട് സിനിമ കാണാൻ കയറിയവരെല്ലാം ഇരുവരുടെയും കോമഡി വൈബായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ വളരെ വ്യത്യസ്തമായ രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന ആളുകളെ കഥാപാത്രമാണ് നസ്രിയയും ബേസിലും അവതരിപ്പിച്ചത്. അതേ കുറിച്ച് ചോദിച്ചപ്പോൾ ഞങ്ങൾ തമ്മിൽ ശരിക്കും സ്നേഹമാണ് എന്നാണ് നസ്രിയ പറഞ്ഞത്. അതേസമയം സൂക്ഷ്മദർശിനി സിനിമയുടെ ഭാഗമായി അഭിമുഖങ്ങൾ നൽകിയശേഷം വലിയ രീതിയിലുള്ള ഹേറ്റാണ് നസ്രിയയ്ക്കെതിരെ സോഷ്യൽമീഡിയയിൽ നിറഞ്ഞത്. ക്യൂട്ടാകാനായി എല്ലായിടത്തും അനാവശ്യമായി നടി സംസാരിക്കുന്നുവെന്നതായിരുന്നു പ്രധാന വിമർശനം.
നസ്രിയയ്ക്കൊപ്പം വന്ന് വിരസത നിറഞ്ഞ തമാശകൾ പറഞ്ഞ് ബേസിലും വെറുപ്പിച്ചുവെന്നുമെല്ലാം കമന്റുകളുണ്ടായിരുന്നു. ബേസിൽ-നസ്രിയ കോമ്പോ ഉണ്ടാക്കാൻ അനാവശ്യമായി നടി ശ്രമിക്കുന്നതായും സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ കൂടിയാകും നസ്രിയ ചടങ്ങിൽ മിതമായി സംസാരിച്ചതെന്നാണ് പുതിയ വീഡിയോയ്ക്ക് വന്ന കമന്റുകൾ.


Click it and Unblock the Notifications