വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവ് ജയിലിൽ; മഹാലക്ഷ്മിയെ മൂധേവിയെന്ന് വിളിച്ചു?; ബയിൽവൻ
നിർമാതാവ് രവീന്ദർ ചന്ദ്രശേഖരന്റെ അറസ്റ്റ് തമിഴ്നാട്ടിൽ ഇതിനകം ചർച്ചയായിട്ടുണ്ട്. 16 കോടിയുടെ തട്ടിപ്പ് കേസിനാണ് രവീന്ദറിനെ സെൻട്രൽ ക്രെെം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പവർ പ്രൊജക്ടിൽ ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് പറ്റിച്ചതായാണ് പരാതി. 2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുനിസിപ്പൽ വേസ്റ്റുകളിൽ നിന്നും ഊർജം ഉണ്ടാക്കുന്ന പദ്ധതിയുമാണ് രവീന്ദർ മുന്നോട്ട് വന്നത്. പദ്ധതി നടത്താൻ രണ്ട് കമ്പനികൾ നിക്ഷേപവും നൽകി.
16 കോടി രൂപയ്ക്കടുത്താണ് ഇവർ നൽകിയ തുക. തുക വാങ്ങിയ രവീന്ദർ പക്ഷെ ബിസിനസ് തുടങ്ങിയില്ല. പണം നിക്ഷേപകർക്ക് തിരിച്ച് നൽകിയതുമില്ല. ഇതാണ് പരാതിക്ക് കാരണമായത്. അടുത്ത കാലത്ത് തമിഴ് മാധ്യമങ്ങളിൽ നിറഞ്ഞ് നിന്ന വ്യക്തിയാണ് രവീന്ദർ ചന്ദ്രശേഖരൻ. സീരിയൽ താരം മഹാലക്ഷ്മിയുമായുള്ള വിവാഹത്തിന് ശേഷമാണ് രവീന്ദർ ജനശ്രദ്ധയിലേക്ക് വരുന്നത്. കഴിഞ്ഞ വർഷമാണ് രവീന്ദറും മഹാലക്ഷ്മിയും വിവാഹിതരായത്.

ഇരുവരുടെയും വിവാഹഫോട്ടോ വൻ ജനശ്രദ്ധ നേടി. രവീന്ദറിന്റെ ശരീരഭാരത്തെ പരിഹസിച്ച് കമന്റുകളും വന്നു. പണം കണ്ടാണ് മഹാലക്ഷ്മി ഈ ബന്ധത്തിന് തയ്യാറായതെന്നും ആക്ഷേപങ്ങൾ വന്നു. എന്നാൽ സൈബർ ആക്രമണങ്ങൾ മുഖവിലക്കെടുക്കാതെ രണ്ട് പേരും മുന്നോട്ട് പോയി. താരങ്ങളുടെ ആദ്യ വിവാഹബന്ധം വേർപിരിഞ്ഞതാണ്. ആദ്യ ബന്ധത്തിൽ മഹാലക്ഷ്മിക്ക് ഒരു മകനുമുണ്ട്. ഇക്കാര്യങ്ങളെല്ലാം ചർച്ചയായെങ്കിലും നടി പ്രതികരിച്ചില്ല.
മഹാലക്ഷ്മിയെക്കുറിച്ച് തമിഴകത്തെ വിവാദ മാധ്യമപ്രവർത്തകൻ ബയിൽവൻ രംഗനാഥൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കല്യാണം കഴിഞ്ഞ് ഒരു വർഷം പോലും ആയിട്ടില്ല. വീട്ടിൽ മഹാലക്ഷ്മി വന്നതിൽ ആഹ്ലാദിച്ച കുടുംബം വീട്ടിൽ മൂധേവി വന്ന് കയറി, ഭർത്താവ് ജയിലിലായി എന്ന് പറയാൻ തുടങ്ങി. ഇപ്പോൾ ജയിലിൽ കമ്പിയെണ്ണിയിരിക്കുകയാണ് രവീന്ദർ ചന്ദ്രശേഖരൻ. രവീന്ദർ നിർമ്മിച്ച പല സിനിമകളും പരാജയപ്പെട്ട് നഷ്ടം വന്നിട്ടുണ്ടെന്നും ബയിൽവൻ രംഗനാഥൻ പറയുന്നു.

നിലവിലെ വിവാദങ്ങളോട് ഇതുവരെ രവീന്ദറോ മഹാലക്ഷ്മിയോ പ്രതികരിച്ചിട്ടില്ല. കുറച്ച് നാൾ മുമ്പ് ഇരുവരും വിവാഹമോചിതരാകാൻ പോകുന്നെന്ന വാർത്ത പുറത്ത് വന്നിരുന്നു. അന്ന് വാർത്തകൾ നിഷേധിച്ച് രവീന്ദർ രംഗത്ത് വന്നു. തങ്ങൾ സന്തോഷമായി ജീവിക്കുകയാണെന്നാണ് രവീന്ദർ വ്യക്തമാക്കിയത്. വർഷങ്ങളായി തമിഴ് സിനിമാ നിർമാണ രംഗത്ത് രവീന്ദർ സജീവ സാന്നിധ്യമാണ്.
2013 ൽ സുട്ട കഥൈ എന്ന സിനിമയിലൂടെയാണ് രവീന്ദർ ചന്ദ്രശേഖരൻ നിർമാണ രംഗത്ത് തുടക്കം കുറിച്ചത്. പിന്നീട് നളനും നന്ദിനിയും. കോലെെ നോക്ക് പാർവൈ, കല്യാണം തുടങ്ങിയ സിനിമകൾ നിർമിച്ചു. 2022 ൽ സംവിധാന രംഗത്തേക്കും രവീന്ദർ കടന്ന് വന്നു. മാർക്കണ്ഡേയ മഗലിർ കല്ലൂരിയം എന്ന സിനിമയാണ് ഇദ്ദേഹം സംവിധാനം ചെയ്തത്. മറുവശത്ത് മഹാലക്ഷ്മി സീരിയൽ രംഗത്ത് സജീവമാണ്. നേരത്തെയും പല വിവാദങ്ങളിൽ രവീന്ദർ അകപ്പെട്ടിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് രവീന്ദർ. നേരത്തെ നടി വനിത വിജയകുമാറിന്റെ മൂന്നാം വിവാഹത്തിനെതിരെ രവീന്ദർ രംഗത്ത് വന്നിരുന്നു. വനിത വിവാഹം ചെയ്ത പീറ്റർ പോളിന്റെ ആദ്യ ഭാര്യക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് രവീന്ദർ രംഗത്ത് വന്നത്. പരാമർശത്തിനെതിരെ വനിത പ്രതികരിച്ചു. രവീന്ദർ അനാവശ്യമായി തന്നെ ആക്ഷേപിക്കുന്നെന്നും ഇത്തരം ആളുകളെ പ്രൊഡ്യൂസേർസ് കൗൺസിലിൽ ഉൾപ്പെടുത്തരുതെന്നും വനിത വിജയകുമാർ അന്ന് തുറന്നടിച്ചു.


Click it and Unblock the Notifications