'ലക്ഷ്യം പണം മാത്രം... കുഞ്ഞുങ്ങളെപ്പോലും നയൻതാരയ്ക്ക് ദൈവം കൊടുത്തില്ല, ഇതിലും ഭേദം പിച്ചയെടുക്കുന്നത്'
മിഷോങ് ചുഴലിക്കാറ്റ് വലിയ രീതിയിൽ തമിഴ്നാടിനെ ബാധിച്ചു. ചെന്നൈ നഗരത്തെ പിടിച്ചുലച്ച പ്രളയത്തിന്റെ കെടുതികൾ ഒരു കോടിയിലേറെയാളുകളെ ബാധിച്ചതായാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞത്. 47 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴ പെയ്തിട്ടും ആളപായം കുറവായിരുന്നുവെന്നതാണ് ആശ്വസം. വൈദ്യുതിയും ഫോൺ ശൃംഖലയും നിത്യോപയോഗ സാധനങ്ങളുടെ അഭാവവും കാരണം ചെന്നൈ നിവാസികൾ ദുരിതത്തിലായിരുന്നു.
നിരവധിയാളുകളാണ് തമിഴ്നാടിന് സഹായ ഹസ്തവുമായി എത്തിയത്. ചെന്നൈയിലെ പ്രളയം സാധാരണക്കാരെ മാത്രമല്ല സൂപ്പർ താരം രജിനികാന്തിനെ അടക്കം ബാധിച്ചിരുന്നു. വെള്ളപ്പൊക്കത്തിൽ രജിനികാന്തിന്റെ വീടിനും നാശനഷ്ടമുണ്ടായെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ചെന്നൈയിലെ പ്രളയബാധിതർക്ക് രജിനികാന്ത് 10 കോടി രൂപ സംഭാവന നൽകിയിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് അദ്ദേഹം സംഭാവന നൽകിയത്. ഷാരൂഖ് ഖാൻ നേരത്തെ ഒരു കോടി രൂപ സംഭാവന നൽകിയിരുന്നു. നടൻ സൂര്യയും സഹോദരൻ കാർത്തിയും ആദ്യ ഗഡുവായി 10 ലക്ഷം രൂപയും സംഭാവന നല്‍കിയിരുന്നു. ചെന്നൈയിലെ വെള്ളപ്പൊക്കത്തിൽ ബോളിവുഡ് താരം ആമിർ ഖാനും കുടുങ്ങിയിരുന്നു.
വൈറലായ ഫോട്ടോകളിൽ രക്ഷാപ്രവർത്തന ബോട്ടിൽ ഇരിക്കുന്ന ആമിർഖാനെ കാണാം. തമിഴ് നടൻ വിഷ്ണു വിശാൽ ഉൾപ്പെടെയുള്ളവർക്കൊപ്പം രക്ഷാപ്രവർത്തന ബോട്ടിലാണ് ആമിർ ഇരിക്കുന്നത്. തമിഴ് നടൻ അജിത് കുമാറിൽ നിന്നും ആമിറിന് സഹായം ലഭിച്ചതായും റിപ്പോർട്ട് വന്നിരുന്നു.
മാതാവിന്റെ ചികിത്സയ്ക്കായാണ് ആമിർ ചെന്നൈയിലെത്തിയത്. മറ്റുള്ള താരങ്ങളെപ്പോലെ തന്നെ നയൻതാരയും ചെന്നൈയിൽ പ്രളയം ബാധിച്ച ജനങ്ങൾക്ക് സഹായം വിതരണം ചെയ്തിരുന്നു. പക്ഷെ അതൊരു വിവാദത്തിലാണ് കലാശിച്ചത്. നയൻതാരയുടെ പുത്തൻ ബ്രാൻഡായ 9സ്കിന്നിന് കീഴിലുള്ള ഫെമി9 എന്ന കമ്പനിയുടെ പേരിലാണ് താരം ദുരിതബാധിതർക്ക് സഹായങ്ങൾ വിതരണം ചെയ്തത്.
ചെന്നൈ വേളാച്ചേരി കൈവേലി പാലത്തിന് സമീപമുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഫെ 9 കമ്പനിയുടെ പേരിൽ സാനിറ്ററി നാപ്കിനുകളും വെള്ളക്കുപ്പികളും ഭക്ഷണ പാക്കറ്റുകളുമാണ് താരം നൽകിയത്. ഫെമി 9 കമ്പനിയുടെ പരസ്യ ബോർഡുകൾ പതിച്ച പ്രത്യേക വാഹനത്തിലാണ് ദുരിതാശ്വാസ സാധനങ്ങൾ താരത്തിന് വേണ്ടി ബന്ധപ്പെട്ടവർ ജനങ്ങളിലെത്തിച്ചത്.

നയൻതാരയുടെ റിലീഫ് വിതരണത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി പേർ താരത്തെ വിമർശിച്ച് എത്തി. പ്രളയദുരിതാശ്വാസം വിതരണം ചെയ്യുമ്പോഴും കമ്പനിയുടെ പ്രമോഷന് വേണ്ടി താരം പോസ്റ്ററുകൾ പതിച്ച് പ്രമോഷന് ശ്രമിച്ചുവെന്നാണ് വിമർശിച്ചവർ പറഞ്ഞത്. സ്വന്തം കമ്പനി വളർത്താനാണ് പ്രളയ സമയത്തും താരം ശ്രമിച്ചതെന്നും കുറ്റപ്പെടുത്തിയവർ കുറിച്ചു.
ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് നടനും സിനിമാ നിരൂപകനുമായ ബയൽവാൻ രംഗനാഥൻ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. നയൻതാരയുടെ ഒരേയൊരു ലക്ഷ്യം പണം മാത്രമാണെന്നും പ്രളയത്തിന് ഇടയിലും പരസ്യം ചെയ്ത് കമ്പനി വളർത്താൻ ശ്രമിക്കാതെ പിച്ചയെടുക്കുന്നതാണ് നല്ലതെന്നുമാണ് ബയൽവാൻ രംഗനാഥൻ പറഞ്ഞത്.
'നയൻതാരയുടെ ഒരേയൊരു ലക്ഷ്യം പണം മാത്രം. ആഢംബര കല്യാണ നടത്തിയ ശേഷം അത് കോടികൾ വിറ്റ് കാശാക്കിയ ആളാണ് നയൻതാര. വിവാഹത്തിന് ചിലവായതിന്റെ പതിന്മടങ്ങ് വിവാഹ വീഡിയോ വിറ്റ് താരം നേടി. ചെന്നൈയിൽ നിരവധി ടീഷോപ്പുകൾ വരെ നയൻതാരയ്ക്ക് സ്വന്തമായുണ്ട്. കൂടാതെ പുതിയതായി സൗന്ദര്യ വർധക വസ്തുക്കളുടെ കമ്പനിയും ആരംഭിച്ചു. പ്രളയം ബാധിച്ചവർക്ക് നയൻതാരയും അവശ്യസാധനങ്ങൾ വിതരണം ചെയ്തിരുന്നു.'
'അതിന് അഭിനന്ദനം അർഹിക്കുന്നു. താൻ വിതരണം ചെയ്യുന്ന സാധനങ്ങളിൽ സ്വന്തം ഫോട്ടോ വെച്ചാൽ അതിൽ കുറ്റപ്പെടുത്താനാവില്ല. പക്ഷെ നയൻതാര സ്വന്തം കമ്പനിയുടെ പരസ്യം വെച്ചും വീഡിയോ പകർത്തിയും അവിടെയും ബിസിനസ് വളർത്താൻ നോക്കി. ഇതിലും ഭേദം താരം പിച്ചയെടുക്കാൻ പോകുന്നതാണ്. കുഞ്ഞുങ്ങളയോ താരത്തിന് ദൈവം കൊടുത്തില്ല. ഇത് ദൈവം പോലും പൊറുക്കില്ലെന്നുമാണ്', താരത്തെ വിമർശിച്ച് ബയൽവാൻ രംഗനാഥൻ മദ്രാസ് മൂവീസ് യുട്യൂബ് ചാനലിൽ പറഞ്ഞത്.


Click it and Unblock the Notifications