അപ്പച്ചൻ ഐസിയുവിൽ, റിഹേഴ്സലിന് വരാൻ വൈകിയതിന് ലാലേട്ടൻ ദേഷ്യപ്പെട്ടു, ദൈവത്തെപ്പോലെ രക്ഷിച്ചത് മമ്മൂക്ക; ബീന
സീരിയലുകളിൽ ശ്രദ്ധ കൊടുത്ത് തുടങ്ങിയതോടെയാണ് നടി ബീന ആന്റണിയുടെ സാന്നിധ്യം മലയാള സിനിമകളിൽ കുറഞ്ഞത്. യോദ്ധ അടക്കം നിരവധി സിനിമകളിൽ വലിയ താരങ്ങൾക്കൊപ്പം വലുതും ചെറുതുമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരം വില്ലത്തി, സഹനടി റോളുകളാണ് സീരിയലിൽ അവതരിപ്പിക്കുന്നത്. താരങ്ങളുടെ സംഘടനയായ അമ്മ അസോസിയേഷന്റെയും ഭാഗമായ ബീന ആന്റണി അടുത്തിടെ നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
ഒരു നിർണായക ഘട്ടത്തിൽ മറ്റ് ആർട്ടിസ്റ്റുകളോട് തനിക്ക് വേണ്ടി സംസാരിച്ചയാളാണ് മമ്മൂട്ടിയെന്നും അന്ന് മുതൽ വലിയൊരു സ്ഥാനം തന്റെ മനസിൽ അദ്ദേഹത്തിന് ഉണ്ടെന്നും ബീന ആന്റണി പറയുന്നു. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കിച്ചൺ മാജിക്കിൽ പങ്കെടുത്തപ്പോഴാണ് പഴയൊരു ഓർമ നടി പങ്കുവെച്ചത്.

മമ്മൂക്കയുമായി എനിക്കൊരു അനുഭവമുണ്ട്. അമ്മ തുടങ്ങിയ കാലം... ഞാൻ മാണിക്യചെമ്പഴുക്കയുടെ ലൊക്കേഷനിൽ വേണു ചേട്ടനൊപ്പം അഭിനയിക്കുകയാണ്. അന്ന് ഞാനൊരു ചെറിയ ആർട്ടിസ്റ്റാണ്. എപ്പോഴാണ് അമ്മയുടെ മീറ്റിങ്ങിനായി വരേണ്ടതെന്ന് ചോദിച്ചു. എല്ലാവരും വരണം പാട്ടും ഡാൻസുമെല്ലാം ഉണ്ടെന്ന് പറഞ്ഞു. ഞാൻ വലിയ ആവേശത്തിലാണ് അന്ന് എന്റെ അമ്മയ്ക്കൊപ്പം വീട്ടിലേക്ക് പോയത്. രണ്ട് ദിവസം കഴിഞ്ഞാൽ റിഹേഴ്സൽ ക്യാമ്പ് തുടങ്ങും.
അപ്പോഴാണ് എന്റെ അപ്പച്ചൻ നെഞ്ച് വേദന വന്ന് പെട്ടന്ന് ആശുപത്രിയിൽ അഡ്മിറ്റായത്. ചെറിയൊരു വേരിയേഷൻ ഉണ്ടായിരുന്നു. ഐസിയുവിലായിരുന്നു. ഞാനും രണ്ട് ദിവസം അദ്ദേഹത്തോടൊപ്പം ആശുപത്രിയിൽ നിന്നു. പതുക്കെ വന്നാൽ മതി കുഴപ്പമില്ലെന്നാണ് വിവരം അറിയിച്ചപ്പോൾ അമ്മയുടെ ഭാഗമായവർ എല്ലാവരും പറഞ്ഞത്.
അങ്ങനെ രണ്ട് ദിവസം കഴിഞ്ഞ് ഞാനും റിഹേഴ്സൽ ക്യാമ്പിൽ എത്തി. അപ്പോഴേക്കും ലേറ്റായി. ഞാൻ ചെല്ലുമ്പോൾ ലാലേട്ടൻ, സുകുമാരി അമ്മ, സുരേഷേട്ടൻ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക വലിയ താരങ്ങളും അവിടെയുണ്ട്. ഞാനും അമ്മച്ചിയും പേടിച്ച് പേടിച്ചാണ് ചെന്നത്. കാരണം റിഹേഴ്സൽ തുടങ്ങിയല്ലോ... ഇത്രയും വലിയ സ്റ്റാർസൊക്കെ ഇവിടെ വന്നിട്ട് ഇപ്പോഴാണോ നിങ്ങൾ വരുന്നത്. എന്താ ഇത്ര ലേറ്റായത് എന്നൊക്കെ ലാലേട്ടൻ എന്നെ കണ്ടയുടൻ ചോദിച്ചു.
അപ്പച്ചൻ ആശുപത്രിയിൽ ആയിരുന്നുവെന്ന് ഞാൻ പറഞ്ഞു. എന്നിരുന്നാലും നമുക്ക് ഒരു ഉത്തരവാദിത്വം വേണ്ടേ?. ഇത്രയും പേർ വന്നില്ലേ. നിങ്ങൾ എനിക്കൊപ്പം രാമയണക്കാറ്റേ ഡാൻസിലുണ്ടായിരുന്നു. സുചിത്രയേയും ബീനയേയും ആയിരുന്നു എന്റെ ഒപ്പം കളിക്കാനായി സെലക്ട് ചെയ്തിരുന്നത് എന്നൊക്കെ അദ്ദേഹം പറഞ്ഞു. ഞാൻ പേടിച്ച് നിൽക്കുകയാണ്.

കരച്ചിലും വരുന്നുണ്ട്. അതിനിടയിൽ ഇതെല്ലം കേട്ടുകൊണ്ടിരുന്ന മമ്മൂക്ക അവിടേക്ക് എത്തി. എന്താ... പ്രശ്നം അവൾ കാര്യം പറഞ്ഞില്ലേ.... പിന്നെ എന്തിനാ ക്വസ്റ്റ്യൻ ചെയ്യുന്നത്. കേറി പൊക്കോളൂവെന്ന് എല്ലാവരോടും എന്നോടുമായി മമ്മൂക്ക പറഞ്ഞു. ദൈവം വന്ന് പറയുന്നത് പോലെയാണ് ആ സമയത്ത് മമ്മൂക്ക എനിക്ക് വേണ്ടി സംസാരിച്ചപ്പോൾ തോന്നിയത്.
പിന്നെ ആരും ഒരുവാക്ക് പോലും അതേ കുറിച്ച് മിണ്ടിയില്ല. ഞാൻ അകത്തേക്ക് പോയി പ്രോഗ്രാമും ചെയ്തു. അന്ന് തുടങ്ങി ഞാൻ മമ്മൂക്കയെ എന്റെ മനസിൽ കാണുന്നത് വലിയൊരു സ്ഥാനം നൽകിയാണ്. പുള്ളിയുടെ വാക്കിനും എല്ലാവർക്കും ഇടയിൽ വിലയുമുണ്ടെന്നും ബീന ആന്റണി പറഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ മൂലം അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് വിശ്രമത്തിലാണ് മമ്മൂട്ടി.
ചെന്നൈയിലാണ് താരം ഇപ്പോഴുള്ളത്. നടൻ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തുന്ന നിമിഷത്തിന് വേണ്ടിയാണ് ലക്ഷകണക്കിന് ആരാധകർ കാത്തിരിക്കുന്നത്. നടന്റെ പരിശോധന ഫലം നെഗറ്റീവാണെന്നും എല്ലാം ബേധമായെന്നുമുള്ള വാർത്ത പുറത്തുവന്നപ്പോൾ സോഷ്യൽമീഡിയ അത് ആഘോഷമാക്കിയിരുന്നു.


Click it and Unblock the Notifications











