വായിൽ കൊണ്ട വെള്ളം ഒരു സൈഡിലൂടെ പോയി, മുഖം ഒരു വശത്തേക്ക് കോടി, സംഭവിച്ചതിനെക്കുറിച്ച് ബീന
കഴിഞ്ഞ ദിവസം പുറത്ത് വന്ന നടൻ മനോജിന്റെ വീഡിയോ പ്രേക്ഷകരെ ആകെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്. വളരെ നിസാരമായിട്ടാണ് മനു തനിക്ക് വന്ന ബെൽസ് പാൾസിയെ കുറിച്ച് പറഞ്ഞതെങ്കിലും ഇത് അദ്ദേഹത്തിന്റെ ആരാധകർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അസുഖ വിവരം പങ്കുവെച്ചത്. വിധി അടിച്ച് ഷേപ്പാക്കിയ എന്റെ മുഖം എന്ന് പറഞ്ഞ് കൊണ്ടാണ് വീഡിയോ പുറത്ത് വിട്ടത്. തലകെട്ട് തുടക്കത്തിൽ ചിരി പടത്തിയെങ്കിലും വീഡിയോ കണ്ടപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയത്. തന്നെ കണ്ടാൽ പേടി തോന്നരുത് എന്ന ആമുഖത്തോടെയാണ് നടൻ വീഡിയോ ആരംഭിക്കുന്നത്. എത്രയും വേഗം പഴയത് പോലെ ജീവിതത്തിലേയ്ക്ക് തിരികെ വരട്ടെ എന്നാണ് പ്രേക്ഷകർ പറയുന്നത്.
ഇപ്പോഴിത മനോജിന് സംഭവിച്ചതിന കുറിച്ച് വെളിപ്പെടുത്തുകയാണ് ബീന ആന്റണി. ആരാധകരോട് ആശങ്കപ്പെടാൻ ഇല്ലെന്നും ജീവിതത്തിലേയ്ക്ക് തിരികെ വരുകയാണെന്നു ബീന പറയുന്നു. വനിത ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ... തന്റെ ലെഫ്റ്റ് മീശയുടെ ഭാഗത്ത് ചുണ്ടിന്റെ അരുകിൽ എന്തോ വല്ലാതെ ഫീൽ ചെയ്യുന്നു എന്നാണ് മനു എന്നോട് ആദ്യം പറയുന്നത്. എന്തുപറ്റി എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന് കൃത്യമായി പറയാൻ കഴിയുന്നില്ല. സാരമില്ലെന്ന് ആശ്വസിപ്പിച്ച് അന്ന് ഉറങ്ങാൻ കിടന്നു. രാവിലെ എഴുന്നേൽക്കുമ്പോഴും അസ്വാഭാവികമായി ഒന്നും തോന്നിയില്ല. ഞാൻ എന്റെ ജോലികളിലേക്ക് കടന്നു. ചായ ഉണ്ടാക്കാനായി ഞാൻ അടുക്കളയിലേക്ക്. എന്നെ വിളിച്ച് അടുക്കളയിലേക്ക് എത്തിയപ്പോൾ തലേന്നു രാത്രിയിലത്തെ ആ പ്രശ്നം രൂക്ഷമായതായി പറഞ്ഞു.

ഇക്കുറി സംഗതി ഇത്തിരി സീരിയസായിരുന്നു. പല്ലു തേച്ചിട്ട് വെള്ളം വായിൽ കൊണ്ട് വെള്ളം തുപ്പിയപ്പോൾ സൈഡ് വഴി ഒഴുകിപ്പോയെന്ന് മനു പറഞ്ഞു. അപ്പോൾ ഞാനും അൽപം ടെൻഷനായി. പക്ഷേ പുറത്തു കാട്ടിയില്ല, എന്നാലാകും വിധം സമാധാനിപ്പിച്ചു. അപ്പോഴും ഞാൻ മനുവിന്റെ മുഖത്ത് നോക്കുന്നുണ്ടായിരുന്നില്ല. വാ നമുക്കൊന്ന് ആശുപത്രി വരെ പോകാം, എന്ന് പറയുമ്പോഴാണ് ആ മാറ്റം ഞാൻ ശ്രദ്ധിക്കുന്നത്. മനുവിന്റെ മുഖം ഒരു വശത്തേക്ക് കോടിപ്പോയിരിക്കുന്നു.

ആശുപത്രിയിലേക്ക് പോകാനുള്ള ധൃതിയിലെപ്പോഴോ ഡോക്ടർ കൂടിയായ മനുവിന്റെ അച്ഛന്റെ അനിയനെ വിളിച്ചു. കുഞ്ഞച്ഛനോട് സംസാരിക്കുമ്പോഴും അത് സ്ട്രോക്കായിരിക്കുമോ എന്ന ടെൻഷനായിരുന്നു എനിക്കും മനുവിനും. വിഡിയോയിലൂടെ വിശദമായി തന്നെ കുഞ്ഞച്ഛൻ പരിശോധിച്ചു. മുഖം സൈഡിലേക്ക് തിരിച്ചും, ചിരിക്കാൻ പറഞ്ഞും പരിശോധന തുടർന്നു. പേടിക്കേണ്ടടാ... ഇത് സ്ട്രോക്കല്ല. ബെൽ പാൾസിയാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ തന്നെ നിർദ്ദേശ പ്രകാരം ആശുപത്രിയിലേക്ക് പോകാനൊരുങ്ങി.

അന്ന് ഞായറാഴ്ചയായിരുന്നു കൊച്ചിയിലെ പല ആശുപത്രിയിലും പ്രത്യേക ഡോക്ടർമാരില്ല. ഒടുവിൽ വൈറ്റിലയിലെ വെൽകെയർ ആശുപത്രിയിലേക്ക്. എംആർഐ ഉൾപ്പെടെയുള്ള പരിശോധനകൾ പിന്നാലെയെത്തി. കുഞ്ഞച്ഛൻ പറഞ്ഞത് ഡോക്ടർമാർ ഉറപ്പിക്കുകയായിരുന്നു. ഭയക്കേണ്ട കാര്യമില്ലെന്നും, ട്രീറ്റ്മെന്റ് ചെയ്ത് മാറ്റിയെടുക്കാവുന്ന പ്രശ്നങ്ങളേ ഉള്ളുവെന്നും പറഞ്ഞത് പകുതി ആശ്വാസമായി. ഏറ്റവും സങ്കടപ്പെട്ടത് മകൻ ആരോമലാോണ്. പപ്പയ്ക്ക് എന്താ പറ്റിയതെന്ന് വിഷമത്തോടെ ചോദിച്ചു. അപ്പോഴും മനുവിന്റെ മുമ്പിൽ ഞങ്ങൾ എല്ലാ വിഷമവും മാറ്റിവച്ച് ആത്മവിശ്വാസം പകർന്ന് നിന്ന്. പക്ഷേ ഞാനും അവനും മാത്രമായ നിമിഷം വല്ലാതെ വേദനിച്ചുവെന്നും ബീന പറയുന്നു.
Recommended Video

കൂടാതെ നിലവിലെ മനോജിന്റെ സ്ഥിതിയെ കുറിച്ചും ചികിത്സയെ കുറിച്ചുമൊക്ക ബീന അഭിമുഖത്തിൽ പറയുന്നുണ്ട്. ഫിസിയോ തെറാപ്പി ഉൾപ്പെടെയുള്ള ചികിത്സ പുരോഗമിക്കുകയാണ് വൈകാതെ പഴയത് പോലെ തിരിക വരുമെന്നും ബീന പറയുന്നു.


Click it and Unblock the Notifications