ഒരു വർഷമായി കാത്തിരിക്കുന്നു, സ്വാർത്ഥത കാണിക്കാൻ തോന്നിയില്ല; വിണ്ണൈത്താണ്ടി വരുവായ ഉപേക്ഷിച്ചതിന് പിന്നിൽ!
റിപ്പീറ്റ് വാല്യുവുള്ള തമിഴ് പ്രണയ സിനിമകളിൽ മുൻപന്തിയിലുള്ള ചിത്രമാണ് വിണ്ണൈത്താണ്ടി വരുവായ. സിമ്പുവും തൃഷയും പ്രധാന വേഷങ്ങളിലെത്തിയ സിനിമ സംവിധായകന്റേയും താരങ്ങളുടേയും കരിയറുകളിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ്. ആദ്യ റിലീസില്‍ തന്നെ വലിയ ഹിറ്റായി മാറാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നു. കേരളത്തിലും സൂപ്പര്‍ ഹിറ്റായ ചിത്രം നൂറ് ദിവസത്തിലധികം നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു.
എന്നാൽ സിനിമയിലെ നായകവേഷം ചെയ്യാൻ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യം സമീപിച്ചത് നടൻ ജെയ്യെ ആയിരുന്നുവത്രെ. ഇത്രത്തോളം നല്ലൊരു സ്ക്രിപ്റ്റും കഥാപാത്രവും ലഭിച്ചിട്ടും എന്തുകൊണ്ട് വിട്ടുകളഞ്ഞുവെന്ന് വെളിപ്പെടുത്തുകയാണ് നടനിപ്പോൾ. ആ സിനിമ നഷ്ടപ്പെടുത്തിയതിൽ സങ്കടം തോന്നിയിരുന്നെന്നും നടൻ പറയുന്നു.

ഗലാട്ട പ്ലസ്സിന് നൽകിയ പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. സുബ്രഹ്മണ്യപുരം പുറത്തിറങ്ങിയതിന് ശേഷം എന്നെ ആദ്യം വിളിച്ച സംവിധായകൻ ഗൗതം മേനോനായിരുന്നു. തൃഷയാണ് നായിക. ഒരു പ്രണയകഥയാണ്. സംഗീത സംവിധായകനെ ഇനിയും തീരുമാനിച്ചിട്ടില്ല. മൂന്ന് മാസത്തിനകം അതും തീരുമാനിക്കും. ഷൂട്ടിങ് വളരെ നീണ്ടുനിൽക്കുന്ന സിനിമയായിരിക്കും. സമ്മതമാണെങ്കിൽ അറിയിക്കൂ എന്നാണ് അദ്ദേഹം എന്നെ വിളിച്ചപ്പോൾ പറഞ്ഞത്.
പക്ഷെ അദ്ദേഹം എന്നെ വിളിക്കുന്നതിന് മുമ്പേ തന്നെ സുബ്രഹ്മണ്യപുരം റിലീസാകുന്നതിനും മുമ്പേ ഞാൻ മൂന്ന് സിനിമകൾ കമ്മിറ്റ് ചെയ്തിരുന്നു. ആ സംവിധായകർ എല്ലാവരും ഒരു വർഷമായി കാത്തിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഒന്നുകൂടി ഞാൻ ആലോലിച്ചു. ഇത്രയും നാൾ കാത്തിരുന്ന അവരെ വിട്ട് എനിക്ക് ഏറെ ഇഷ്ടമുള്ള സംവിധായകനായ ഗൗതം മേനോനൊപ്പം പോകുന്നത് ശരിയാകില്ലെന്ന് തോന്നി.
അതിനാലാണ് ആ സിനിമയിൽ അഭിനയിക്കാൻ കഴിയാതെ പോയത്. അതുപോലെ തന്നെ വിടിവി പോലൊരു സിനിമ നഷ്ടപ്പെട്ടാൽ ആർക്കാണ് വിഷമമാകാത്തത്?. പക്ഷെ ഞാൻ സ്വാർത്ഥമായൊരു തീരുമാനം എടുത്തില്ലെന്ന കാര്യം എനിക്ക് എന്നും ആശ്വാസം നൽകുന്നതാണ്. അങ്ങനെ പറഞ്ഞാണ് ഞാൻ വിടിവി നഷ്ടപ്പെട്ടതിൽ എന്നെത്തന്നെ സമാധാനിപ്പിച്ചത്.
എന്നാൽ വിണ്ണൈത്താണ്ടി വരുവായയിൽ ഞാൻ അഭിനയിക്കുന്നതിനേക്കാൾ ആ ജോഡിയാണ് (സിമ്പു, തൃഷ) കൂടുതൽ മനോഹരമായിരുന്നതെന്ന് തോന്നിയിട്ടുണ്ട് എന്നും ജെയ് പറയുന്നു. പുതിയ സിനിമ സട്ടെൻട്ര് മാറുത് വാനിലൈയുടെ പ്രമോഷന്റെ ഭാഗമായി ജെയ് നൽകിയ അഭിമുഖമായിരുന്നു അത്. 2010ല്‍ പുറത്തിറങ്ങിയ വിണ്ണൈത്താണ്ടി വരുവായ സിമ്പുവിന്റെ കരിയർ ബെസ്റ്റ് സിനിമകളിൽ ഒന്നാണ്. കാർത്തിക്കിനും ജെസിക്കും ഇന്നും കേരളത്തിൽ ആരാധകരുണ്ട്.
തന്നേക്കാൾ പ്രായമുള്ള ജെസി എന്ന പെൺകുട്ടിയോട് സിനിമാ മോഹിയായ കാർത്തിക്ക് എന്ന ചെറുപ്പക്കാരന് തോന്നുന്ന പ്രണയവും അതേ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ പ്രമേയം. എആര്‍ റഹ്മാന്‍ സംഗീതം ഒരുക്കിയ സിനിമയില്‍ തൃഷയുടെ കഥാപാത്രം മലയാളിയാണ്. അതിനാല്‍ കേരളത്തിലും ചിത്രീകരണം നടന്നിരുന്നു.

സിനിമയിലെ പാട്ടുകളും രംഗങ്ങളുമെല്ലാം ഐക്കോണിക്കായി മാറുകയായിരുന്നു. പിന്നീട് ചിത്രം തെലുങ്കിലേക്കും ഹിന്ദിയിലേക്കുമൊക്കെ റീമേക്ക് ചെയ്യപ്പെടുകയുണ്ടായി. വിടിവി ഗണേഷ്, ബാബു ആന്റണി, ഉമ പത്മനാഭന്‍, സുബ്ബലക്ഷ്മി, കെഎസ് രവി കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. കഴിഞ്ഞ വർഷം സിനിമ റീ റിലീസ് ചെയ്തിരുന്നു. രണ്ടാം വരവില്‍ 1300 ദിവസം സിനിമ തിയേറ്ററിൽ പ്രദർശിപ്പിച്ചു. അണ്ണാനഗറിലെ പിവിആര്‍ സിനിമാസിലാണ് സിനിമയുടെ റീ റിലീസ് നടന്നത്.
നാൽപ്പത്തിരണ്ടുകാരനായ ജെയ് 2002ൽ വിജയ് സിനിമ ഭഗവതിയിൽ അഭിനയിച്ചുകൊണ്ടാണ് സിനിമയിലേക്ക് ചുവടുവെച്ചത്. സിനിമയിൽ വിജയിയുടെ അനിയന്റെ റോളാണ് ചെയ്തത്. പിന്നീടാണ് നടൻ നായക വേഷങ്ങൾ ചെയ്ത് തുടങ്ങിയത്.


Click it and Unblock the Notifications


