അവരെ ചേർത്ത് നിർത്താനായി ഞാൻ ചെയ്ത സിനിമ, കുറ്റക്കാർ എഴുത്തുകാരനോ സംവിധായകനോ അല്ല; ബെന്നി
മുപ്പത് വർഷത്തെ സിനിമാ ജീവിതത്തിനിടെ കീർത്തനം, മന്ത്രമോതിരം, അച്ചാമ്മകുട്ടിയുടെ അച്ചായൻ തുടങ്ങി ചാന്ത്പൊട്ട്, കല്യാണരാമൻ, ഛോട്ടാമുംബൈ അടക്കം നിരവധി ഹിറ്റ് സിനിമകൾക്ക് തിരക്കഥ ഒരുക്കിയിട്ടുള്ള എഴുത്തുകാരനാണ് ബെന്നി പി നായരമ്പലം. അദ്ദേഹത്തിൻെര സിനിമകളിൽ മിക്കതും റിപ്പീറ്റ് വാല്യുവുള്ളവായാണ്. കഴിഞ്ഞ ദിവസം റീ റിലീസ് ചെയ്ത ഛോട്ടാമുംബൈ ഇപ്പോഴും നിറഞ്ഞ സദസിലാണ് പ്രദർശിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ഏറെ ചർച്ചയായിട്ടുള്ളതും ആഘോഷിക്കപ്പെട്ടിട്ടുള്ളതുമായ തന്റെ തിരക്കഥകളെ കുറിച്ച് മനസ് തുറക്കുകയാണ് ബെന്നി പി നായരമ്പലം മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ.
പതിനെട്ട് വർഷം മുമ്പ് ഇറങ്ങിയ ഛോട്ടാമുംബൈ സിനിമ വീണ്ടും തിയേറ്ററിൽ എത്തുമ്പോൾ ഇങ്ങനെ ആഘോഷിക്കപ്പെടുമെന്ന് ഞാൻ കരുതിയില്ല. പാട്ടിനും കോമഡിക്കുമെല്ലാം ആർത്തലച്ച് ചിരിക്കുകയാണ്. പതിനെട്ട് ഇരുപത് മുതൽ മുപ്പത് വയസ് വരെ പ്രായമുള്ള കുട്ടികളാണ് സിനിമ കാണാൻ എത്തിയവരിൽ ഏറെയുമെന്ന് പറഞ്ഞുകൊണ്ടാണ് ബെന്നി സംസാരിച്ച് തുടങ്ങിയത്.

ലാലേട്ടന്റെ ഇൻട്രോ പെൺവേഷത്തിലാക്കാമെന്നാണ് ആദ്യം അൻവർ തീരുമാനിച്ചിരുന്നത്. അതേ പാട്ട് തന്നെയായിരുന്നു. കാർണിവൽ സമയത്ത് ഫോർട്ട് കൊച്ചിയിൽ ഒരുപാട് പേർ സ്ത്രീവേഷം കെട്ടി നടക്കാറുണ്ട്. പക്ഷെ അൻവറിന്റെ ഈ ഐഡിയ കേട്ടപ്പോൾ മുതൽ ഞാൻ എതിരായിരുന്നു. ഇൻട്രോ സീനിൽ അത് വേണ്ട.
അതിനുശേഷം ഇടയ്ക്ക് എവിടെയെങ്കിലും വേണമെങ്കിൽ ഉപയോഗിക്കാം എന്നാണ് ഞാൻ പറഞ്ഞത്. അൻവർ പക്ഷെ അപ്പോഴും തീരുമാനം മാറ്റിയില്ല. അവസാനം ഞാൻ സംവിധായകന്റെ ആഗ്രഹത്തിന് ഓക്കെ പറഞ്ഞു. പിന്നീട് ലാലേട്ടനോടും ഞങ്ങൾ പറഞ്ഞു. സ്ത‍്രീ വേഷത്തിലാണ് ഇൻട്രോയെന്ന് പറഞ്ഞപ്പോൾ പുള്ളിക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. പുള്ളി ചെയ്യാൻ റെഡിയായിരുന്നു. പക്ഷെ മീശ എടുക്കേണ്ടി വരുമെന്ന സ്ഥിതിയായി. അത് കൺടിന്യുവിറ്റിയെ ബാധിക്കും. അങ്ങനെയാണ് വേറെ ഇൻട്രോ ആലോചിച്ചതും മോഹൻലാലിന് റെട്രോ സ്റ്റൈൽ ഉപയോഗിച്ചതും.
കാലഘട്ടത്തിന് അനുസരിച്ച് നമ്മൾ മാറിയെ പറ്റു. ചാന്ത്പൊട്ട് സിനിമ വേദനിപ്പിച്ചുവെന്ന് ഒരു വിഭാഗം ആളുകൾ പറയുന്നുണ്ടല്ലോ. ബോഡി ഷെയ്മിങ് നടത്തുന്നത് ശരിയല്ലെന്ന അഭിപ്രായം എനിക്കുണ്ട്. പണ്ട് ഞാനും അത്തരത്തിലുള്ള ഡയലോഗുകൾ എന്റെ സിനിമകളിൽ എഴുതിയിട്ടുണ്ട്. അന്ന് ബോഡി ഷെയ്മിങ് ഒരു വിഷയമായിരുന്നില്ലെന്നത് കൊണ്ടാണ് എഴുതിയത്. തടിയുള്ള ആളുകളെ വെച്ച് അന്ന് കോമഡി സീനും ചിത്രീകരിച്ചിരുന്നു. പക്ഷെ മാറിയ ഈ കാലഘട്ടത്തിൽ ഡയലോഗ് എഴുതുമ്പോൾ ബോഡി ഷെയ്മിങ് വരാതിരിക്കാനുള്ള ശ്രദ്ധ എല്ലാ എഴുത്തുകാർക്കും വേണം.
തിരിച്ചറിവുകൾ ഉൾക്കൊള്ളണം. കുഞ്ഞിക്കൂനന്റെ മെയിൻ തീം തന്നെ ഇതായിരുന്നു. ആ സിനിമയിൽ കോമഡി സീനുകളുണ്ടെങ്കിലും അതിന്റെ കണ്ടന്റ് ഒരാളുടെ ബാഹ്യരൂപമല്ല അവന്റെ നന്മ അവന്റെ പ്രവൃത്തിയാണ് അതിനാൽ അവഗണിക്കേണ്ടതില്ല എന്നത് തന്നെയാണ്. സൗന്ദര്യം ആപേക്ഷികമാണല്ലോ. ചാന്ത്പൊട്ട് എന്നുള്ള പേര് ട്രാൻസ് കമ്യൂണിറ്റിയെ വിളിക്കാൻ തുടങ്ങി.

അവിടം മുതലാണ് അവർക്ക് ആ സിനിമ വേദനയാകാൻ തുടങ്ങിയത്. അതിന് മുമ്പും വേറെ മോശം പേരുകളാണ് ട്രാൻസ് കമ്യൂണിറ്റിയെ വിളിക്കാൻ ആളുകൾ ഉപയോഗിച്ചിരുന്നത്. അത്ഭുതവിളക്ക് എന്നാണ് സിനിമയ്ക്ക് ആദ്യം പേരിട്ടിരുന്നത്. അപ്പോഴാണ് വിനയന്റെ അത്ഭുതദ്വീപെന്ന സിനിമ വരുന്നത്. അങ്ങനെ മാറ്റാൻ തീരുമാനിച്ചു. പിന്നീട് ആലോചിച്ചപ്പോഴാണ് ചാന്ത്പൊട്ട് ഇട്ടത്. സൺസെറ്റ്, ഫെമിനയിൻ ടച്ചുള്ള പേര് എന്ന് മാത്രമെ ഉദ്ദേശിച്ചിരുന്നുള്ളു.
അത് ഇത്തരത്തിലുള്ള ആളുകളെ ആക്ഷേപിക്കാൻ ഉപയോഗിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ആ സിനിമയുടെ കണ്ടന്റ് ട്രാൻസ്ജെന്ററുമായി ബന്ധപ്പെട്ടതല്ല. ഒരു ആൺകുട്ടിയെ പെൺകുട്ടിയെപ്പോലെ വളർത്തുന്നു, ഡാൻസ് പഠിപ്പിക്കുന്നു. അത് മൂലം അവനിലുണ്ടാകുന്ന സ്ത്രൈണത അവന് ദുരന്തമാകുന്നു. അതായിരുന്നു അതിന്റെ ത്രെഡ്. മാത്രമല്ല നായകന് കുഞ്ഞ് ജനിക്കുന്നുണ്ട്. സ്ത്രൈണത ഉള്ള ഡാൻസ് മാസ്റ്റേഴ്സ് നമുക്കിടയിലില്ലേ. അവർ വിവാഹം കഴിച്ച് മക്കളുമായി കുടുംബമായി കഴിയുന്നവരാണ്.
ചാന്ത്പൊട്ട് എന്ന പേര് ട്രാൻസ് കമ്യൂണിറ്റിയെ കളിയാക്കാൻ ഉപയോഗിച്ചത് സമൂഹമാണ്. അത് എഴുത്തുകാരന്റെയോ സംവിധായകന്റെയോ കുഴപ്പമല്ല. അവരെ ചേർത്ത് നിർത്താൻ വേണ്ടി ഞാൻ എഴുതിയ സിനിമയാണ്. എന്റെ കൂട്ടുകാരന്റെ അനുഭവമാണ് ആ സിനിമയുടെ കഥ. സ്ത്രൈണത കാരണം അവൻ ഒരുപാട് അനുഭവിച്ചിരുന്നു. ഭ്രാന്തൻ വരെയാക്കി. സിനിമയുടെ റിലീസിനുശേഷം തുടക്കത്തിൽ ചിലർ പോസിറ്റീവ് കമന്റുകൾ എഴുതി എനിക്ക് കത്ത് അയച്ചിരുന്നു. കാരണം അവരും സ്ത്രൈണതയുടെ പേരിൽ ഇത്തരം അനുഭവങ്ങൾ നേരിട്ടിട്ടുള്ളവരാണെന്നും ബെന്നി പി നായരമ്പലം പറയുന്നു.


Click it and Unblock the Notifications











