'ആടുജീവിതം ലാൽ ജോസ് സിനിമയാക്കാൻ ഉദ്ദേശിച്ചിരുന്നു, പിന്നീട് അതിനുള്ള അവകാശം ബ്ലെസിക്ക് ഞാൻ നൽകി'; ബെന്യാമിൻ
മലയാള പ്രേക്ഷകർ ഇപ്പോൾ അക്ഷമയോടെ കാത്തിരിക്കുന്ന ഒരു റിലീസ് ആടുജീവിതത്തിന്റേതാണ്. അതിന് കാരണം ബെന്യാമിന്റെ നോവലിലൂടെ നജീബിന്റെ ജീവിതം ഒരു ഏടായി മലയാളികളുടെ മനസിൽ നിലകൊള്ളുന്നുണ്ട് എന്നതാണ്. ബ്ലെസി എന്ന അനുഗ്രഹീത സംവിധായകനും പൃഥ്വിരാജ് എന്ന നടനും സംഗീത മാന്ത്രികൻ എ.ആർ റഹ്മാനും ഒരുമിച്ചപ്പോഴുള്ള വിസ്മയം കാണുക എന്നതാണ് മലയാളി പ്രേക്ഷകരുടെ ആകാംഷ ദിവസം കഴിയുന്തോറും വർധിക്കാനുള്ള മറ്റൊരു കാരണം.
ചിത്രം മാർച്ച് 28ന് തിയറ്ററുകളിൽ എത്തും. അടുത്തിടെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ഉണ്ടായത്. 2008ലായിരുന്നു ആടുജീവിതത്തിന് തുടക്കം കുറിക്കുന്നത്. ശേഷം 2018ൽ ചിത്രീകരണം തുടങ്ങി. പിന്നീട് കൊവിഡ് ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങൾ കാരണം ഷൂട്ടിംഗ് നീണ്ടുപോയി.

ഒടുവിൽ 2023 ജൂലൈ 14 നാണ് ആടുജീവിതത്തിന്റെ ചിത്രീകരണം പൂർത്തിയായത്. ഇപ്പോഴിതാ ആടുജീവിതം സിനിമയാക്കാൻ തന്നെ ആദ്യം സമീപിച്ചത് സംവിധായകൻ ലാൽ ജോസാണെന്ന് പറയുകയാണ് ബെന്യാമിൻ. പിന്നീട് അത് ബ്ലെസിയിലേക്ക് എത്താനുള്ള കാരണവും ബെന്യാമിൻ ജീവിതം, ആടുജീവിതം എന്ന ബ്ലെസിയുടെ അനുഭവ പുസ്തകത്തിന്റെ അവതാരികയിൽ കുറിച്ചിട്ടുണ്ട്. 'ആടുജീവിതം നിരന്തരം വായിക്കുന്നവരും ഒരിക്കൽ മാത്രം വായിച്ചിട്ടുള്ളവരുമുണ്ടായിരുന്നു.'
'കൊച്ചുകുട്ടികളും പ്രായമായവരുമുണ്ടായിരുന്നു. എല്ലാവരുടെയും ഉള്ളിലെവിടെയോ അത് തൊട്ടു. ചിലർക്ക് അത് ജീവിതത്തിനുള്ള പിടിവള്ളിയായി. ചിലർക്ക് അഭയവും ചിലർക്ക് സാന്ത്വനവുമായി. ആടുജീവിതം എന്നത് മനുഷ്യന്റെ വേദനയെയും കഷ്ടപ്പാടിനെയും സഹനത്തെയും അടയാളപ്പെടുത്തുന്ന ഒരു വാക്കായി കേരളീയ സമൂഹം ഏറ്റെടുത്തു.'
'അതും ഈ നോവലിന്റെ നിയോഗം. പുസ്തകം വന്ന് അധികം കഴിയും മുമ്പ് ഒരു ദിവസം പ്രമുഖ സംവിധായകനായ ലാൽ ജോസ് എന്നെ സമീപിച്ച് ഇതൊരു സിനിമ ആക്കുന്നതിനുള്ള ആലോചനകൾ നടത്തുകയും ഞങ്ങൾ തമ്മിൽ ഏതാണ്ട് ഒരു സമ്മതത്തിൽ എത്തുകയും ചെയ്‌തിരുന്നു. എന്നാൽ ആ സമയത്ത് അദ്ദേഹം അറബിക്കഥ എന്ന സിനിമ പുറത്തിറക്കിയതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഉടനെ മറ്റൊരു അറബിക്കഥ ചെയ്യാൻ അദ്ദേഹത്തിന് പ്രശ്‌നമുണ്ടായിരുന്നു.'
'എന്നാലും എന്നെങ്കിലും ഒരിക്കൽ ചെയ്യാം എന്ന ധാരണയിൽ ഞങ്ങൾ പിരിഞ്ഞു. അപ്പോഴാണ് ബ്ലെസി ഇതേ ആവശ്യവുമായി എന്നെ സമീപിക്കുന്നത്. ആദ്യ വിളിയിലും പിന്നത്തെ കൂടിക്കാഴ്‌ചയിലും തന്നെ ബ്ലെസി എന്ന സംവിധായകന് ഈ നോവലിന്റെ സിനിമാ സാധ്യതകളെക്കുറിച്ചുള്ള അഗാധമായ ബോധ്യം എനിക്ക് മനസിലാക്കാൻ കഴിഞ്ഞിരുന്നു.'

'ഈ സിനിമക്ക് ആവശ്യമായ ഓരോ ഷോട്ടുകളും അപ്പോഴെ മനസിലുള്ളതുപോലെ സൂക്ഷ്മമായും വിശദമായുമാണ് അദ്ദേഹം എന്നോട് സംസാരിച്ചത്. വെറുതെ ഒരു സിനിമ ചെയ്യുകയല്ല... അതിനപ്പുറം കാലവും ചരിത്രവും അടയാളപ്പെടുത്തി വെയ്ക്കുന്ന ഒരു മഹത്തായ സൃഷ്ടിയാണ് അദ്ദേഹത്തിന്റെ മനസിലുള്ളതെന്ന് എനിക്ക് ബോധ്യപ്പെട്ടു. മാത്രമല്ല അദ്ദേഹം അന്നോളം ചെയ്‌ത സിനിമകളുടെ മൂല്യം ആ ബോധ്യത്തിന് കൂടുതൽ കരുത്ത് പകരുകയും ചെയ്‌തു.'
'അതുകൊണ്ടുതന്നെ മറ്റൊരാലോചനയില്ലാതെ സിനിമ ചെയ്യാനുള്ള അവകാശം ഞാൻ സന്തോഷപൂർവ്വം അദ്ദേഹത്തിന് കൈമാറുകയാണുണ്ടായത്. മലയാളക്കരയിലെ മറ്റേതൊരു സംവിധായകന്റെയും കയ്യിലെത്താതെ ബ്ലെസി എന്ന കഠിനാധ്വാനിയും പരിപൂർണ്ണത ആഗ്രഹിക്കുന്നവനുമായ ഒരു സംവിധായകന്റെ കൈയ്യിൽ തന്നെ എത്തിച്ചേരുക എന്നത് ആടുജീവിതത്തിന്റെ നിയോഗമായിരുന്നു എന്ന് തന്നെയാണ് ഞാനുറച്ച് വിശ്വസിക്കുന്നത്', എന്നാണ് ബെന്യാമിൻ കുറിച്ചത്.
പത്ത് വർഷമായി ബ്ലെസ്ലി ആടുജീവിതത്തിന് പിന്നാലെയാണ്. അതിനിടയിൽ മറ്റൊരു സിനിമയും ചെയ്തിട്ടില്ല. അവസാനമായി റിലീസ് ചെയ്ത ബ്ലെസി സിനിമ കളിമണ്ണാണ്. 2013 ലാണ് ബ്ലെസി കളിമണ്ണ് സിനിമ ചെയ്യുന്നത്. കൃത്യം 11 വർഷത്തിനുശേഷമാണ് ആടുജീവിതം റിലീസ് ചെയ്യാൻ പോകുന്നത്. ആടുജീവിതത്തിന് വേണ്ടി പലവിധ ബോഡി ട്രാൻസ്ഫോർമേഷൻ പൃഥ്വിരാജ് നടത്തിയതും മുമ്പ് വാർത്തയായിട്ടുണ്ട്. ആടുജീവിതം നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടുമെന്ന പ്രതീക്ഷയും സിനിമാപ്രേമികൾക്കുണ്ട്.


Click it and Unblock the Notifications











