പൃഥ്വിരാജും ചാക്കോച്ചനും പൊളിച്ചടുക്കി, യുവതാരനിര തിളങ്ങിയ വര്‍ഷം, 2020 ലെ മികച്ച സിനിമകള്‍ ഇവയാണ്
പതിവില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങളായിരുന്നു 2020 ല്‍ സംഭവിച്ചത്. പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനിടയിലും കൊവിഡ് ഭീതി ഒഴിയാത്തതിന്റെ ആശങ്കയിലാണ് നാമെല്ലാം. സിനിമാമേഖലയിലും അതേ അനിശ്ചിതത്വവും ആശയക്കുഴപ്പവും നിലനില്‍ക്കുന്നുണ്ട്. പുത്തന്‍ റിലീസുകളില്ലാത്ത വിശേഷാവസരങ്ങളായിരുന്നു കടന്നുപോയത്. മാര്‍ച്ചില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തിയേറ്ററുകളും അടച്ചിടുകയായിരുന്നു. എന്നാണ് തിയേറ്ററുകള്‍ തുറക്കുന്നതെന്നതിനെക്കുറിച്ച് അവ്യക്തതയാണ്. പരിമിതമായ സാഹചര്യങ്ങള്‍ക്കുള്ളിലാണ് പല സിനിമകളുടേയും ചിത്രീകരണം നടന്നത്.
തിയേറ്ററില്‍ നിന്ന് മാറി ഒടിടി പ്ലാറ്റ്‌ഫോമിലൂടെയും സിനിമകള്‍ റിലീസ് ചെയ്ത് തുടങ്ങിയത് കോവിഡ് കാലത്തായിരുന്നു. മലയാളത്തിന് അത്ര പരിചിതമല്ലായിരുന്നു ഇത്. അത്തരത്തില്‍ റിലീസ് ചെയ്ത സിനിമകള്‍ക്കെല്ലാം ഗംഭീരമായ പിന്തുണയായിരുന്നു ലഭിച്ചത്. കേവലം 45 സിനിമകളായിരുന്നു ഈ വര്‍ഷം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. വന്‍പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന നിരവി സിനിമകളുടെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. മരക്കാര്‍ അറബിക്കടലിന്റെ സിംഹമുള്‍പ്പടെ എല്ലാ ജോലികളും പൂര്‍ത്തിയാക്കിയ സിനിമകളും ഇക്കൂട്ടത്തിലുണ്ട്. 2021 ല്‍ ഈ സിനിമകള്‍ തിയേറ്ററുകളിലേക്കെത്തിയേക്കുമെന്നുളള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
മോഹന്‍ലാല്‍-മമ്മൂട്ടി താരപ്രഭാവത്തിനും അപ്പുറത്ത് യുവതലമുറ തിളങ്ങിയ വര്‍ഷം കൂടിയാണ് 2020. പതിവുകളെല്ലാം തെറ്റിച്ചുള്ള പരീക്ഷണ ചിത്രങ്ങളുമായി യുവതാരങ്ങളെത്തിയപ്പോള്‍ പ്രേക്ഷകരും അവരെ ഏറ്റെടുക്കുകയായിരുന്നു. 2020 ലെ മികച്ച ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ യുവതലമുറയുടെ മേല്‍ക്കോയ്മ കൃത്യമായും കാണാവുന്നതുമാണ്. അയ്യപ്പനും കോശിയും, വരനെ ആവശ്യമുണ്ട്, അഞ്ചാം പാതിര, കപ്പേള, ട്രാന്‍സ്, സീയൂ സൂണ്‍, ഫോറന്‍സിക്, ഗൗതമന്റെ രഥം ഈ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഷൈലോക്ക്, ബിഗ് ബ്രദര്‍ തുടങ്ങിയ ചിത്രങ്ങളുമായാണ് താരരാജാക്കന്‍മാരെത്തിയത്.

മിഥുന്‍ മാനുവല്‍ തോമസ്-കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടിലെത്തിയ ത്രില്ലര്‍ ചിത്രമായിരുന്നു അഞ്ചാം പാതിര. സ്വഭാവിക കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച കുഞ്ചാക്കോ ബോബന്റെ വ്യത്യസ്തമാര്‍ന്ന വരവിന് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. ഈ സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടോയെന്ന തരത്തിലുള്ള ചര്‍ച്ചകളായിരുന്നു അടുത്തിടെ അരങ്ങേറിയത്. ഇന്ദ്രന്‍സും ശ്രീനാഥ് ഭാസിയും ഉണ്ണിമായയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ബിജു മേനോനും പൃഥ്വിരാജും മത്സരിച്ച അഭിനയിച്ച ചിത്രമായ അയ്യപ്പനും കോശിക്കും ഗംഭീരമായ പിന്തുണയായിരുന്നു ലഭിച്ചത്. സച്ചി സംവിധാനം ചെയ്ത ചിത്രം ഇരുവരുടേയും കരിയര്‍ ബ്രേക്ക് സിനിമ കൂടിയായി മാറുകയായിരുന്നു.
Recommended Video
ശോഭനയും സുരേഷ് ഗോപിയും പ്രധാന വേഷത്തിലെത്തിയ വരനെ ആവശ്യമുണ്ട്, നസ്രിയ-ഫഹദ് താരജോഡികളുടെ ട്രാന്‍സ്, അന്ന ബെന്നും റോഷന്‍ മാത്യുവും പ്രധാന വേഷത്തിലെത്തിയ കപ്പേള, ഫഹദിന്റെ സീയൂ സൂണ്‍ തുടങ്ങിയ സിനിമകള്‍ക്കും ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്.


Click it and Unblock the Notifications