രതീഷിന്റെ കുഴപ്പമതായിരുന്നു, എന്നെ പുറത്താക്കാൻ ശ്രമിച്ച് സ്വയം പുറത്തായി; നടനെക്കുറിച്ച് ഭദ്രൻ
1990 ലിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമയാണ് അയ്യർ ദി ഗ്രേറ്റ്. മമ്മൂട്ടി, ഗീത, സുകുമാരൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ സംവിധാനം ചെയ്തത് ഭദ്രനായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെ ഏറെ വിവാദങ്ങളുണ്ടായിരുന്നു., ഒരു ഘട്ടത്തിൽ ഭദ്രനെ സംവിധാന സ്ഥാനത്ത് നിന്ന് നീക്കീനുള്ള ശ്രമം വരെ നടന്നു.
അന്തരിച്ച നടൻ രതീഷും പ്രൊഡക്ഷൻ കമ്പനി ഗുഡ്നൈറ്റ് ഫിലിംസിനൊപ്പം സിനിമയുടെ നിർമാണത്തിന്റെ ഭാഗമായിരുന്നു. ഭദ്രനും രതീഷുമായുണ്ടായ പ്രശ്നങ്ങൾക്ക് പിന്നാലെ രതീഷിനെ പ്രൊഡക്ഷൻ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. ഇതേപറ്റി സംസാരിച്ചിരിക്കുകയാണ് ഭദ്രൻ. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
രതീഷിന്റെ ചില രീതികളാണ് സിനിമയ്ക്കിടെ പ്രശ്നങ്ങളുണ്ടാവാൻ കാരണമെന്ന് ഭദ്രൻ പറയുന്നു. 'രതീഷിനെ നമുക്കെല്ലാം അറിയാം. പെട്ടെന്ന് ഇഷ്ടപ്പെടുന്ന പ്രകൃതമുള്ള വ്യക്തിയാണ് രതീഷ്. പക്ഷെ രതീഷിനുള്ള കുഴപ്പം എനിക്ക് വലിയ കുഴപ്പമാണ്. ഡിസിപ്ലിൻ എന്ന സാധനമില്ല'
'അങ്ങോട്ട് പോവാൻ പറഞ്ഞാൽ ഇങ്ങോട്ട് വരും. ഇങ്ങ് വാ രതീഷേ ഇവിടെ ഇരിക്കെന്ന് പറഞ്ഞാൽ അങ്ങോട്ട് പോവും. രതീഷിന്റെ അച്ചടക്കമില്ലായ്മയാണ് ആ സിനിമയിൽ സംഭവിച്ചത്. ഗുഡ്നൈറ്റ് മോഹന്റെ കൈയിൽ നിന്ന് സിനിമയ്ക്ക് പൈസ മേടിക്കും. ഈ ഫൈനാൻസ് മറ്റ് സ്ഥലങ്ങളിലേക്ക് വക മാറ്റും'
'സിനിമ ഷൂട്ട് ചെയ്യുമ്പോൾ ഫണ്ടില്ല. ഫണ്ടില്ലെന്ന് പറഞ്ഞ് അണ്ണാ അത് വേണ്ട ഇത് വേണ്ടെന്ന് പറയും. ഇല്ല രതീഷേ അത് വേണമെന്ന് ഞാനും. സ്ലോ മോഷൻ ക്യാമറ പോലും ലഭിച്ചില്ല. സിനിമയിലേക്ക് പൊലീസ്കാരുടെ ഷൂസുകൾ വാടയ്ക്ക് തന്നില്ല. ഒത്തിരി കുടിശ്ശികയുണ്ടെന്ന് പറഞ്ഞു'

'രതീഷിനോട് പറഞ്ഞപ്പോൾ ഷൂസില്ലാതെ എടുക്കാമെന്ന്. താനെന്താ പറയുന്നതെന്ന് ചോദിച്ചപ്പോൾ മുട്ടിന് മുകളിലോട്ട് എടുക്കാമെന്ന് പറഞ്ഞു. അത് താനല്ല തീരുമാനിക്കേണ്ടതെന്ന് ഞാനും. ഇങ്ങനെ പല കാര്യങ്ങളിൽ രതീഷ് മുടക്കം വരുത്തിക്കൊണ്ടിരുന്നു'
'സിനിമ മുന്നോട്ട് കൊണ്ട് പോവാൻ പറ്റുന്നില്ല. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ശരിക്കും നിർമാതാവിനുണ്ടെങ്കിൽ ഇതൊന്നും വേണ്ടെന്ന് വെക്കാം. പക്ഷെ ഇവിടെ മറ്റൊരാൾ ഫണ്ട് ചെയ്യാനുണ്ടായിരുന്നു. അത് ചോദ്യം ചെയ്യപ്പെടേണ്ടതായിരുന്നു. ഗുഡ്നൈറ്റ് മോഹഹൻ കൊടുക്കുന്ന പൈസയുടെ മൂല്യം സിനിമയിലുണ്ടാവേണ്ടെ. അല്ലെങ്കിൽ എന്നെയാണ് ബാധിക്കുക. അങ്ങനെ ബുദ്ധിമുട്ടായി'
അതിനെ ചൊല്ലി സംസാരങ്ങളായി. അതിന്റെ ചില പൊട്ടലും ചീറ്റലും മമ്മൂട്ടിയിലേക്കും പോയി. ഒത്തിരി കാര്യങ്ങളുണ്ട്. അതൊന്നും ഞാൻ വിശദീകരിക്കുന്നില്ല. ഒടുവിൽ രതീഷിനെ മാറ്റി നിർത്തി സിനിമ പൂർത്തിയാക്കിയെന്നും ഭദ്രൻ പറഞ്ഞു.
എന്നെ രണ്ട് ദിവസം മാറ്റി നിർത്തണം, മൂന്നാമത്തെ ദിവസം അയാൾ തന്നെ സംവിധാനം ചെയ്യട്ടെ, പ്രൊഡ്യൂസർക്ക് സംവിധായകനെ മാറ്റാൻ പറ്റുമെന്ന് കാണിച്ച് കൊടുക്കണമെന്നായിരുന്നു രതീഷ് പറഞ്ഞത്. അന്ന് സംഘടനയുടെ ശക്തിയെല്ലാം മദ്രാസിലായിരുന്നു. ഭാരതിരാജയായിരുന്നു ചീഫ്. അദ്ദേഹം എന്റെ അടുത്തയാളാണ്. അവസാനം രതീഷ് ഔട്ടായെന്നും ഭദ്രൻ പറഞ്ഞു.

മമ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് കൂടുതൽ സിനിമകൾ ചെയ്തതിന്റെ കാരണവും ഭദ്രൻ വ്യക്തമാക്കി. അവരോടുള്ള സൗഹൃദം കൊണ്ടല്ല അവരെ വെച്ച് സിനിമകൾ ചെയ്യുന്നത്. ആലോചിച്ച് വരുന്ന സിനിമകളിൽ അവർക്കായിരിക്കും കൂടുതൽ സാധ്യത എന്ന തിരിച്ചറിവിലാണ്.
മനപ്പൂർവം ചെയ്യുന്നതല്ലെന്ന് ഭദ്രൻ ചൂണ്ടിക്കാട്ടി. ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം എന്ന സിനിമ വീണ്ടും റിലീസ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം റീ റിലീസ് ചെയ്ത സിനിമയ്ക്ക് വലിയ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്.


Click it and Unblock the Notifications











