'ഒമ്പത് വർഷം മുമ്പാണ് നീ പ്രണയം പറഞ്ഞതും നിന്റേതായി ഇരിക്കാമോയെന്ന് ചോദിച്ചതും'; ഭർത്താവിനെ കുറിച്ച് താരപുത്രി
ഈ വർഷം ഇതുവരെ കേരളത്തിൽ നടന്നിട്ടുള്ള താര വിവാഹങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും ചർച്ചയായതുമായ വിവാഹങ്ങളിൽ ഒന്നായിരുന്നു നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മൂത്ത മകൾ ഭാഗ്യയുടേത്. ഒരാഴ്ചയോളം നീണ്ടുനിന്ന വിവാഹ ആഘോഷത്തിന്റെ വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്രമോദി മുതലുള്ള വിവിഐപികൾ പങ്കെടുത്ത വിവാഹമായിരുന്നു ഭാഗ്യയുടേത്. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് മോഹനാണ് ഭാഗ്യയെ താലി ചാർത്തി ഭാര്യയാക്കിയത്.
ബിസിനസ്സുകാരനായ ശ്രേയസും ഭാഗ്യയും അടുത്ത സുഹൃത്തുക്കളായിരുന്നു. വിവാഹം കെങ്കേമമാക്കാൻ ഉദ്ദേശിച്ചിരുന്നതുകൊണ്ട് തന്നെ സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിൽ വളരെ ലളിതമായിട്ടാണ് വിവാഹനിശ്ചയം നടന്നത്. അന്ന് മുതൽ വിവാഹം കാണാൻ മലയാളികൾ കാത്തിരിക്കുകയായിരുന്നു.

ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു താലികെട്ട് നടന്നത്. വിവാഹത്തില്‍ പ്രധാനമന്ത്രി നേരിട്ടെത്തി വധൂവരന്‍മാരെ ആശിര്‍വദിച്ചിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവാഹത്തിനും വിവാഹസത്കാരത്തിനും മമ്മൂട്ടിയും മോഹന്‍ലാലും ജയറാമും ദിലീപുമടക്കമുള്ള സെലിബ്രിറ്റികൾ കുടുംബസമേതമാണ് എത്തിയത്.
വിവാഹത്തിന് പിന്നാലെ തൃശ്ശൂരിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന റിസപ്ഷനിലും തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തിരുന്നു. വിവാഹശേഷം പഠനത്തിനായി ഭർത്താവിനൊപ്പം വിദേശത്തേക്ക് പറന്ന താരപുത്രി പങ്കിട്ട ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. ശ്രേയസുമായുള്ള പ്രണയം എപ്പോഴാണ് തുടങ്ങിയതെന്നെല്ലാം പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഭാഗ്യ കുറിച്ചു.
തങ്ങൾക്കിടയിൽ സൗഹൃദമുണ്ടായിരുന്നുവെന്നല്ലാതെ പ്രണയത്തെ കുറിച്ചൊന്നും ഭാഗ്യ എവിടേയും തുറന്ന് പറഞ്ഞിരുന്നില്ല. ഒമ്പത് വർഷം മുമ്പാണത്രെ ശ്രേയസ് ആദ്യമായി തന്റെ പ്രണയം ഭാഗ്യയോട് പറയുന്നത്. ഒമ്പത് വര്‍ഷം മുമ്പ് ഈ ദിവസമാണ് എന്നെ ഇഷ്ടം ആണെന്ന് അവൻ എന്നോട് പറഞ്ഞത്. അവന്റേതായി ഇരിക്കാമോയെന്ന് ചോദിച്ചു. അന്ന് മുതൽ ഇന്നുവരെ ഒരുപാട് ഉയർച്ചകളും താഴ്ചകളും സന്തോഷങ്ങളും സങ്കടങ്ങളും ഉണ്ടായി.
ജീവിതത്തിലെ എല്ലാത്തിനും ഒപ്പമുണ്ട്... ഒരായിരം സ്നേഹത്തോടെ. എന്നും എന്നെന്നും നീ എന്റെ പ്രിയപ്പെട്ടവൻ എന്നാണ് ഭാഗ്യ കുറിച്ചത്. മോഡലിങ് രംഗത്തും സജീവമായ ശ്രേയസ് ഭാര്യയുടെ പ്രണയം നിറഞ്ഞ വാക്കുകൾ സ്വന്തം ഇൻസ്റ്റഗ്രാം പേജിൽ സ്റ്റോറിയാക്കിയിട്ടുമുണ്ട്. ശ്രേയസിനെ മരുമകനായിട്ടല്ല മകനായിട്ടാണ് സുരേഷ് ഗോപിയും രാധികയും സ്വീകരിച്ചത്.

പുതിയൊരാൾ വീട്ടിലേക്ക് വന്നുവെന്ന തോന്നലില്ലെന്ന് ഭാഗ്യയുടെ സഹോദരനും നടനുമായ മാധവ് സുരേഷും അടുത്തിടെ പറഞ്ഞിരുന്നു. ഭാഗ്യയുടെ സഹോദരങ്ങളായ ഗോകുലുമായും മാധവുമായും നല്ല സൗഹൃദം ശ്രേയസിനുണ്ട്. തങ്ങൾക്കൊപ്പമുണ്ടായിരുന്ന ഒരാളെ ചേച്ചി പങ്കാളിയാക്കി എന്ന തോന്നലാണ് അവരുടെ വിവാഹം കഴിഞ്ഞശേഷം വന്നതെന്നും മാധവ് സുരേഷ് പറയുന്നു.
ഗോകുലും മാധവും സിനിമയിൽ എത്തിയെങ്കിലും സുരേഷ് ഗോപിയുടെ പെണ്മക്കൾ രണ്ടുപേരും മറ്റ് മേഖലകളിലേക്കാണ് തിരിഞ്ഞത്. എന്നാൽ പാപ്പൻ സിനിമയിൽ സുരേഷ് ഗോപി അഭിനയിച്ചപ്പോൾ കോസ്റ്റ്യൂം ഡിസൈനിങിന് സുരേഷ് ഗോപിയെ സഹായിച്ചത് പെൺ മക്കളായിരുന്നു. കഴിഞ്ഞ വർഷം ബ്രിട്ടീഷ് കോളമ്പിയ സർവകലാശാലയിൽ നിന്നാണ് ഭാഗ്യ ബിരുദം നേടിയത്.
ബിരുദ ദാന ചടങ്ങിന്റെ ചിത്രങ്ങൾ താരപുത്രി പങ്കിട്ടിരുന്നു. സോഷ്യൽമീഡിയയിൽ ആക്ടീവായതുകൊണ്ട് തന്നെ പലപ്പോഴും വസ്ത്രധാരണത്തെ വിമാർശിച്ചുകൊണ്ടുള്ളതും ബോഡി ഷെയ്മിങ് ചെയ്തുള്ളതുമായ നിരവധി കമന്റുകൾ ഭാഗ്യയ്ക്ക് ലഭിച്ചിട്ടുണ്ട്. അതിനെല്ലാം താരപുത്രി കൃത്യമായി മറുപടി നൽകുകയും ചെയ്തിരുന്നു.
ഭാഗ്യയ്ക്ക് മാത്രമല്ല വിവാഹദിവസം ശ്രേയസിനും മിടി നീട്ടി വളർത്തിയതിന്റെയും മൂക്കുത്തി ധരിച്ചതിന്റേയുമെല്ലാം പേരിൽ വിമർശനം ലഭിച്ചിരുന്നു. സോഷ്യൽമീഡിയയിലൂടെ വരുന്ന വിമർശനങ്ങളും പരിഹാസവും ഇരുവരും വലിയ രീതിയിൽ പരിഗണിക്കാറില്ല. തങ്ങളുടേതായ ഇഷ്ടത്തിനും സന്തോഷത്തിനും തന്നെയാണ് ഇരുവരും പ്രധാന്യം നൽകുന്നത്.


Click it and Unblock the Notifications