അതിജീവിതയെ കാണാൻ പോലും ഇവർ തയ്യാറായില്ല, സ്വകാര്യമായി ഞാനിവരോട് പറഞ്ഞത്: ഭാഗ്യലക്ഷ്മി
അമ്മ സംഘടനാ നേതൃത്വം കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ പോയി കാണാൻ പോലും തയ്യാറായിട്ടില്ലെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ആ കുട്ടി ഇത്രയും ദുരന്തം അനുഭവിച്ചിട്ട് ഇവരാരെങ്കിലും ഒന്ന് പോയി കണ്ടോ. ഞാനെല്ലാ കാലവും ചോദിക്കുന്ന ഒരു ചോദ്യമാണത്. ഇവരാരും നേതൃസ്ഥാനത്ത് ഇല്ലാതിരുന്ന സമയത്ത് പോലും അവളെ ഒന്ന് പോയി കാണാനോ എന്താണ് മോളേ യഥാർത്ഥത്തിൽ നടന്നതെന്ന് ആരെങ്കിലും ചോദിച്ചോ. നമ്മളുടെ രംഗത്ത് വർക്ക് ചെയ്യുന്ന സഹപ്രവർത്തകയല്ലേ. എന്താണത് ചെയ്യാത്തത്. എന്തുകൊണ്ട ഇവർക്കാർക്കും അത് തോന്നിയില്ല. കമ്മിറ്റി തെരഞ്ഞെടുപ്പിന്റെ സമയത്ത് മെമ്മറി കാർഡിന്റെ പ്രശ്നം വന്നത് ഓർമയുണ്ടോ.
സ്വകാര്യമായി ഞാനിവരോട് പറഞ്ഞതാണ്. അത് പറയൂ, അത് എടുത്തു എന്നത് സത്യമാണ് എന്ന് പറയണമെന്ന്. ചോദ്യം ചോദിക്കുമ്പോൾ അതിന് ഉത്തരം പറയാതിരിക്കുക എന്നതിന് പിന്നിൽ എന്തോ കള്ളത്തരമുണ്ട്. ഇവരാരും ജീവിതത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിച്ച് മുകളിലേക്ക് കയറി വന്നവരല്ല. അങ്ങനെ വന്നവർക്ക് മാത്രമേ സങ്കടം പറയുന്നവരെ കേൾക്കാനുള്ള മനസുണ്ടാകൂ. ഇനിയും വെെകിയിട്ടില്ല. തെറ്റ് തിരുത്തി നല്ല രീതിയിൽ മുന്നോട്ട് പോകാൻ ഇപ്പോഴും നേതൃനിരയ്ക്ക് പറ്റുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

കേസിലെ അതിജീവിത നേരത്തെ അമ്മ സംഘടനയിൽ നിന്നും രാജി വെച്ചതാണ്. കഴിഞ്ഞ വർഷം ഡിസംബർ എട്ടിനാണ് കേസിൽ കോടതി വിധി വന്നത്. കോടതിയിൽ നിന്നും തനിക്ക് പൂർണമാായും നീതി ലഭിച്ചില്ലെന്നും ജഡ്ജി പക്ഷപാതപരമായ സമീപനം സ്വീകരിച്ചെന്ന് അതിജീവിത പ്രതികരിച്ചിരുന്നു. എട്ട് വർഷം 9 മാസം 23 ദിവസങ്ങൾ. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ കണിക ഞാൻ കാണുന്നു. പ്രതികളിൽ ആറ് പേർശിക്ഷിക്കപ്പെട്ടിരിക്കുന്നു!!! എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവർക്കായി ഞാൻ ഈ വിധിയെ സമർപ്പിക്കുന്നു.
നിങ്ങൾക്ക് ഇപ്പോൾ അൽപ്പം ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാൻ കരുതുന്നു. അത് പോലെ ഒന്നാം പ്രതി എന്റെ പേഴ്സണൽ ഡ്രെെവർ ആയിരുന്നെന്ന് ഇപ്പോഴും പറയുന്നവരോട്. അത് ശുദ്ധമായ നുണയാണ്. അയാൾ എന്റെ ഡ്രെെവറോ എന്റെ ജീവനക്കാരനോ എനിക്ക് ഏതെങ്കിലും രീതിയിൽ പരിചയമുള്ള വ്യക്തിയോ അല്ല.
ഞാൻ വർക്ക് ചെയ്ത ഒരു സിനിമയ്ക്ക് വേണ്ടി പ്രാെഡക്ഷനിൽ നിന്നും നിയോഗിക്കപ്പെട്ട ഒരാൾ മാത്രമാണ്. ഈ ക്രെെം നടക്കുന്നതിന് മുമ്പ് ഒന്നോ രണ്ടോ തവണ മാത്രമാണ് ഞാൻ അയാളെ കണ്ടിട്ടുള്ളത്. അതുകൊണ്ട് ദയവായി നിങ്ങൾ അഭിരുചിക്കനുസരിച്ചുള്ള കഥകൾ പറയുന്നത് നിർത്തുമെന്ന് കരുതുന്നു. ഈ വിധി പലരെയും ഒരുപക്ഷെ നിരാശപ്പെടുത്തിയിരിക്കാം. എന്നാൽ എനിക്കിതിൽ അത്ഭുതമില്ല. 2020 ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ എനിക്ക് ബോധ്യപ്പെട്ടിരുന്നു.
കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോൾ കേസ് അതുവരെ കെെകാര്യം ചെയ്ത് വന്ന രീതിയിൽ മാറ്റം സംഭവിച്ചിരിക്കുന്നു എന്ന് പ്രോസിക്യൂഷനും മനസിലായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എനിക്ക് ഈ കോടതിയിൽ വിശ്വാസമില്ലെന്ന് പറഞ്ഞ് കൊണ്ട് ഞാൻ ബഹുമാനപ്പെട്ട ഹെെക്കോടതിയെയും ബഹുമാനപ്പെട്ട സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. ഈ പ്രസ്തുത ജഡ്ജിൽ നിന്നും ഈ കേസ് മാറ്റണമെന്നുള്ള എന്റെ എല്ലാ ഹർജികളും നിഷേധിക്കുകയായിരുന്നു. നിരന്തരമായ വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷങ്ങൾക്കും ഒടുവിൽ ഞാനിപ്പോൾ തിരിച്ചറിയുന്നു.
നിയമത്തിന്റെ മുന്നിൽ ഈ രാജ്യത്തെ എല്ലാ പൗരൻമാരും തുല്യരല്ല. തിരിച്ചറിവ് നൽകിയതിന് നന്ദി. ഉയർന്ന നീതിബോധമുള്ള ന്യായാധിപൻമാർ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. ഈ യാത്രയിലത്രയും കൂടെ നിന്ന മനുഷ്യത്വമുള്ള സകല മനുഷ്യരെയും ഞാൻ നന്ദിയോടെ ചേർത്ത് പിടിക്കുന്നു. അതുപോലെ അധിക്ഷേപകരമായ കമന്റുകളും പണം വാങ്ങിയുള്ള നുണക്കഥകളും ഉപയോഗിച്ച് എന്നെ ആക്രമിക്കുന്നവരോട്, നിങ്ങൾ അത് തുടരുക. അതിനാണ് നിങ്ങൾ പണം വാങ്ങിയിരിക്കുന്നതെന്നും അന്ന് അതിജീവിത പ്രസ്താവനയിൽ തുറന്നെഴുതി.


Click it and Unblock the Notifications