ആരാധന മൂലം നിങ്ങൾ അയാളെ സംരക്ഷിക്കുന്നു, അവൾ പ്രശസ്തയായതാണോ പ്രശ്നം?, ഒരു പെൺകുട്ടിയുടെ ജീവിതമാണ്!
നടിയെ ആക്രമിച്ച കേസില്‍ നിയമപോരാട്ടത്തിന് ലീഗല്‍ സപ്പോര്‍ട്ട് ട്രസ്റ്റ് രൂപീകരിച്ചത് കഴിഞ്ഞ ആഴ്ചയാണ്. അവള്‍ക്കൊപ്പം ലീഗല്‍ സപ്പോര്‍ട്ട് ട്രസ്റ്റ് എന്ന പേരിലാണ് പ്രമുഖര്‍ ഉള്‍പ്പെടുന്ന ട്രസ്റ്റ് പ്രവര്‍ത്തനം തുടങ്ങിയത്. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള ഏഴ് പേരാണ് ഈ ട്രസ്റ്റിന് പിന്നിലുള്ളത്. കെ.അജിത, ദീദി ദാമോദരന്‍, ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി, ജോസഫ് ടി മാത്യു ഉള്‍പ്പെടെയുള്ളവരാണ് ട്രസ്റ്റിന് രൂപം നല്‍കിയിട്ടുള്ളത്. നടിയെ ആക്രമിച്ച സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുന്ന നടിക്കൊപ്പം നില്‍ക്കുക, നടിക്ക് മാനസീകവും സാമ്പത്തികവും നിയമപരവുമായ പിന്തുണ ഉറപ്പാക്കുക എന്നിവയാണ് ട്രസ്റ്റിന്റെ ലക്ഷ്യം.
ട്രസ്റ്റ് ആരംഭിച്ചശേഷം വന്ന വിമർശനങ്ങൾക്ക് എതിരെ പ്രതികരിക്കുകയാണിപ്പോൾ ഭാഗ്യലക്ഷ്മി. പോരാടുന്ന പെണ്ണിനെ തളർത്തുന്നത് പോലെയാണ് വിമർശനമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. കഴിഞ്ഞ ആഴ്ച ഞങ്ങൾ കുറച്ചുപേർ ചേർന്ന് അവൾക്കൊപ്പം എന്ന പേരിൽ ഒരു ട്രസ്റ്റുണ്ടാക്കി.

ട്രസ്റ്റുണ്ടാക്കിയ വാർത്ത പുറത്ത് വന്നപ്പോൾ പൊതുസമൂഹത്തിൽ അതിനെ ചൊല്ലി വിമർശനങ്ങളുണ്ടായി. അതിൽ ഞങ്ങൾക്ക് വിഷമം ഒന്നുമില്ല. വിമർശനം സ്വാഭാവികമാണ്. പക്ഷെ മോശം ഭാഷയിൽ വിമർശിക്കുക, തെറി വിളിക്കുക എന്നതൊക്കെ ചിലർ ചെയ്യുന്നുണ്ട്. എനിക്ക് മനസിലാകാത്തതുകൊണ്ട് ചോദിക്കുകയാണ് അവൾക്ക് അപ്പീൽ പോകാനുള്ള അവകാശം ഇല്ലേ?. അവളെ സഹായിക്കാൻ ഞങ്ങൾക്ക് അവകാശം ഇല്ലേ?. നിങ്ങൾ എല്ലാവരും അയാളെ സംരക്ഷിക്കുന്നു, സംസാരിക്കുന്നു. അതുപോലെ അവൾക്ക് വേണ്ടി ഞങ്ങളും സംസാരിക്കുന്നു.
ഞങ്ങൾ മാധ്യമത്തിൽ വരുന്നുവെന്ന വ്യത്യാസം മാത്രമേയുള്ളു. നിങ്ങൾ വരുന്നില്ല. അതിന് ഞങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റും. അവൾ ഒരു പ്രശസ്തയായതാണോ നിങ്ങളുടെ പ്രശ്നം. പലരും ചോദിക്കുന്നത് കണ്ടു പ്രശസ്തയായതുകൊണ്ട് അല്ലേയെന്ന്. ഇതൊരു ക്വട്ടേഷൻ ബലാത്സംഗമാണ്. ക്വട്ടേഷൻ കൊടുത്തയാളുടെ പേര് പുറത്ത് പറഞ്ഞത് ഞങ്ങൾ ആരും അല്ല. അവളും അല്ല. ആരാണോ സംഭവം നടത്തിയത് അയാളാണ് പറഞ്ഞത്. അങ്ങനെയാണ് അയാൾ പ്രതി സ്ഥാനത്തേക്ക് വരുന്നത്.
ക്വട്ടേഷൻ ആയതുകൊണ്ട് തന്നെ ഇയാൾ തന്നെയാണോ ചെയ്തത് എന്നത‍് ബോധ്യപ്പെടുത്തുക എന്നുള്ളത് നമ്മുടെ എല്ലാവരുടേയും ഉത്തരവാദിത്വമല്ലേ?. ആ സ്ഥാനത്ത് അവൾ അല്ലായിരുന്നുവെങ്കിൽ നിങ്ങൾ എങ്ങനെയാകും റിയാക്ട് ചെയ്യുക. ഇതേ കാര്യം പ്രശസ്തൻ അല്ലാത്ത ഒരാളാണ് ചെയ്തതെങ്കിൽ ഇരയായതും പ്രശസ്തയല്ലാത്ത ഒരാളാണെങ്കിൽ പ്രശസ്തനല്ലാത്ത വ്യക്തിയെ നിങ്ങൾ തെറിവിളിക്കില്ലേ?. അതുപോലെ പ്രശസ്ത അല്ലാത്ത പെണ്ണിനോടൊപ്പം നിങ്ങൾ നിൽക്കുമായിരുന്നില്ലേ?.
അപ്പോൾ പ്രശ്നം പ്രശസ്തിയാണോ?. അയാളുടെ സ്റ്റാർഡവും സ്വാധീനവുമാണോ പ്രശ്നം?. നിങ്ങൾ അവൾക്ക് വേണ്ടി സംസാരിക്കുന്നവരെ തെറിവിളിക്കുന്നു. പക്ഷെ നിങ്ങളെ ഞങ്ങൾ തെറിവിളിക്കുന്നില്ലല്ലോ. നിങ്ങളെ തിരിച്ച് ഞങ്ങൾക്കും തെറിവിളിക്കാം. സോഷ്യൽമീഡിയയിലെ എന്റെ അക്കൗണ്ടിൽ വന്ന് ചിലർ തെറിവിളിക്കുന്നു. അതിനാൽ ചിലപ്പോഴൊക്കെ തിരിച്ച് പറയേണ്ട സാഹചര്യം വരുന്നു. വേറെ നിവൃത്തിയില്ല. ഞങ്ങൾ വിഡ്ഢികളാണെന്ന് വിചാരിക്കരുത്. എന്ത് അറിഞ്ഞിട്ടാണ് അയാൾക്ക് വേണ്ടി ഞങ്ങളേയും അവളേയും തെറിവിളിക്കുന്നത്?.

എന്ത് അറിഞ്ഞിട്ടാണ്?. കേസ് ഫയൽ പഠിച്ചിട്ടുണ്ടോ?. കോടതിക്കുള്ളിൽ നടന്നത് എന്താണെന്ന് അറിയാമോ?. കാറിനുള്ളിൽ നടന്നത് എന്താണെന്ന് അറിയാമോ?. ഒന്നും നിങ്ങൾക്ക് അറിയില്ല. നിങ്ങളുടെ മുന്നിലുള്ളത് അയാളോടുള്ള ആരാധന മാത്രം. അതാണോ ഒരു പെൺകുട്ടിക്ക് നീതി വാങ്ങികൊടുക്കുന്നത്?. ഒന്നുകൂടി ഒന്ന് ചിന്തിച്ച് നോക്കൂ. നിങ്ങൾ ആരാധിച്ചോളൂ, സ്നേഹിച്ചോളൂ. അതിന് നിങ്ങൾക്ക് അവകാശമുണ്ട്. പക്ഷെ അവളോടൊപ്പം എന്തിന് നിൽക്കുന്നുവെന്ന് ചോദിക്കാൻ നിങ്ങൾക്ക് എന്താണ് അവകാശം?.
കാറിലുണ്ടായിരുന്നവർ മാത്രമാണ് ശിക്ഷപ്പെട്ടത്. അതും വളരെ ചെറിയ ശിക്ഷയാണ് ലഭിച്ചത്. ഉന്നതരായ സ്വാധീനമുള്ളവർ രക്ഷപ്പെട്ടു. സുപ്രീംകോടതി വരെ പോകാൻ അവൾക്ക് അവകാശമില്ലേ. ഒപ്പം നിൽക്കാൻ ഞങ്ങൾക്ക് അവകാശമില്ലേ?. അവസാനം വരെ ഫൈറ്റ് ചെയ്യണം എന്നാണ് ഒരു കൂട്ടം ആളുകൾ ഞങ്ങളോട് പറഞ്ഞത്. ജയവും തോൽവിയും രണ്ടാമത്തെ വിഷയം. അതുപോലെ അയാൾ ട്രയൽ കോർട്ടിൽ കേസ് തോറ്റിരുന്നുവെങ്കിൽ അപ്പീൽ പോകുമായിരുന്നില്ലേ?.
അത് തന്നെയല്ലേ അതിജീവിതയും ചെയ്യുന്നുള്ളു. സെൻസിറ്റീവായ വിഷയമാണ്. ഒരു പെൺകുട്ടിയുടെ ജീവിതമാണ്. പോരാടുന്ന പെണ്ണിനെ തളർത്തുന്നത് പോലെയാണ് അത്. അയാൾക്ക് വേണ്ടി നിങ്ങൾ സംസാരിക്കുന്നത് നിങ്ങളുടെ ആരുടേയും അമ്മയോ മകളോ ഒന്നുമല്ല ഇരയുടെ സ്ഥാനത്ത് എന്നതുകൊണ്ടാണ് എന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ച് പറഞ്ഞു.


Click it and Unblock the Notifications


