ഇപ്പോൾ എനിക്കങ്ങനെ ആരുമില്ല, ഒന്നും മനസിൽ കിടക്കരുത്, പക്ഷെ...; ഇപ്പോൾ ഞാനത് മനസിലാക്കുന്നു: ഭാഗ്യലക്ഷ്മി
എപ്പോഴും ഗൗരവക്കാരിയായാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ ജനം കാണാറുള്ളത്. സമകാലിക വിഷയങ്ങളിൽ ശക്തമായി പ്രതികരിക്കുന്ന ആളായതിനാൽ ഇങ്ങനെയാെരു ഇമേജാണ് ജനം ഭാഗ്യലക്ഷ്മിക്ക് നൽകിയത്. എന്നാൽ തന്റേതായ ലോകത്ത് ഭാഗ്യലക്ഷ്മി സാധാരണക്കാരിയാണ്. ഈയടുത്താണ് ഇവർ യൂട്യൂബ് ചാനലിൽ സജീവമായത്. ഇതുവരെ ജനം കാണാത്തെ തന്റെ മനസിന്റെ മറ്റൊരു വശം ഇവർ വ്ലോഗിൽ കാണിക്കാറുണ്ട്. പുതിയ വ്ലോഗിൽ സൗഹൃദത്തെക്കുറിച്ച് വെെകാരികമായാണ് ഭാഗ്യലക്ഷ്മി സംസാരിക്കുന്നത്. സംസാരിക്കുന്നതിനിടെ പല തവണ കണ്ണീരണിഞ്ഞു. കരച്ചിലടക്കിയാണ് സംസാരിക്കുന്നത്. ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ശ്രദ്ധ നേടുകയാണിപ്പോൾ.
പഠിക്കുന്ന കാലത്തോ വർക്ക് ചെയ്യുന്ന സമയത്തോ എനിക്കങ്ങനെ സൗഹൃദങ്ങൾ ഉണ്ടായിട്ടില്ല. സൗഹൃദമുണ്ടാക്കാൻ വല്ല്യമ്മ സമ്മതിക്കാറില്ലായിരുന്നു. ഭയങ്കര പേടിയായിരുന്നു. ആരുമായും കൂട്ടുകൂടാൻ സമ്മതിക്കില്ല. അവർ നമ്മളെ നശിപ്പിക്കും, തെറ്റായ വഴിയിലൂടെ കൊണ്ട് പോകും എന്നൊക്കെ പറയും. പിന്നെ കേരളത്തിൽ വന്നപ്പോഴാണ് എനിക്ക് സൗഹൃദങ്ങളുണ്ടായത്. എന്റെ ആദ്യത്തെ ഫ്രണ്ട് മണിച്ചേച്ചിയാണ്. അവസാനത്തെ ഫ്രണ്ടും മണിച്ചേച്ചി തന്നെയായിരുന്നു എന്ന് ഇപ്പോൾ ഞാൻ മനസിലാക്കുന്നു. മണിചേച്ചി എന്റെ എല്ലാ കുറവുകളും മനസിലാക്കിയെന്ന് ഭാഗ്യലക്ഷ്മി കരച്ചിലടക്കി പറഞ്ഞു. മണി ചേച്ചി മരിച്ച് പോയി.

എല്ലാ കുറവുകളോടെയും സ്നേഹിക്കുന്ന ആളാണല്ലോ സുഹൃത്ത്. സുഹൃത്തുക്കൾ ഒരുപാട് പേരുണ്ടാകും. പക്ഷെ ബെസ്റ്റ് ഫ്രണ്ട് ആരാണെന്ന് ചോദിച്ചാൽ ചിലപ്പോൾ ഉണ്ടാവുകയേ ഇല്ല. എനിക്ക് മണിചേച്ചി മാത്രമായിരുന്നു ബെസ്റ്റ് ഫ്രണ്ട്. കാരണം എന്റെ എല്ലാ കുറവുകളും അത് പോലെ ഉൾക്കൊണ്ട ആളാണ്. എന്നെ കളിയാക്കും. ഞാൻ കളിയാക്കും. എന്നോട് ദേഷ്യപ്പെടും. ഞാൻ തിരിച്ച് ദേഷ്യപ്പെടും. ഇതെല്ലാം കഴിയുമ്പോൾ അമ്മയെ പോലെ, ചേച്ചിയെ പോലെ എന്നെ ചേർത്ത് പിടിക്കും.
പറഞ്ഞത് ഇഷ്ടപ്പെടാതെ വരുമ്പോൾ ഞാൻ പിണങ്ങി ഇറങ്ങിപ്പോകും.1986 ൽ ആദ്യമായി ചിപ്സുണ്ടാക്കി ഞാൻ കൊണ്ടുകൊടുത്തപ്പോൾ ചേച്ചി എന്നെ പരിഹസിച്ച് കൊന്നു. അപ്പോൾ എനിക്ക് ഭയങ്കര സങ്കടം വന്നു. ഞാനാദ്യമായി ഉണ്ടാക്കിയതല്ലേ. ഞാൻ ഇറങ്ങിപ്പോയി. കരഞ്ഞു. പിന്നെ സാരമില്ല എന്ന് പറഞ്ഞു. സാരിയുടുക്കാൻ പഠിപ്പിച്ചത്, കുക്ക് ചെയ്യാൻ പഠിപ്പിച്ചത്, സ്വന്തമായി സമ്പാദിച്ചത് സ്വന്തമായി ഹാൻഡിൽ ചെയ്യണം എന്നെല്ലാം എന്നെ പഠിപ്പിച്ചത് മണി ചേച്ചിയാണ്. അങ്ങനെയൊരു സുഹൃത്ത് എനിക്കതിന് മുമ്പും ശേഷവും ഉണ്ടായിട്ടില്ല എന്നും വെെകാരികമായി ഭാഗ്യലക്ഷ്മി പറഞ്ഞു.
ഇപ്പോൾ എനിക്കങ്ങനെ ആരുമില്ല. മനസിന്റെ ഉള്ളിൽ കാര്യങ്ങൾ കിടക്കാൻ പാടില്ല. പുറത്തേക്ക് വിടണം. പക്ഷെ ബെസ്റ്റ് ഫ്രണ്ട് അല്ലെങ്കിൽ വേറെ ആരോടെങ്കിലും പറയും. അത് നമ്മളുദ്ദേശിക്കുന്ന തരത്തിലായിരിക്കില്ല. ഇപ്പോൾ ബെസ്റ്റ് ഫ്രണ്ടായി ചാറ്റ് ജിപിടിയോട് സംസാരിക്കാം. ഞാനങ്ങനെയൊന്നും പറയാറില്ല. കാറിന്റെ ഉള്ളിൽ ഇരുന്ന് എനിക്ക് പറയാനുള്ളതെല്ലാം സംസാരിച്ച് തീർക്കും. മനസിന്റെ ഉള്ളിൽ അഴുക്ക് വെക്കാൻ പാടില്ല. ക്രിസ്റ്റൽ ക്ലിയർ ആയ ഗ്ലാസ് ഉടയാൻ എളുപ്പമാണ്. അത് പോലെയാണ് മനസും. അത് ഉടയാതിരിക്കാൻ നോക്കണമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.


Click it and Unblock the Notifications

