'ഞാനുണ്ടല്ലോ നീ എന്തിന് അപ്സെറ്റാകുന്നു..?, ഓരോ സെക്കന്റിലും ഭർത്താവ് അവളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു'
നടിയെ ആക്രമിച്ച കേസിലെ എറണാകുളം സെഷൻസ് കോടതിയുടെ വിധി കേട്ടശേഷം മാനസീകമായി തകർന്ന അവസ്ഥയിലായിരുന്നു അതിജീവിതയെന്ന് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. വിധി വരാൻ സമയം അടുത്തപ്പോഴേക്കും തൃശൂരിലെ അതിജീവിതയുടെ വീട്ടിലേക്ക് ഭാഗ്യലക്ഷ്മിയും അതിജീവിതയുടെ സുഹൃത്തുക്കളും എല്ലാം എത്തി ചേർന്നിരുന്നു. മാധ്യമങ്ങൾക്ക് മുമ്പിൽ വരുമ്പോൾ അവൾ ചിരിയോടെ നിൽക്കുന്നുവെന്നേയുള്ളുവെന്നും സർവൈവ് ചെയ്ത് മുന്നോട്ട് പോകണമെന്ന് അവൾക്കുള്ളതുകൊണ്ടാണ് അങ്ങനെ പെരുമാറുന്നതെന്നും കഴിഞ്ഞ ദിവസം വിളിച്ച് ചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കവെ ഭാഗ്യലക്ഷ്മി പറഞ്ഞു.
അവൾ അവളുടെ മുറിയിൽ തന്നെയായിരുന്നു. ടിവി കാണാനൊന്നും വന്നില്ല. ഞാനും അവളുടെ കുറച്ച് സുഹൃത്തുക്കളും... ശിൽപ, മൃദുല അവരും അതിജീവിതയുടെ രണ്ട് സഹോദരന്മാരും അവളുടെ അമ്മയും മാത്രം ടിവിയുടെ മുന്നിലിരുന്ന് വിധി പ്രഖ്യാപനം വരുന്ന വാർത്ത കണ്ടുകൊണ്ടിരുന്നു.

പിന്നീട് ഏഴാം പ്രതിയെ വെറുതെ വിട്ടുവെന്ന് കണ്ടപ്പോൾ തന്നെ സ്വിച്ച് ഓഫ് ചെയ്തോളൂ... ഇനി ആർക്കും ശിക്ഷയുണ്ടാകാൻ വഴിയില്ലെന്ന് ഞാൻ പറഞ്ഞു. അപ്പോൾ തന്നെ സ്വിച്ച് ഓഫ് ചെയ്തു. അവൾ ടിവിയിൽ പറയുന്നതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. ഷോക്ക് കിട്ടിയതുപോലെ ഇരിക്കുകയായിരുന്നു. ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് ചേച്ചി എന്നാണ് അവൾ ചോദിച്ചത്.
ഞങ്ങൾ എല്ലാവരും സൈലന്റായിരുന്നു. ആരും ഭക്ഷണം പോലും കഴിച്ചില്ല. വൈകുന്നേരം വരെ സൈലന്റായിരുന്നു. അപ്പീൽ പോകുന്നതിനെ കുറിച്ച് സംസാരിക്കാൻ പറ്റിയ മാനസീകാവസ്ഥയായിരുന്നില്ല. അവളെ ഒന്ന് ആശ്വസിപ്പിക്കുക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ മുന്നിൽ അപ്പോൾ ഉണ്ടായിരുന്നത്. കോടതി മുറിയിൽ അവൾ ഒരുപാട് അനുഭവിച്ചു.
രണ്ട് മണിക്കൂർ തെരുവിൽ അഭിനയിച്ചതിന്റെ നൂറിരട്ടി പതിനഞ്ച് ദിവസം കോടതി മുറിയിൽ അവൾ അനുഭവിച്ചു. മീഡിയയിൽ വരുമ്പോൾ അവൾ എപ്പോഴും ചിരിയോടെയാണ് പ്രത്യക്ഷപ്പെടുന്നത്. കാരണം അവൾക്ക് സർവൈവ് ചെയ്തല്ലേ പറ്റൂ. അവളുടെ ഭർത്താവ് പോലും ഇന്നലെ ഓരോ സെക്കന്റ് ഇടവിട്ട് അവളെ വിളിച്ച് കൊണ്ടിരിക്കുകയായിരുന്നു.
പനിയായിട്ടാണ് അദ്ദേഹം തൃശൂരിലേക്ക് വരാതിരുന്നത്. ഞാനുണ്ടല്ലോ നീ എന്തിനാണ് ഇങ്ങനെ അപ്സെറ്റാകുന്നതെന്ന് ചോദിക്കുന്നുണ്ടായിരുന്നു അദ്ദേഹം. ആ വാക്കുകളൊക്കെയായിരുന്നു അവൾക്ക് ആ സമയത്ത് കുറച്ചെങ്കിലും ആശ്വാസം നൽകിയത്. ധൈര്യം കൊടുത്ത് അവളെ മുന്നോട്ട് കൊണ്ടുപോവുക എന്നത് നമ്മൾ ഓരോരുത്തരുടേയും ആവശ്യമാണ്. അവസാനം വരെ ഞാൻ ഇങ്ങനെ തന്നെയായിരിക്കും.

വൈകുന്നേരം വരെ അവൾക്കൊപ്പം ആ വീട്ടിൽ ഞാൻ ഇരുന്നു. വിഷമമുണ്ട്. പിന്നെ അവളുടെ എല്ലാ കൂട്ടുകാരും വന്നിരുന്നു. അവരോടെല്ലാം നോക്കി കൊള്ളണേയെന്ന് പറഞ്ഞ് ഏൽപ്പിച്ചു. അവൾ എന്നെ വിളിച്ചിരുന്നു. വീണ്ടും ഞങ്ങൾ കാണുന്നുണ്ട്. ഒരുമിച്ച് കുറേ നേരം ഇരിക്കും. പതിനൊന്നം തിയ്യതി വരെ ഞാൻ ഇവിടെയുണ്ട്. അതുവരെ തൃശൂർ പോകും തിരിച്ച് പാലക്കാട് വരും. വീണ്ടും തൃശൂർ പോകും എന്ന രീതിയിലാണ് ലൈഫ് മുന്നോട്ട് പോകുന്നത്.
പോലീസുകാർ പെടുത്തിയെന്ന് ദിലീപ് പറയുന്നുണ്ടെങ്കിൽ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അയാൾ പറയണം. അതിജീവിതയെ പോലീസുകാർ ഈ സംഭവം നടന്നശേഷം മാത്രമാണ് പരിചയം. അതിന് മുമ്പ് പോലീസുകാരെ സംബന്ധിച്ച് അവർ ഒരു സിനിമ നടി മാത്രമാണ്. അല്ലാതെ വ്യക്തിപരമായി പരിചയമുള്ള സുഹൃത്തുക്കളോ ബന്ധുക്കളോ ഒന്നും തന്നെ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നില്ല.
ദിലീപിന്റെ പേര് പറഞ്ഞത് അതിജീവിതയല്ല. വ്യക്തിയുടെ പേര് പറഞ്ഞത് ഒന്നാം പ്രതിയാണ്. ഇത്തരം സംഭവങ്ങളൊക്കെ സർവസഹജമായി നടക്കുന്നതാണ്. നിങ്ങളാണ് ഇതൊക്കെ കാര്യമായി എടുക്കുന്നത് എന്നാണ് പൾസർ സുനി എന്ന ഒന്നാം പ്രതി ധന്യ രാജേന്ദ്രനോട് സംസാരിക്കവെ പറഞ്ഞത്. എങ്ങനെയാണ് ഇങ്ങനൊക്കെ സംസാരിക്കാൻ കഴിയുക?. കോടതിയും അന്വേഷണ സംഘവും ചോദിച്ചപ്പോൾ ദിലീപാണോയെന്ന് അറിയില്ലെന്നാണ് അതിജീവിത പറഞ്ഞതെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.


Click it and Unblock the Notifications