ഉർവശി ചെയ്തത് അന്തസുള്ള പ്രവൃത്തി, അന്നുണ്ടായ പ്രശ്നം; ചർച്ചയായി ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ
ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നടി ശോഭനയെക്കുറിച്ചും തുടരും സിനിമയെക്കുറിച്ചും പറഞ്ഞ വാക്കുകൾ ഇതിനോടകം ചർച്ചയായിട്ടുണ്ട്. സിനിമയിൽ ഡബ് ചെയ്യാൻ തന്നെ വിളിച്ചിരുന്നെന്നും തന്നെ അറിയിക്കുക പോലും ചെയ്യാതെ ഡബ് ചെയ്ത ഭാഗങ്ങൾ അണിയറപ്രവർത്തകർ നീക്കിയെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ക്ലെെമാക്സ് സീനിൽ അലറി നിലവിളിച്ച് ഭയങ്കര എഫേർട്ട് ഇട്ട് ചെയ്തതാണ്. മുഴുവൻ പേയ്മെന്റും തന്നു. എന്നാൽ താൻ ഡബ് ചെയ്തത് മാറ്റിയെന്ന് അങ്ങോട്ട് വിളിച്ചപ്പോഴാണ് അറിയുന്നത്.
സ്വന്തമായി ഡബ് ചെയ്തില്ലെങ്കിൽ പ്രൊമോഷന് വരില്ലെന്ന് ശോഭന പറഞ്ഞു എന്നാണ് അറിഞ്ഞത്. ഒരുപാട് സിനിമകളിൽ ശോഭനയ്ക്ക് ഡബ് ചെയ്തിട്ടുണ്ട്. അഭിനയിച്ച വ്യക്തിക്ക് സ്വന്തം ശബ്ദം നൽകാനുള്ള എല്ലാ അവകാശവുമുണ്ട്. ശോഭനയ്ക്കെങ്കിലും എന്നെ വിളിച്ച് പറയാമായിരുന്നെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഉർവശി, ശോഭന, രേവതി എന്നീ നടിമാർ മലയാളത്തിൽ ചെയ്ത ശ്രദ്ധേയമായ പല സിനിമകളിലും ശബ്ദം നൽകിയത് ഭാഗ്യലക്ഷ്മിയാണ്.

എന്നാൽ ഇവരാരും ഭാഗ്യലക്ഷ്മിയുടെ വർക്കിനെ അധികം പ്രശംസിച്ച് കേട്ടില്ല. ഭരതം, സ്ഫടികം, തലയണമന്ത്രം തുടങ്ങി ഉർവശിയുടെ ഏറ്റവും പ്രസിദ്ധമായ സിനിമകളിൽ നടിക്ക് ഡബ് ചെയ്തത് ഭാഗ്യലക്ഷ്മിയാണ്. ഒരിക്കൽ ഉർവശിക്കെതിരെ ഭാഗ്യലക്ഷ്മി സംസാരിച്ചിട്ടുമുണ്ട്. താൻ ഡബ് ചെയ്ത കാര്യം ഉർവശി അഭിമുഖത്തിൽ പറയാതിരുന്നതിൽ ഭാഗ്യലക്ഷ്മി എതിർപ്പ് പ്രകടിപ്പിച്ചു. പിന്നീടൊരിക്കൽ ഇതേക്കുറിച്ച് ഭാഗ്യലക്ഷ്മി സംസാരിച്ചിട്ടുണ്ട്.
ഉർവശിക്ക് ഞാനായിരുന്നു ഏറ്റവും കൂടുതൽ ഡബ് ചെയ്തിരുന്നത്. ഒരു സുപ്രഭാതത്തിൽ അവരുടെ ചില വാക്കുകളോട് യോജിക്കാൻ പറ്റാത്തത് കൊണ്ട് ഇനി ഞാൻ ചെയ്യുന്നില്ലെന്ന് പറഞ്ഞു. മറ്റ് പലരും ഡബ് ചെയ്തപ്പോൾ അതിലും ഭേദം സ്വന്തമായി ഡബ് ചെയ്യുന്നതാണെന്ന് ഉർവശിക്ക് തോന്നി. ഉർവശി സ്വന്തമായി ഡബ് ചെയ്തു. അത് അന്തസുള്ള പ്രവൃത്തിയായി എനിക്ക് തോന്നി. അതേസമയം പത്മപ്രിയ ഒരിക്കൽ പറഞ്ഞത് അവർക്ക് പല സിനിമയിലും പലരും ശബ്ദം കൊടുത്തിട്ടുണ്ട്, പലപ്പോഴും അവർക്ക് അയ്യേ എന്ന് തോന്നിയെന്നാണ്. അപ്പോൾ ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ ഒറ്റക്കെട്ടായി സമരം ചെയ്തു. അന്ന് പല മാധ്യമങ്ങളും അങ്ങനെ പറഞ്ഞതിൽ എന്താണ് തെറ്റ് എന്ന് ചോദിച്ചു. അങ്ങനെ പറയാനുള്ള സ്വാതന്ത്രം അവർക്കുണ്ട്. പക്ഷെ അവർക്ക് ഭാഷ അറിയണം ഭാഗ്യലക്ഷ്മി പറഞ്ഞതിങ്ങനെ.

ഡബ്ല്യുസിസിയിലെ രേവതി ഉൾപ്പെടെയുള്ളവർക്ക് നിരവധി സിനിമകളിൽ ഭാഗ്യലക്ഷ്മി ശബ്ദം കൊടുത്തിട്ടുണ്ട്. എന്നാൽ അവരാരും എന്നെ വിളിച്ച് സിനിമാ രംഗത്തെ വിഷയങ്ങൾ സംസാരിച്ചിട്ടില്ല. അവർക്ക് ശബ്ദം കൊടുത്തിട്ട് കൊള്ളാം എന്ന് പോലും പറഞ്ഞിട്ടില്ല. പിന്നെയല്ലേ വിളിക്കുന്നത്. ഡബ്ല്യുസിസിയിലെ ആരും തന്നെ എന്നെ വിളിച്ച് ഒരു വിഷയവും സംസാരിച്ചിട്ടില്ല. എപ്പോഴും തന്നെ അകറ്റി നിർത്താനേ ശ്രമിച്ചിട്ടുള്ളൂ എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. പോപഡോമിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം.


Click it and Unblock the Notifications