കനകയെ അന്ന് നേരിട്ട് കണ്ടപ്പോൾ...; എന്നോടങ്ങനെ പെരുമാറിയ മറ്റൊരു ആർട്ടിസ്റ്റില്ലെന്ന് ഭാഗ്യലക്ഷ്മി
മലയാള സിനിമാ രംഗത്ത് ഒരു കാലത്തെ മുൻനിര നായിക നടിമാർക്കെല്ലാം ശബ്ദം നൽകിയത് ഭാഗ്യലക്ഷ്മിയാണ്. ശോഭന, ഉർവശി, രേവതി തുടങ്ങിയ നടിമാരുടെ മലയാളത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളെടുത്താൽ ഇവയിൽ പലതിലും ഡബ് ചെയ്തത് ഭാഗ്യലക്ഷ്മിയാണ്. പ്രിയദർശന്റെ മലയാള സിനിമകളിലെ നായികമാരിൽ മിക്കവർക്കും ഭാഗ്യലക്ഷ്മി ശബ്ദം നൽകി. എന്നാൽ പലപ്പോഴും ശബ്ദം നൽകിയ നടിമാർ തന്റെ വർക്കിനെ അംഗീകരിച്ചില്ല എന്ന പരാതി ഭാഗ്യലക്ഷ്മിക്കുണ്ടായിരുന്നു.
തുടരും എന്ന സിനിമയിൽ ശോഭന താൻ ഡബ് ചെയ്ത ശബ്ദം മാറ്റി സ്വന്തം ശബ്ദം ഉപയോഗിച്ചപ്പോൾ തന്നോടൊന്ന് വിളിച്ച് സംസാരിക്കുക പോലും ചെയ്തില്ലെന്ന് അടുത്തിടെ ഭാഗ്യലക്ഷ്മി പറയുകയുണ്ടായി. എന്നാൽ ഭാഗ്യലക്ഷ്മിക്ക് നടി കനകയെക്കുറിച്ച് പറയാനുള്ളത് നല്ല വാക്കുകളാണ്. കനകയുടെ ഗോഡ്ഫാദർ, വിയറ്റ്നാം കോളനി എന്നീ സിനിമകളിൽ ശബ്ദം നൽകിയത് ഭാഗ്യലക്ഷ്മിയാണ്.

യെസ് 27 ന് നൽകിയ അഭിമുഖത്തിൽ കനകയെക്കുറിച്ച് ഭാഗ്യലക്ഷ്മി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. എനിക്ക് ശബ്ദം നൽകുന്ന ഭാഗ്യലക്ഷ്മിയെ കാണണമെന്ന് വലിയ ആഗ്രഹമുണ്ടെന്ന് കനക ഒരിക്കൽ ഏതോ അഭിമുഖത്തിൽ പറഞ്ഞു. ഒരു ദിവസം ഗുരുവായൂർ അമ്പലത്തിൽ തൊഴാൻ പോയപ്പോൾ കനക അവിടെയുണ്ട്. ഞാനവരുടെ മുന്നിൽ പോയി ഹലോ പറഞ്ഞു. ഹലോയെന്ന് അവരും. നിങ്ങൾക്ക് ശബ്ദം നൽകുന്ന ഭാഗ്യലക്ഷ്മി ഞാനാണെന്ന് പറഞ്ഞു. അയ്യോ, ആണോ ഗുരുവായൂരപ്പൻ അമ്പലത്തിൽ വെച്ച് നിങ്ങളെ കാണിച്ച് തന്നല്ലോ എന്ന് കനക പറഞ്ഞു. ജീവിതത്തിൽ ഇത്രയേറെ ഇഷ്ടത്തോടെ എന്നെ നോക്കിയ ആർട്ടിസ്റ്റാണ് അവരെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
തന്റെ കരിയറിലെ സുവർണകാലഘട്ടത്തെക്കുറിച്ചും ഭാഗ്യലക്ഷ്മി ഓർത്തു. എന്റെ അത്രയും ഭാഗ്യമുള്ള ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു. അത്രയും മനോഹരമായ കഥാപാത്രങ്ങളും ഹിറ്റ് സിനിമകളും ലെജൻഡായ സംവിധായകരും. എല്ലാവരുടെ പടങ്ങളും ചെയ്യാൻ സാധിച്ചു. എല്ലാത്തിനുമപ്പുറം സംവിധായകരുമായുള്ള സൗഹൃദം. വേറെ ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റിനും ഇത്രയും സൗഹൃദം ഉണ്ടായിട്ടില്ല. ഒരുപാട് വിഷയങ്ങളിൽ ഇടപെടുന്നതും സമകാലിക വിഷയങ്ങളിൽ സംസാരിക്കുന്നതും കൊണ്ടാകാം തനിക്ക് പ്രത്യേക പരിഗണന അവർ തന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.


Click it and Unblock the Notifications











