അതോടെ ആ പ്രണയബന്ധം വേണ്ടെന്ന് വെച്ചു; മുടിയഴിച്ചിട്ടത് ആ പ്രണയകാലം മുതൽ: ഭാഗ്യലക്ഷ്മി
നാൽപതുകളിൽ തനിക്കുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് തുറന്ന് സംസാരിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഒന്നും പ്രതീക്ഷിക്കാതെയുള്ള മനോഹരമായ പ്രണയമായിരുന്നെന്നും ഒരു ഘട്ടത്തിൽ രമ്യമായി രണ്ട് വഴിക്ക് പിരിയുകയായിരുന്നെന്നും ഭാഗ്യലക്ഷ്മി പറയുന്നു. യെസ് 27 ന് നൽകിയ അഭിമുഖത്തിലാണ് തുറന്ന് പറച്ചിൽ.
40ാം വയസിൽ പ്രണയിച്ചപ്പോഴാണ് സുന്ദരിയാണെന്ന് തോന്നിയത്. അതുവരെ എനിക്ക് മുടി വിരിച്ചിട്ട് നടക്കുന്ന ശീലമില്ലായിരുന്നു. എന്തൊക്കെ പറഞ്ഞാലും എനിക്ക് വളരെ വിലപ്പെട്ട സമയം തന്നെയാണ് ആ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പ്രണയം. ഈ പ്രണയബന്ധം അവസാനിച്ചതിന് കാരണമുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

അപ്പുറത്തുള്ളയാളുടെ അവസ്ഥയും ചിന്തിച്ചിട്ടുണ്ട്. പക്ഷെ പ്രണയം ഒരു ഘട്ടത്തിൽ വെറുപ്പിലേക്ക് പോകാതിരിക്കണമെങ്കിൽ മനോഹരമായ ഒരു മൊമന്റിൽ നമ്മളത് അവസാനിപ്പിക്കണം. ആ സീൻ കട്ട് ചെയ്ത് മനോഹരമായി എഡിറ്റ് ചെയ്യണം. പക്ഷെ കുറച്ച് ബുദ്ധിമുട്ടായിരുന്നു. ചിലപ്പോൾ അപ്പുറത്തുള്ള ആളും അത്ര വേദന അനുഭവിച്ചിട്ടുണ്ടാകാം.
മനോഹരമായ ഒരോർമ്മയായും വേദനയായും ഉള്ളിൽ നിൽക്കട്ടെ എന്ന് കരുതി രമ്യമായി അകന്നെന്നും ഭാഗ്യലക്ഷ്മി പറയുന്നു. വിളിക്കാറേ ഇല്ല. എന്നെ ഇങ്ങോട്ട് വിളിക്കുമ്പോഴും സംസാരിക്കുന്നത് വേറെ എന്തെങ്കിലുമായിരിക്കും. തന്റെ ആത്മകഥയിൽ ജീവിതത്തിൽ പിന്നിട്ട നാളുകളെക്കുറിച്ച് ഭാഗ്യലക്ഷ്മി തുറന്നെഴുതിയിട്ടുണ്ട്.
ഭർത്താവിന്റെയും പിന്നീട് പ്രണയിച്ച ആളുടെയും പേര് ആത്മകഥയിൽ പരാമർശിച്ചിട്ടില്ല. ഇതേക്കുറിച്ച് ഭാഗ്യലക്ഷ്മി ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. എന്റെ സ്വകാര്യതയാണ്. ഇന്നും എനിക്ക് യാതൊരു വിഷമവും ഉണ്ടാക്കിയിട്ടില്ലാത്ത സംഭവം. എന്റെ തീരുമാനമാണ്. ദാമ്പത്യത്തിലായാലും അല്ലാതെയായാലും ഒരാളെ സ്നേഹിച്ചിട്ടുണ്ടെങ്കിൽ അവരെ ദ്രോഹിക്കാതിരിക്കുക. യഥാർത്ഥ സ്നേഹം ഉള്ളിലുണ്ടെങ്കിൽ ഒരിക്കലും അവരെ ദ്രോഹിക്കില്ല. അദ്ദേഹം ഉണ്ടായിരുന്നപ്പോൾ ഒരുപാട് എന്നെ ദ്രോഹിക്കാൻ ശ്രമിച്ചിട്ടുണ്ട്.
പക്ഷെ അപ്പോഴൊക്കെ സാരമില്ല, പോട്ടെ എന്ന് വിട്ട ആളാണ്. ഇനിയും ഞാൻ അങ്ങനെ തന്നെ ആയിരിക്കും. ഡബ്ബിംഗ് ആർട്ടിസ്റ്റുകളിൽ എത്രയോ പേർ എന്നെ വേദനിപ്പിച്ചിട്ടുണ്ട്. ഞാൻ ആരുടെ പേരും പുറത്ത് പറഞ്ഞിട്ടില്ല. അത് പുറത്ത് പറയേണ്ട കാര്യമില്ല എന്നാണ് വിശ്വസിക്കുന്നതെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. മുൻ ഭർത്താവിന്റെ വീട്ടുകാരുമായി ഞാൻ വളരെ നല്ല സൗഹൃദത്തിലാണ്. ഇടയ്ക്കിടക്ക് പോകാറുണ്ട്. അവർക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ കൂടെ നിൽക്കാറുണ്ട്. രണ്ട് ദിവസം എന്നെ കണ്ടില്ലെങ്കിൽ എന്തുപറ്റി ലക്ഷ്മി എന്ന് ചോദിക്കാറുണ്ട്. എന്റെ ജീവിതത്തിൽ ഞാൻ ഇന്നുവരെയും ആരെയും ഒരു ശത്രുവായി ഞാൻ കണ്ടിട്ടില്ല. എന്നോട് ആർക്കെങ്കിലും ശത്രുതയുണ്ടോ എന്നെനിക്ക് വിഷയമല്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.


Click it and Unblock the Notifications











