സുഹൃത്തുക്കളുടെ കൂടെ പോകാനാകില്ല, ഷോപ്പിംഗിന് അനുവാദമില്ല; ഞാനാഗ്രഹിച്ചത് സ്നേഹം: ഭാഗ്യലക്ഷ്മി
ഗൗരവക്കാരിയായാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ മിക്കവരും കാണാറുള്ളത്. സമകാലിക വിഷയങ്ങളിൽ ശക്തമായ അഭിപ്രായം പറയുന്നയാളാണ് ഭാഗ്യലക്ഷ്മി. എന്നാൽ തന്റെയുള്ളിന്റെ ഉള്ളിലെ വിഷമങ്ങളെക്കുറിച്ച് പുതിയ അഭിമുഖത്തിൽ ഇവർ തുറന്ന് സംസാരിക്കുന്നുണ്ട്. വേണ്ടപ്പെട്ടവരിൽ നിന്നും സ്നേഹം ആഗ്രഹിച്ച മനസ് തനിക്കുണ്ടായിരുന്നെന്നും എന്നാൽ തനിക്കത് കിട്ടിയിട്ടില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു. യെസ് 27 ന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
അടിസ്ഥാനപരമായി ഞാനാഗ്രഹിച്ചത് സ്നേഹമാണ്. അതെനിക്ക് എവിടെ നിന്നും കിട്ടിയിട്ടില്ല. ഇനി കിട്ടില്ല എന്ന് മനസിലായത് കൊണ്ടാണ് ഇനിയൊരു പ്രണയം ഞാൻ ആഗ്രഹിക്കാത്തത്. എനിക്ക് രാവിലെ ഒരിടത്തേക്ക് പോകണമെങ്കിൽ ഞാൻ അങ്ങ് പോകും. ചോദിക്കുന്നില്ല. അത് പക്ഷെ നമ്മളെ സ്നേഹിക്കുന്ന ആണിന് സഹിക്കാൻ പറ്റില്ല. അവരോട് ഒരു വാക്ക് പറയുകയെങ്കിലും വേണം. പക്ഷെ എനിക്കങ്ങനെയില്ല. അങ്ങനെ ആഗ്രഹിച്ച സമയത്ത് അങ്ങനെ അല്ലായിരുന്നു.

ഡബ്ബിംഗിന് പോയാൽ എത്ര ലേറ്റ് ആയാലും എന്നോടൊന്നും അദ്ദേഹം (മുൻഭർത്താവ് ) ചോദിക്കാറില്ല. എന്തുകാെണ്ട് വെെകുന്നു, രാത്രി ഡബ്ബിംഗിന് പോകരുത് എന്നൊന്നും പറഞ്ഞിട്ടില്ല. പക്ഷെ ഞാനൊരു ഫ്രണ്ടിനെ കാണാൻ പോകുമ്പോൾ പുള്ളി എന്നെ റെസ്ട്രിക്റ്റ് ചെയ്യുമായിരുന്നു. എനിക്ക് ഷോപ്പിംഗിന് പോകാനുള്ള അനുവാദം ഇല്ലായിരുന്നു. പിന്നീട് അതെല്ലാം ഞാൻ ചെയ്ത് എന്നെ ആരും ഇനി ചോദ്യം ചെയ്യരുത് എന്ന നിലയിലേക്ക് ഞാൻ മാറി. കമ്മിറ്റ്മെന്റുകൾ തന്നെ നിയന്ത്രിക്കുമോ എന്ന പേടിയുണ്ട്. അതുകൊണ്ടാണ് താൻ ഒരു പ്രണയ ബന്ധത്തിന് തയ്യാറാകാത്തതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
തന്റെ ഡബ്ബിംഗ് കരിയറിലെ ഓർമകളും ഭാഗ്യലക്ഷ്മി പങ്കുവെച്ചു. ഏറ്റവും അധികം ഞാൻ ആസ്വദിക്കുന്നത് ഉർവശിക്ക് ഡബ്ബ് ചെയ്യുമ്പോഴാണ്. ഡബ്ബ് ചെയ്യാതായതോടെ ആസ്വാദനം എനിക്ക് നഷ്ടപ്പെട്ടു എന്ന് പറയാം. ഇന്നും എന്റെ ആഗ്രഹം ഉർവശിക്ക് ഡബ് ചെയ്യണമെന്നാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.


Click it and Unblock the Notifications











