ഡബ്ബിംഗ് ജോലിയില്ല; വരുമാനം കണ്ടെത്തുന്നതിങ്ങനെ; അഞ്ച് വർഷമായി സിനിമയില്ലാത്തതിനെക്കുറിച്ച് ഭാഗ്യലക്ഷ്മി
ഡബ്ബിംഗ് മേഖലയിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് ഭാഗ്യലക്ഷ്മി. സിനിമാ രംഗത്തെ വിഷയങ്ങളിൽ ശക്തമായ ഇടപെടൽ നടത്താൻ ഭാഗ്യലക്ഷ്മി ശ്രദ്ധിക്കാറുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിലും വ്യക്തമായ അഭിപ്രായം ഭാഗ്യലക്ഷ്മിക്കുണ്ട്. എന്നാൽ ഡബ്ബിംഗ് മേഖലയിൽ ഭാഗ്യലക്ഷ്മി ഇന്ന് സജീവമല്ല. അഞ്ച് വർഷമായി തനിക്ക് ജോലിയില്ലെന്ന് കഴിഞ്ഞ ദിവസം ഇവർ തുറന്ന് പറയുകയുണ്ടായി. നടിയെ ആക്രമിച്ച കേസിൽ നിലപാടെടുത്തതാണ് തനിക്ക് അവസരങ്ങൾ ഇല്ലാതായതിന് കാരണമെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി.
ഇപ്പോഴിതാ സിനിമാ രംഗത്ത് അവസരമില്ലാതായപ്പോഴും തനിക്ക് വരുമാനം ലഭിച്ചതെങ്ങനെയെന്ന് വ്യക്തമാക്കുകയാണ് ഭാഗ്യലക്ഷ്മി. പോപഡോമിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. എല്ലാവരും വിചാരിക്കും സിനിമയ്ക്കുള്ളിൽ വന്നാൽ സിനിമയില്ലെങ്കിൽ നമ്മൾ ഇല്ലെന്നാണ്. സിനിമയില്ലെങ്കിൽ വേറെ ജോലി ചെയ്യാൻ നമ്മൾ പഠിക്കണം. അഞ്ച് വർഷമായി ഞാൻ ജോലി ചെയ്യുന്നില്ല. എന്ന് പറഞ്ഞ് ജീവിക്കാതിരിക്കുന്നില്ല. എനിക്ക് വരുമാനം ഇല്ലാതായിട്ടില്ല. എന്തു ചെയ്യുന്നു എന്ന് ചോദിച്ചാൽ എന്റേതായ വരുമാന മാർഗമുണ്ട്.

എഴുത്തുകളുടെ റോയൽറ്റി കിട്ടുന്നുണ്ട്. പല സ്ഥലങ്ങളിലും പ്രസംഗിക്കാൻ പോകുമ്പോൾ അതിന് പേയ്മെന്റുണ്ടാകും. ആഡ് ഫിലിംസ് ചെയ്യും. ഡോക്യുമെന്ററി ചെയ്യും. ഇതിനൊക്കെ നമുക്ക് പേയ്മെന്റുണ്ട്. അത് പോലെ ഓരോ ഡബ്ബിംഗ് ആർട്ടിസ്റ്റുകൾക്കും. സീരിയൽ മാത്രമല്ല ഒടിടി പ്ലാറ്റ്ഫോ വളരെ വലിയ സ്പേസാണ് ശബ്ദ കലാകാരൻമാർക്ക് തുറന്ന് കൊടുത്തിരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടുന്നു.
ഒരു വെബ് സീരീസ് വരുമ്പോൾ അഞ്ച് ഭാഷയിൽ ഒറ്റയടിക്ക് റിലീസ് ചെയ്യുകയാണ്. അഞ്ച് ഭാഷയിലും ഡബ്ബിംഗ് ആർട്ടിസ്റ്റുകളെയാണ് ആശ്രയിക്കുന്നത്. അവർക്ക് അത് വലിയ അവസരമാണതെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. സിനിമാ രംഗത്ത് തനിക്കുള്ള സൗഹൃദങ്ങളെക്കുറിച്ചും ഭാഗ്യലക്ഷ്മി സംസാരിച്ചു. സംവിധായകരുമായിട്ട് എനിക്ക് നല്ല സൗഹൃദമുണ്ട്. കാരണം ഞാൻ ഏറ്റവും കൂടുതൽ ജോലി ചെയ്തിരിക്കുന്നത് സംവിധായകർക്കൊപ്പമല്ലേ, നടൻമാരുമായിട്ടല്ലല്ലോ.

നടിമാരുമായിട്ടുമല്ല. നടിമാരുമായും അങ്ങനെ വലിയ സൗഹൃദം ആരോടുമില്ല. ആകെ ഉണ്ടായിരുന്നത് കെപിഎസി ലളിത ചേച്ചിയുമായായിരുന്നു. ലളിത ചേച്ചിയായിരുന്നു എന്റെ അടുത്ത സുഹൃത്ത്. മഞ്ജു വാര്യരുമായി സൗഹൃദമുണ്ടെങ്കിലും എപ്പോഴും വിളിക്കാറൊന്നുമില്ല. ഭാവനയുമായും അപൂർവ സൗഹൃദമുണ്ട്. ഇവരാരും എന്റെ വീട്ടിൽ വരികയൊന്നും ചെയ്തിട്ടില്ല. തിരുവനന്തപുരത്തായത് കൊണ്ടായിരിക്കാം.
വന്നാലും ഓടിപ്പോകുന്ന ആൾക്കാരായതിനാൽ പരാതിയില്ല. സംവിധായകർ അങ്ങനെയല്ല. കമൽ സർ, സിദ്ദിഖ്-ലാൽ, സിബി സർ, ഭദ്രൻ സർ, ജോഷിയേട്ടൻ അങ്ങനെ എല്ലാ സംവിധായകരും എന്റെ അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങളാണ് വിളിച്ച് സംസാരിക്കുന്നത്. ചാനൽ ചർച്ച കഴിയുമ്പോൾ അവരെന്നെ വിളിക്കും. അടുത്ത പ്രാവശ്യം സംസാരിക്കുമ്പോൾ ഇങ്ങനെ പറയണം കേട്ടോ എന്നൊക്കെ സജഷൻ പറയും.
അവരോടൊക്കെ പല കാര്യങ്ങളും ചർച്ച ചെയ്യാറുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ വളരെ പോസിറ്റീവായാണ് സംസാരിച്ചതെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. ഒരു ഡബ്ബിംഗ് സ്റ്റുഡിയോ തുടങ്ങാൻ ആഗ്രഹമുണ്ടെന്നും ഒടിടി പ്ലാറ്റ്ഫോമുകൾ ഡബ്ബിംഗ് ആർട്ടിസ്റ്റുകൾക്ക് വലിയ അവസരമാണ് നൽകുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.


Click it and Unblock the Notifications