മറുപടി കൊടുക്കേണ്ട കാര്യമില്ല, പരമ പുച്ഛം, സമ്മതിച്ചില്ലെങ്കിൽ പ്രശ്നമാകുമെന്ന് ശോഭന, നേരിട്ടത് അപമാനം!
തുടരും സിനിമയിൽ നടി ശോഭനയുടെ കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തത് ഭാഗ്യലക്ഷ്മിയായിരുന്നു. എന്നാൽ റിലീസ് അടുത്തപ്പോൾ ഭാഗ്യലക്ഷ്മിയുടെ ശബ്ദം നീക്കം ചെയ്ത് ശോഭന സ്വയം ഡബ്ബ് ചെയ്തു. ഭാഗ്യലക്ഷ്മിയോട് ഇക്കാര്യം അണിയറപ്രവർത്തകർ പറഞ്ഞതുമില്ല. അതൊരു അപമാനിക്കലായാണ് തനിക്ക് തോന്നിയതെന്ന് നിയോ പ്രൈം എന്റർടെയ്ൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ ഭാഗ്യലക്ഷ്മി പറഞ്ഞു.
ശോഭനയ്ക്ക് എങ്കിലും ഒരു വാക്ക് പറയാമായിരുന്നുവെന്നും കേവലം ഒരു ഡബ്ബിങ് ആർട്ടിസ്റ്റിന്റെ വാക്കുകൾക്ക് പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ലെന്ന തോന്നൽ അണിയറപ്രവർത്തകരിൽ ഉള്ളതായി തനിക്ക് തോന്നിയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. തുടരും ടീമിന്റെ ഭാഗത്ത് നിന്ന് കോൾ ഒന്നും വന്നിരുന്നില്ല. അവരെ സംബന്ധിച്ച് പരാതി പറഞ്ഞത് വെറും ഒരു ഡബ്ബിങ് ആർട്ടിസ്റ്റാണ്.

കേവലം ഒരു ഡബ്ബിങ് ആർട്ടിസ്റ്റിന്റെ വാക്കുകൾക്ക് നമ്മൾ ഇത്രയധികം പ്രാധാന്യം കൊടുക്കേണ്ട കാര്യമുണ്ടോ? എന്ന തോന്നലാകും. കുതിരവട്ടം പപ്പുവിന്റെ മകൻ ബിനു പപ്പു ഏതോ ഒരു ഇന്റർവ്യൂവിൽ സംസാരിക്കുന്നത് ഞാൻ കേട്ടിരുന്നു. ബിനുവിന് ആ സിനിമയിൽ എന്താണ് റോളെന്ന് തന്നെ എനിക്ക് അറിയില്ല. കാരണം ഡബ്ബിങിന് പോയപ്പോൾ ബിനുവിനെ ഒന്നും ഞാൻ അവിടെ കണ്ടില്ല.
അവതാരക ആ അഭിമുഖത്തിൽ ഞാൻ തുടരും സിനിമയിൽ ഡബ്ബ് ചെയ്തതിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ബിനുവിനോട് ചോദിച്ചിരുന്നു. സംവിധായകന്റെ പ്രതികരണം എന്തായിരുന്നു എന്നാണ് അവതാരക ബിനുവിനോട് ചോദിച്ചത്. അതിനൊന്നും മറുപടി കൊടുക്കേണ്ട കാര്യമില്ലെന്നായിരുന്നു അവരുടെ മറുപടി എന്നായിരുന്നു ബിനു പറഞ്ഞത്. പരമ പുച്ഛമാണ്.
ഒന്ന് വിളിച്ചു ഇന്ന കാരണങ്ങൾ കൊണ്ട് ഇങ്ങനെ ചെയ്യേണ്ടി വന്നുവെന്ന് ഒരു ആശ്വാസ വാക്ക് പറഞ്ഞാൽ മതിയായിരുന്നു. എന്നെ മാറ്റി നിർത്തിയതിൽ എനിക്ക് ഒരു പരാതിയുമില്ല. സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യണമെന്ന് ശോഭനയ്ക്ക് തോന്നിയതിൽ ഒരു തെറ്റുമില്ല. ഇത്രയും വർഷങ്ങളായി ചെയ്തുകൊണ്ടിരുന്ന വ്യക്തി ഓൾറെഡി തന്റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തുവെന്ന് അറിയുമ്പോൾ അവർക്ക് എന്നെ വിളിച്ച് ഒന്ന് പറയാമായിരുന്നു.
ഒരു ദിവസം പെട്ടന്ന് ശോഭന എന്നെ വീഡിയോ കോൾ ചെയ്തു. അങ്ങനെ ആരോടും ഫ്രണ്ട്ലി ആവാത്ത നടിയാണ്. അങ്ങനൊരാളാണ് എന്നെ ആദ്യമായി വീഡിയോ കോളിൽ വിളിച്ച് ഫ്രണ്ട്ലിയായി സംസാരിച്ചത്. ഞാൻ മുമ്പ് അവർക്ക് വേണ്ടി ഡബ്ബ് ചെയ്തപ്പോഴോ മനോഹരമായ കഥാപാത്രങ്ങൾ ചെയ്ത് ആ സിനിമകൾ സൂപ്പർ ഹിറ്റായപ്പോഴോ ഒന്നും ശോഭന എന്നെ വിളിച്ചിട്ടില്ല.

അന്ന് വിളിച്ചത് ഏതോ ഒരു പരസ്യത്തിന്റെ കാര്യം പറയാനാണ്. അതിന് സ്വയം ഡബ് ചെയ്തോട്ടെയെന്ന് ചോദിക്കാനാണ് വിളിച്ചത്. ഇക്കാര്യം പോലും ചോദിക്കാൻ വിളിച്ചയാളാണ്. തുടരുമിന് വേണ്ടി ഞാൻ മുഴുവൻ ഡബ്ബിങും ചെയ്തുവെന്ന് അവർക്ക് അറിയാം. നിർമാതാവ് രഞ്ജിത്ത് തന്നെയാണ് എന്നോട് ഇക്കാര്യം പറഞ്ഞത്.
ഡബ്ബ് ചെയ്യാൻ സമ്മതിച്ചില്ലെങ്കിൽ വലിയ പ്രശ്നമാകുമെന്ന് ശോഭന പറഞ്ഞുവെന്നാണ് രഞ്ജിത്ത് പറഞ്ഞത്. അവർ വോയ്സ് മാറ്റിയെന്ന് അപ്പോഴാണ് ഞാൻ അറിഞ്ഞത്. അതും അങ്ങോട്ട് വിളിച്ച് ചോദിച്ചതുകൊണ്ട് അറിഞ്ഞു. എനിക്ക് സ്വയം ഡബ്ബ് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് ശോഭന ഒരു വാക്ക് പറഞ്ഞാൽ തീരുന്ന പ്രശ്നമായിരുന്നു. സംവിധായകൻ പോലും പറയേണ്ടതില്ല.
പോലീസ് സ്റ്റേഷനിൽ വെച്ച് അടികൊള്ളുന്നതും അലറി വിളിക്കുന്നതും അടക്കമുള്ള എല്ലാ സീനിനും ഡബ്ബ് ചെയ്യിപ്പിച്ചിട്ട് നമ്മളെ അപമാനിച്ചതുപോലെയായി എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അടുത്തിടെ റിലീസ് ചെയ്തതിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ മോഹൻലാൽ സിനിമ കൂടിയാണ് തരുൺ മൂർത്തിയുടെ തുടരും.


Click it and Unblock the Notifications


