ഞങ്ങൾ അവള്‍ക്കൊപ്പമാണ് പക്ഷെ പേര് പറയരുതെന്ന് അവർ, എല്ലാവർക്കും ഭയം, അധോലോക നായകനോ?; ഭാഗ്യലക്ഷ്മി
സിനിമയിലുള്ള പലരും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും എന്നാൽ അവർ അത് തുറന്ന് പറയാത്തത് ഭയം കൊണ്ടാണെന്നും അഭിനേത്രിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെങ്കിൽ അത് പല പെൺകുട്ടികളോടും ചെയ്യുന്ന ക്രൂരതയാകുമെന്നും അവരെ മാനസികമായും സാമൂഹികമായും തളർത്തിക്കളയുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ... നടി ആക്രമിക്കപ്പെട്ട ദിവസം ഏത് നടിയാണെന്ന് അറിയും മുമ്പ് എനിക്കൊരു കോൾ വന്നു ഇങ്ങനൊരു സംഭവം നടന്നുവെന്ന് പറഞ്ഞ്. ആരാണ് നടിയെന്ന് അറിയില്ലെന്നാണ് പറഞ്ഞത്. അപ്പോഴെ എന്റെ ഉറക്കം പോയി. സിനിമയിൽ നിന്നുള്ള പെൺകുട്ടി എന്ന് മാത്രമാണ് ആദ്യം അറിഞ്ഞത്. രാവിലെയാണ് ആരാണ് ആ പെൺകുട്ടിയെന്ന് അറിഞ്ഞത്.

നടിയായതുകൊണ്ടാണോ ഞങ്ങൾ എല്ലാവരും അവൾക്കുവേണ്ടി അവൾക്കൊപ്പം നിൽക്കുന്നതെന്ന ചിന്ത പലരിലുമുണ്ട്. അല്ല... ഇത് അപൂർവത്തിൽ അപൂർവമായ ഒരു ക്വട്ടേഷൻ ബലാത്സംഗ കേസാണിത‍്. ആദ്യമായിട്ട് ആയിരിക്കില്ല. മറ്റ് പലരോടും ഇത്തരത്തിലുള്ള പ്രവൃത്തികൾ ചെയ്തിരിക്കാം. ഈ കേസിലെ അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെങ്കിൽ അത് ഇനി വരുന്ന പല പെൺകുട്ടികളോടും ചെയ്യുന്ന ക്രൂരതയാണ്.
മറ്റ് പലരിലേക്കും പോകാൻ സാധ്യതയുള്ള അനീതിയാണിത്. അവൾക്കൊപ്പം എന്ന് പറയുമ്പോൾ എല്ലാവരും ചിന്തിക്കുന്നത് നടി എന്ന വ്യക്തിയെ കുറിച്ചാണ്. അങ്ങനെയല്ല. പെൺകുട്ടി എന്നതാണ്. ഇന്ത്യൻ സിനിമയിൽ പോലും ഇങ്ങനൊരു സംഭവം നടന്നിട്ടില്ല. അവൾക്ക് നീതി ലഭിക്കണം. നാളെ വരുന്ന പല പെൺകുട്ടികൾക്കും അവൾ ഒരു മാതൃകയാണ് വഴികാട്ടിയാണ്.
നടി കോടതിയിൽ നിന്നും പുറത്തിറങ്ങി വന്ന് സങ്കടം പറയുമ്പോൾ എനിക്ക് ഇത് വേണ്ട താങ്ങാൻ പറ്റുന്നില്ല. രണ്ട് മണിക്കൂർ കാറിൽ അനുഭവിച്ചതിന്റെ എത്രയോ ഇരട്ടിയാണ് ഞാൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് അവൾ പറയാറുള്ളത്. അതുപോലെ തന്നെയായിരുന്നു ബാലചന്ദ്രകുമാറും. അദ്ദേഹം അസുഖം ബാധിച്ച് കിടപ്പിലായിരുന്നപ്പോൾ ഞാൻ കാണാൻ ചെന്നിരുന്നു.
അഞ്ചോ ആറോ ദിവസം കൊണ്ട് തീരേണ്ട ട്രയൽ നാൽപ്പത് ദിവസത്തിലധികം നീണ്ടു. അത്രയും വയ്യാതെ ഇരിക്കാനും നിൽക്കാനും കിടക്കാനും വയ്യാത്തൊരു അവസ്ഥയിൽ ആ മനുഷ്യൻ കസേരയിൽ ഇരുന്നുകൊണ്ട് സംസാരിച്ച് സംസാരിച്ച് തളർന്ന് കഴിയുമ്പോൾ അയാൾ പറയാനുള്ള മൊഴികൾ ഒന്നും ഇല്ലാതെയായിപ്പോകും. ഈ കേസുമായി ബന്ധപ്പെട്ട ചിലരുടെ മരണങ്ങൾ...

എനിക്ക് ഭയമായിരുന്നു റോഷിയെ കുറിച്ച് ആലോചിച്ചിട്ട്. പൾസർ സുനിയുമായുള്ള അഭിമുഖം കണ്ടപ്പോൾ ഞാൻ പറഞ്ഞിരുന്നു റോഷി സൂക്ഷിക്കണേയെന്ന്. എന്നോടും പലരും പറയാറുണ്ട് സൂക്ഷിക്കണമെന്ന്. എല്ലാവർക്കും ഭയമാണ്. സിനിമാ ലോകം തന്നെ ഭയന്നാണ് മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്.
ആ ഭയം കൊണ്ടാണ് അവൾക്കൊപ്പം എന്ന് ഉച്ചരിക്കാത്തതിന് കാരണം. വളരെ സ്വകാര്യമായി പലരും എന്നോട് പറഞ്ഞിട്ടുണ്ട് ഞങ്ങൾ എല്ലാം അവൾക്കൊപ്പമാണെന്ന്. പക്ഷെ ദയവ് ചെയ്ത് പേര് പറയരുതെന്ന്. അപ്പോൾ ഇത് ആരാണ്. അധോലോക നായകനോ?. എന്താണ് ഇയാളെ ഇത്രയും ഭയപ്പെടാനുള്ള കാരണമെന്ന് അറിയില്ല. അത്രമാത്രം ദുരൂഹതകൾ ഈ വിഷയത്തിൽ നടന്നിട്ടുണ്ട്. ഏറ്റവും വലിയ നടനും നടിക്കും നിർമാതാവിനും സംവിധായകനും വരെ ഭയമാണ്.
ഈ സാഹചര്യത്തിലാണ് റോഷിപാൽ എന്ന വ്യക്തിയെ നമ്മൾ ഗൗരവമായി കാണേണ്ടത്. കാരണം വാർത്ത വെറുതെ വായിച്ചാൽ മതിയായിരുന്നു അദ്ദേഹത്തിന്. പക്ഷെ അതൊന്നും ചെയ്യാതെ ഒരു സഹോദരനെ പോലെ ഈ കേസിന് പിറകെ അതിജീവിതയ്ക്ക് വേണ്ടി റോഷിപാൽ അനേഷ്വിച്ച് ഇറങ്ങി. ജീവൻ പണയം വെച്ചാണ് റോഷിപാൽ കേസിലെ പ്രതികളെ തേടി പോയതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.


Click it and Unblock the Notifications