അതിനപ്പുറം വേദന ഇനി അവൾക്കില്ല, അടുത്തുണ്ടെന്ന് ഭാഗ്യലക്ഷ്മി; ഓർമയില്ലെന്ന് മുകേഷ് പറഞ്ഞെന്ന് ധന്യ
നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതി നടൻ ദിലീപ് കുറ്റവിമുക്തനായതിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. പ്രതീക്ഷിച്ച വിധിയായിരുന്നു ഇതെന്നും കോടതിയിൽ അതിജീവിത അപമാനിതയായിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി റിപ്പോർട്ടർ ലെെവിൽ പറഞ്ഞു. 99 ശതമാനവും ഇതേ ഇവിടെ സംഭവിക്കൂ എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. അവൾ മാത്രമല്ല. അവൾക്ക് വേണ്ടി കോടതിയിൽ മൊഴി പറയാൻ വന്നവരും അനുഭവിച്ച അനുഭവമുണ്ട്. അതിജീവിതയെ 9 ദിവസം കോടതിയിൽ നിർത്തി രണ്ട് മണിക്കൂർ നിന്ന് റോഡിൽ അനുഭവിച്ചതിനേക്കാൾ കൂടുതൽ അവൾ അനുഭവിച്ചു. 9 വക്കീലുമാർ മാറി മാറി അവളെ വേദനിപ്പിച്ചു.
അതിനപ്പുറമൊന്നും ഇനി അവൾക്ക് ഷോക്ക് കൊടുക്കാനില്ല. അതിനപ്പുറമൊന്നും വേദന ഇനി അവൾക്കില്ല. ഈ സമൂഹത്തിനും ഇവിടെയുള്ള മാധ്യമങ്ങൾക്കും ഇന്ന് വരാൻ പോകുന്ന വിധി എന്തായിരിക്കുമെന്ന് വ്യക്തമായി അറിയാമായിരുന്നു. മറിച്ച് സംഭവിച്ചിരുന്നെങ്കിൽ നമ്മൾ അത്ഭുതപ്പെടുമായിരുന്നു. ഞാൻ രാവിലെ വന്ന് ഇവിടെ അവൾക്കൊപ്പം ഇരിക്കുകയാണ്. അപ്പീൽ പോയേ പറ്റൂ. ഇത്രയധികം തെളിവുകളും സാക്ഷിമൊഴികളു ബോധ്യപ്പെടുന്ന കോടതികൾ ഇവിടെ ഉണ്ടാകുമല്ലോ എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞതിങ്ങനെ.

വിധിയിൽ മാധ്യമപ്രവർത്തക ധന്യ രാജേന്ദ്രനും പ്രതികരിച്ചു. വളരെ നിരാശാജനകമായ വിധിയാണിതെന്ന് ധന്യ മീഡിയ വണ്ണിൽ പറഞ്ഞു. മഞ്ജു വാര്യരും ഗീതു മോഹൻദാസും ഒഴികെ ബാക്കി ആരും കോടതിയിൽ മോട്ടീവിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. മുമ്പ് പറഞ്ഞതിൽ നിന്നും വിപരീതമാണ് കോടതിയിൽ പറഞ്ഞത്. അതിൽ പെടുന്നവരാണ് സിദ്ദിഖ്, ഭാമ, ഇടവേള ബാബു തുടങ്ങിയവർ. നടനും സിപിഐഎം എംഎൽഎയുമായ മുകേഷിന്റെ ഡ്രെെവറായി പൾസർ സുനി വർക്ക് ചെയ്തിട്ടുണ്ട്.
അത് സത്യമാണെന്ന് പറഞ്ഞു. പക്ഷെ രണ്ട് മൂന്ന് സിനിമാ സെറ്റുകളിൽ മുകേഷിന്റെ കൂടെ ദിലീപ് ഉണ്ടായിരുന്ന സമയത്ത് സുനി അവിടെ ഉണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം ഓർമയില്ല എന്നാണ് പറഞ്ഞത്. മോട്ടീവ് കണ്ടുപിടിക്കുന്ന കാര്യത്തിൽ അതിജീവിത, മഞ്ജു വാര്യർ, ഗീതു മോഹൻദാസ് എന്നിവർ മാത്രമാണ് കോടതിയിൽ സംസാരിച്ചതെന്നും ധന്യ രാജേന്ദ്രൻ പറഞ്ഞു.
വിധിയിൽ ദിലീപിന്റെ പ്രതികരണം
സത്യം ജയിച്ചു. ഈ കേസിൽ ക്രിമിനൽ ഗൂഡാലോചന ഉണ്ട് എന്ന് മഞ്ജു പറഞ്ഞിടത്ത് നിന്നാണ് ഗൂഡാലോചന കേസ് ആരംഭിച്ചത്. അന്നത്തെ ഉയർന്ന മേലുദ്യോഗസ്ഥനും അവർ തെരഞ്ഞെടുത്ത ക്രിമിനൽ പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് ഇങ്ങനെയൊരു നടപടിയുണ്ടാക്കിയത്. മുഖ്യപ്രതിയെ കൂട്ടുപിടിച്ച് കള്ളക്കഥ മെനഞ്ഞു. മാധ്യമങ്ങളെ കൂട്ട് പിടിച്ച് അത് പ്രചരിപ്പിച്ചു. ഈ കേസിൽ യഥാർത്ഥ ഗൂഡാലോചന എന്നെ പ്രതിയാക്കാനാണ്. സമൂഹത്തിൽ എന്റെ കരിയറും ഇമേജും ജീവിതവും നശിപ്പിക്കാൻ വേണ്ടി ചെയ്തതാണ്. നിങ്ങൾ 9 വർഷം പറഞ്ഞതല്ലേ, ഇനിയെങ്കിലും ഞാൻ പറഞ്ഞോട്ടെ. എന്റെ കൂടെ നിന്നവരോടെല്ലാം നന്ദി പറയുന്നു. എനിക്ക് വേണ്ടി ആത്മാർത്ഥമായി ഡിഫൻസ് ചെയ്ത അഭിഭാഷകരോടുള്ള ആത്മാർത്ഥമായ നന്ദി പറയുന്നു എന്നാണ് ദിലീപ് പറഞ്ഞത്.


Click it and Unblock the Notifications