സിനിമ എന്നുമുണ്ടാവില്ല എന്ന് അറിയാമായിരുന്നു, അപ്രത്യക്ഷമായതിനെ കുറിച്ച് ഭാമ വെളിപ്പെടുത്തുന്നു
മലയാള സിനിമയില്‍ ഒരു നായിക കൂടെ കുടുംബ ജീവിതത്തിലേക്ക് കടക്കുകയാണ്. നിവേദ്യത്തിലൂടെ ലോഹിതദാസ് മലയാളത്തിന് നല്‍കിയ ഭാമ. മലയാളത്തിന് പുറമെ തമിഴിലും കന്നടയിലും മികച്ച വിജയം നേടിയ ഭാമ പക്ഷെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇതിന്റെ കാരണം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാമ വ്യക്തമാക്കി.
റിയാലിറ്റിയും ഫാന്റസിയും പോലെയാണ് സിനിമയിലുള്ളവരുടെ ജീവിതവും സിനിമയും. സിനിമകളുടെ കുത്തൊഴുക്കില്‍ ദിവസങ്ങള്‍ പോകുന്നതറിയില്ല. കുറേ കഴിയുമ്പോള്‍ കരിയര്‍ ബ്ലോക്കാവും. അപ്പോഴാണ് പലതും തിരിച്ചറിയുന്നത്. സിനിമ എന്നും ഉണ്ടാവില്ല എന്ന് തുടക്കത്തിലേ അറിയാമായിരുന്നു. പുതിയ സംഘം വരുമ്പോള്‍ അതുവരെയുള്ളവര്‍ അപ്രസക്തമാവും.

സിനിമയില്‍ നിന്ന് പെട്ടന്ന് ജംപ് ചെയ്ത് കുടുംബജീവിതത്തിലേക്ക് മാറുന്നത് ബുദ്ധിമുട്ടാണെന്ന് അറിയാമായിരുന്നു. അതുകൊണ്ട് വിവാഹത്തിന് മുന്‍പ് സിനിമയില്‍ നിന്ന് കുറച്ചുനാള്‍ മാറി നില്‍ക്കണം എന്ന് ആഗ്രഹിച്ചു. മറുപടി എന്ന ചിത്രത്തിന് ശേഷം മൂന്ന് വര്‍ഷമായി ഞാന്‍ സിനിമയിലില്ല. അതുകൊണ്ട് ഇപ്പോഴത്തെ മാറ്റം എളുപ്പമായി.
ഞാന്‍ അഭിനയിച്ചതില്‍ എത്ര സിനിമകള്‍ ഹിറ്റായി എന്നെനിക്കറിയില്ല, പക്ഷെ ചെയ്ത സിനിമകളെല്ലാം ഇഷ്ടത്തോടെ ചെയ്തതാണ്. വിവാഹ ശേഷം സിനിമയിലുണ്ടാവുമോ എന്ന് ചോദിച്ചാല്‍ അവസ്ഥ എന്താണെന്ന് നമുക്ക് അറിയാലോ. ആഗ്രഹിച്ചാലും മുന്‍പ് ചെയ്തപോലുള്ള നല്ല റോളുകള്‍ വരുമോ എന്നറിയില്ല. വന്നാല്‍ തീര്‍ച്ചയായും ചെയ്യണമെന്നാണ് അരുണിന്റെ അഭിപ്രായം- ഭാമ പറഞ്ഞു


Click it and Unblock the Notifications











