വീട്ടുജോലിക്കാരിയെ പോലെ, തുല്യ വരുമാനവും വേണം, എന്തെല്ലാം ചെയ്യണം; ഭാര്യമാർ നേരിടുന്ന പ്രശ്നം പങ്കുവെച്ച് ഭാമ
നിവേദ്യം എന്ന സിനിമയിലൂടെ പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ഭാമ ഇന്ന് ജീവിതത്തിൽ പുതിയൊരു ഘട്ടത്തിലാണ്. സിനിമാ രംഗത്ത് ഭാമയെ ഇന്ന് സജീവമായി കാണാറില്ല. മകളുടെ കാര്യങ്ങളും സോഷ്യൽ മീഡിയയുമാെക്കെയായി തിരക്കിലാണ് ഭാമ. സിനിമാ രംഗം വിട്ടിട്ടില്ലെങ്കിലും പഴയത് പോലെ ശ്രദ്ധേയ സിനിമകളിൽ ഭാമയെ ഇന്ന് കാണാറില്ലെന്ന നിരാശ ആരാധകർക്കുണ്ട്. ഇക്കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ ഭാമയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്.
സിംഗിൾ മദറാണ് ഭാമ. ഭർത്താവുമായി നടി അകന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതാണ്. അരുൺ എന്നാണ് ഭാമയുടെ മുൻ ഭർത്താവിന്റെ പേര്. 2020 ലായിരുന്നു വിവാഹം. എന്നാൽ അധികകാലം ഈ ബന്ധം നീണ്ട് നിന്നില്ല. ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയതോടെയാണ് അഭ്യൂഹങ്ങൾ വന്നത്. അടുത്തിടെ താൻ സിംഗിൾ മദറാണെന്ന് ഭാമ വ്യക്തമാക്കുകയും ചെയ്തു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വിവാഹമോചനത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെച്ചിരിക്കുകയാണ് ഭാമ.

വൈറലായ ഒരു റീലാണ് ഭാമ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത്. 'ഒരുപാട് പുരുഷൻമാർ വിവാഹം ചെയ്യുന്നത് അവർക്ക് ഒരു ജോലിക്കാരിയെയും പാചകക്കാരിയെയും വീട് വൃത്തിയാക്കുന്നയാളെയും വേണ്ടത് കൊണ്ടാണ്. അതാണ് പങ്കാളിയിൽ നിന്ന് ആഗ്രഹിക്കുന്നതെങ്കിൽ കുഴപ്പമില്ല. പക്ഷെ നിങ്ങളുടെ അതേ വരുമാനം ഭാര്യമാരും കൊണ്ട് വരണമെന്ന് പ്രതീക്ഷിക്കരുത്'
'ആ റോളും ഭാര്യമാർക്ക് എടുക്കേണ്ടി വരുന്നു. ഒപ്പം കുട്ടികൾക്കും ജന്മം നൽകുന്നു. എത്രയൊക്കെയാണ് ഒരു വ്യക്തിയിൽ നിന്നും ഇവർക്ക് വേണ്ടത്. ഒരു ഘട്ടത്തിൽ സ്ത്രീകൾ ക്ഷീണിക്കുന്നു. ഇതിൽ കൂടുതലൊന്നും ചെയ്യാൻ അവർക്ക് പറ്റുന്നില്ല. അപ്പോൾ ഭർത്താക്കൻമാർ പറയുന്നത് അവളൊരുപാട് മാറി എന്നാണ്,' ഭാമ പങ്കുവെച്ച റീലിൽ പറയുന്നു. അതേസമയം വൈറൽ വീഡിയോ പങ്കുവെച്ചെങ്കിലും തന്റെ വിവാഹ മോചനത്തിന് കാരണം ഈ പറഞ്ഞ കാര്യങ്ങളാണെന്ന് ഭാമ പറയുന്നില്ല.

ജീവിതത്തിലെ പുതിയ ഘട്ടത്തിലെ കടമ്പകളെയെല്ലാം അതിജീവിച്ച് മുന്നോട്ട് പോകുകയാണ് ഭാമ. മുമ്പൊരിക്കൽ വിവാഹമെന്ന സങ്കൽപ്പത്തെക്കുറിച്ച് ഭാമ പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു. ഒരു സ്ത്രീയും ധനം നൽകി വിവാഹം ചെയ്യരുത്. അവർ എങ്ങനെയാണ് നമ്മളെ പരിഗണിക്കുക എന്ന് പോലും അറിയില്ല. ഭാമ പറഞ്ഞു. സ്ത്രീകൾ വിവാഹമേ കഴിക്കരുതെന്നാണ് ഭാമ പറഞ്ഞതെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
അരുണുമായി ഭാമ അകന്നതിന് കാരണമെന്തെന്ന് വ്യക്തമല്ല. നടി ഇതുവരെയും ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടില്ല. ഇവർ നിയമപരമായി പിരിഞ്ഞോയെന്നും വ്യക്തമല്ല. കോട്ടയത്ത് വെച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഭാമയുടെ സഹോദരിയുടെ ഭർത്താവിന്റെ സുഹൃത്തായിരുന്നു അരുൺ. ഈ പരിചയമാണ് വിവാഹം വരെ എത്തിയത്. ദുബായിൽ ബിസിനസുകാരനാണ് അരുൺ. വിവാഹ ശേഷം ഭാമ കുറച്ച് നാൾ സിനിമകളിൽ നിന്ന് മാറി നിന്നിരുന്നു. മലയാളത്തിന് പുറമെ കന്നഡ സിനിമാ മേഖലയിലും ഭാമ പ്രശ്സതയാണ്.


Click it and Unblock the Notifications











